മലയാളത്തിലെ മുൻനിര താരങ്ങള്‍ എല്ലാവരും ഒന്നിച്ച് അണിനിരന്ന സൂപ്പർഹിറ്റ് ചിത്രമാണ് ട്വന്റി ട്വന്റി. ജോഷിയുടെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മോഹൻലാല്‍, മമ്മൂട്ടി,സുരേഷ്‌ഗോപി, ജയറാം എന്നിവർ എത്തിയിരുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ സൂപ്പർ താരങ്ങള്‍ എല്ലാം ഒന്നിച്ച് നടന്നു വരുന്ന സീനില്‍ ജയറാം ഉണ്ടായിരുന്നില്ല. ചിത്രം തീയറ്ററുകളില്‍ പ്രദർശിപ്പിച്ച സമയത്തുതന്നെ ഇത് വലിയ ചർച്ചയായതാണ്. അതിന്റെ കാരണം ജയറാം തന്നെ ഒരിക്കല്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി.
താൻ ശബരി മലയില്‍ ദർശനത്തിനു പോകാൻ നിശ്ചയിച്ചിരുന്ന ദിവസമാണ് ആ സീൻ ചിത്രീകരിച്ചതെന്നും സംവിധായകൻ ജോഷിയോട് ഇതേപ്പറ്റി പറഞ്ഞപ്പോള്‍ ഏതാണ് മുഖ്യം എന്നത് ആലോചിച്ച് തീരുമാനിക്കാൻ അദ്ദേഹം പറഞ്ഞുവെന്നും തുടർന്ന് താൻ ശബരിമലയില്‍ ദർശനത്തിനു പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഒരു ഓണ്‍ലൈൻ മലയാളം ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
എന്നാല്‍, ഇപ്പോള്‍ വൈറല്‍ ആവുന്നത് ഇതേ ചോദ്യത്തിന് അദ്ദേഹം ഒരു തമിഴ് ചാനലിന് നല്‍കിയ മറുപടിയാണ്. ശബരിമലയില്‍ ദർശനത്തിനു പോയതിനാലാണ് ആ രംഗത്തില്‍ ഉള്‍പെടാത്തത് എന്നതിന് പകരം തനിക്ക് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കേണ്ടിയിരുന്നതിനാലാണ് താൻ ആ രംഗത്തില്‍ അഭിനയിക്കാതിരുന്നതെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. ഓരോ ഭാഷയില്‍ ഓരോ രീതിയില്‍ മറുപടി നല്‍കിയതിനെ കുറിച്ചുള്ള ചർച്ചകളും ട്രോളുകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ഒരു അഭിമുഖത്തില്‍ ഓണം ആഘോഷിക്കാൻ പോയതിനാല്‍ ആ രംഗത്തില്‍ അഭിനയിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞതായും ചില ആരാധകർ സോഷ്യല്‍ മീഡിയയില്‍ കമ്മന്റ് ചെയ്യുന്നു. തമിഴ് ജനതയെ കയ്യില്‍ എടുക്കാനാണ് ശബരിമല ദർശനം മാറ്റി ദീപാവലി ആക്കിയതെന്നും ആരാധകരില്‍ ചിലർ പറയുന്നു. ഇന്റർവ്യൂ പുറത്ത് വന്നതോടുകൂടി താരം വീണ്ടും എയറില്‍ കയറിയിരിക്കുകയാണ്.
പരിമള & കോ എന്ന തമിഴ് ചിത്രമാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ജൂണ്‍ 5 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയറാം, ഉർവശി, യോഗി ബാബു, മിസ്കിൻ, സാൻഡിമാസ്റ്റർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ടിരാജാണ്. ജി. പ്രജിത് സംവിധാനം ചെയ്ത ആശകള്‍ ആയിരം എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ ഇറങ്ങിയ മലയാള ചിത്രം.

