Dailyhunt
അവര്‍ അമ്മയെ 'കുടുംബം തകര്‍ത്തവള്‍' എന്നു വിളിച്ചു, ലോകം അമ്മയോട് ദയ കാണിച്ചില്ല: ജാൻവി കപൂര്‍

അവര്‍ അമ്മയെ 'കുടുംബം തകര്‍ത്തവള്‍' എന്നു വിളിച്ചു, ലോകം അമ്മയോട് ദയ കാണിച്ചില്ല: ജാൻവി കപൂര്‍

തിശയിപ്പിക്കുന്ന അഭിനയമികവ് കൊണ്ട് ഇന്ത്യൻ സിനിമാലോകം കീഴടക്കിയ ശ്രീദേവിയുടെ വിയോഗം ഇന്നും മകള്‍ ജാൻവി കപൂറിന് ഒരു തീരാനോവാണ്.

2018-ല്‍ ശ്രീദേവി വിടപറയുമ്പോള്‍ ജാൻവിക്ക് വെറും 20 വയസ്സായിരുന്നു പ്രായം. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ആ അപ്രതീക്ഷിത വിയോഗം. വർഷങ്ങള്‍ കഴിഞ്ഞെങ്കിലും ആ ആഘാതത്തില്‍ നിന്ന് താൻ ഇന്നും മുക്തയായിട്ടില്ലെന്ന് ജാൻവി പറയുന്നു.

തന്റെ അമ്മയെക്കുറിച്ച്‌ ലോകം പറഞ്ഞിരുന്ന ക്രൂരമായ കാര്യങ്ങളെക്കുറിച്ചും, അമ്മയുടെ മരണശേഷം താൻ അനുഭവിച്ച മാനസികാഘാതത്തെക്കുറിച്ചും ജാൻവി രാജ് ഷമാനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നു.

"എന്റെ ഉള്ളിലെ സംഘർഷങ്ങളില്‍ നിന്നും, ഇതുവരെ കൈകാര്യം ചെയ്യാത്ത ആഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം അമ്മയെ നഷ്ടപ്പെട്ടതായിരുന്നു. പ്രത്യേകിച്ച്‌ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു സാഹചര്യത്തില്‍ അത് നേരിടേണ്ടി വന്നത് വലിയ പ്രയാസമായിരുന്നു."

അമ്മയുടെ മരണശേഷം പെട്ടെന്നൊരു ദിവസം മുതിർന്ന ഒരാളായി മാറേണ്ടി വന്നതിനെക്കുറിച്ചും ജാൻവി ഓർത്തെടുത്തു. "ഞാൻ അമ്മയെ അമിതമായി ആശ്രയിച്ചിരുന്ന ഒരു മകളായിരുന്നു. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാറില്ലായിരുന്നു. എന്ത് ധരിക്കണം, എന്ത് ചിന്തിക്കണം, ഏതാണ് ശരിയും തെറ്റും എന്നതിനെല്ലാം ഞാൻ അമ്മയെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നൊരു ദിവസം ലോകം മുഴുവൻ നമ്മുടെ കുടുംബത്തെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, അവയെയെല്ലാം നേരിട്ട് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു."

"ആ സമയത്ത് ഞാൻ ചില തെറ്റായ തീരുമാനങ്ങള്‍ എടുത്തു. എന്റെ അടുത്തുണ്ടാകാൻ പാടില്ലാത്ത ചിലരെ ജീവിതത്തിലേക്ക് സ്വീകരിക്കുകയും അവർ എന്നെ ചൂഷണം ചെയ്യുകയും ചെയ്തു. എന്നെ ഒരു സുരക്ഷിതമായ ഇടത്തല്ലായിരുന്നു ഞാൻ നിർത്തിയിരുന്നത്. എന്റെ മാനസികവും ശാരീരികവുമായ സുരക്ഷ ഞാൻ നിരന്തരം പണയപ്പെടുത്തി." ജാൻവി കൂട്ടിച്ചേർത്തു.

അമ്മയെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവെക്കവെ ജാൻവി വികാരാധീനയായി. "അമ്മയെ നഷ്ടപ്പെട്ട വേദനയില്‍ നിന്ന് എനിക്ക് ഇന്നും കരകയറാൻ സാധിച്ചിട്ടില്ല. അവരെപ്പോലെ മറ്റാരുമില്ല. അമ്മയുടെ തമാശകളും, അമ്മയുടെ കൂടെയുള്ളപ്പോള്‍ ഞാനും സഹോദരിയും അച്ഛനും എങ്ങനെയായിരുന്നു എന്നതും ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. അന്ന് എനിക്ക് ഒരു രക്ഷിതാവിനെ മാത്രമല്ല നഷ്ടപ്പെട്ടത്, അമ്മ ഉള്ളപ്പോള്‍ ഉണ്ടായിരുന്ന അച്ഛന്റെ ആ പതിപ്പിനെയും കൂടിയാണ് എനിക്ക് നഷ്ടമായത്."

അമ്മയോട് ഇന്ന് എന്തെങ്കിലും പറയാൻ അവസരം ലഭിച്ചാല്‍ എന്ത് പറയും എന്ന ചോദ്യത്തിന് ജാൻവി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: "ഇപ്പോള്‍ എനിക്ക് അമ്മയെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മുമ്പ് അമ്മയെ മനസ്സിലാക്കാൻ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ട്. പ്രൊഫഷണലായും സാമ്പത്തികമായും അമ്മ കാര്യങ്ങളെ കണ്ടിരുന്ന രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഒരു കുട്ടിയായിരുന്നപ്പോള്‍ ഞാൻ കണ്ടിരുന്നത്. നാലാം വയസ്സുമുതല്‍ അഭിനയിച്ചു തുടങ്ങിയ ആളാണ് അമ്മ, പക്ഷേ തന്റെ കഷ്ടപ്പാടുകള്‍ ഒന്നും അമ്മ ഞങ്ങളോട് പങ്കുവെച്ചിട്ടില്ല. സന്തോഷമുള്ള കഥകള്‍ മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ."

അമ്മ ജീവിച്ചിരുന്നപ്പോള്‍ നേരിട്ട ക്രൂരമായ സൈബർ ആക്രമണങ്ങളെക്കുറിച്ചും ജാൻവി സംസാരിച്ചു. "അമ്മ ജീവിച്ചിരുന്നപ്പോള്‍ ആളുകള്‍ അത്ര ദയയുള്ളവരായിരുന്നില്ല. 'ഹോംറെക്കർ' (കുടുംബം തകർക്കുന്നവള്‍) എന്നും മറ്റും വിളിച്ചു. അത് അമ്മയെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു. പക്ഷേ മരിച്ചുപോയവരോട് ചരിത്രം എപ്പോഴും ദയ കാണിക്കാറുണ്ട്. ഇപ്പോള്‍ ആളുകള്‍ അമ്മയെ സ്നേഹത്തോടെ ഓർക്കുന്നു."

ബോണി കപൂർ തന്റെ ആദ്യ ഭാര്യയായ മോണ കപൂറുമായുള്ള വിവാഹബന്ധം വേർപെടുത്തിയാണ് ശ്രീദേവിയെ വിവാഹം കഴിച്ചത്. ഇതിന്റെ പേരിലായിരുന്നു അന്ന് ശ്രീദേവിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഉയർന്നത്. ബോണി കപൂറിന് ആദ്യ വിവാഹത്തില്‍ അർജുൻ കപൂർ, അൻഷുല കപൂർ എന്നീ മക്കളും ശ്രീദേവിയുമായുള്ള ബന്ധത്തില്‍ ജാൻവി കപൂർ, ഖുഷി കപൂർ എന്നീ മക്കളുമാണുള്ളത്.

അവിടെ പൂച്ച, ഇവിടെ മുയല്‍; സൂപ്പർസ്റ്റാറുകളുടെ 'പൂക്കി' സ്റ്റൈല്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam