Dailyhunt
ഭക്ഷണം കുറയ്ക്കലും നടത്തവും കൊണ്ട് വണ്ണം കുറയുമോ? വേണ്ടത് എന്തെന്ന് വെളിപ്പെടുത്തി ഡോക്ടര്‍

ഭക്ഷണം കുറയ്ക്കലും നടത്തവും കൊണ്ട് വണ്ണം കുറയുമോ? വേണ്ടത് എന്തെന്ന് വെളിപ്പെടുത്തി ഡോക്ടര്‍

രീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ എന്തൊക്കെയായിരിക്കും? ഒന്ന്, ദിവസവും കുറച്ചു ദൂരം നടക്കുക.

രണ്ട്, ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. എന്നാല്‍ ഇത് രണ്ടും കൃത്യമായി ചെയ്തിട്ടും പലർക്കും വിചാരിച്ച ഫലം ലഭിക്കാറില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്? വെറും നടത്തവും ഭക്ഷണനിയന്ത്രണവും കൊണ്ടു മാത്രം ഒരാള്‍ക്ക് ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ സാധിക്കുമോ?.

അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണല്‍ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ.കുനാല്‍ സൂദ്, കൊഴുപ്പ് കുറയ്ക്കുന്നതിന്റെ ലളിതമായ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച്‌, അതായത് ശാശ്വതമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാൻ യഥാർത്ഥത്തില്‍ എന്താണ് സഹായിക്കുന്നത് എന്നതിനെക്കുറിച്ച്‌ വിശദീകരിച്ചിട്ടുണ്ട്.

നടത്തം മാത്രം മതിയോ?

വ്യായാമം എന്ന നിലയില്‍ നടത്തം വളരെ നല്ലതാണ്. എന്നാല്‍ നടത്തം കൊണ്ടു മാത്രം ശരീരത്തിലെ കൊഴുപ്പ് വലിയ തോതില്‍ എരിച്ചു കളയാൻ സാധിക്കില്ല. നടത്തം ഹൃദയാരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും മികച്ചതാണെങ്കിലും, പേശികളുടെ ബലം വർധിപ്പിക്കാനോ മെറ്റബോളിസം വേഗത്തിലാക്കാനോ ഇത് പൂർണമായും സഹായിക്കില്ല. കാലറി എരിച്ചുകളയുന്നതിനൊപ്പം ശരീരത്തിലെ പേശികളെ സംരക്ഷിക്കുകയും വേണം. ഇതിനായി സ്ട്രെങ്ത് ട്രെയിനിങ് പോലുള്ള വ്യായാമങ്ങള്‍ കൂടി ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതുണ്ട്.

മിതഭക്ഷണമല്ല, ശരിയായ ഭക്ഷണമാണ് പ്രധാനം

പലരും ചെയ്യുന്ന മറ്റൊരു തെറ്റാണ് പട്ടിണി കിടക്കുക അല്ലെങ്കില്‍ അമിതമായി ഭക്ഷണം കുറയ്ക്കുക എന്നത്. ഭക്ഷണം കുറയ്ക്കുമ്പോള്‍ ശരീരം കരുതിവെച്ചിരിക്കുന്ന ഊർജം ലാഭിക്കാൻ ശ്രമിക്കുകയും അതുവഴി മെറ്റബോളിസം കുറയുകയും ചെയ്യും. ഇത് വണ്ണം കുറയുന്ന പ്രക്രിയയെ സാവധാനത്തിലാക്കുന്നു.

യഥാർത്ഥത്തില്‍ വേണ്ടത് കാലറി കുറഞ്ഞ, എന്നാല്‍ പോഷകസമൃദ്ധമായ ഭക്ഷണമാണ്. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയർ നിറഞ്ഞതായി തോന്നിക്കാനും അനാവശ്യ വിശപ്പ് ഒഴിവാക്കാനും സഹായിക്കും. പ്രോട്ടീൻ പേശികളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. പേശികള്‍ കൂടുന്തോറും വിശ്രമവേളയില്‍ പോലും ശരീരം കൂടുതല്‍ കാലറി എരിച്ചു കളയും.

കൊഴുപ്പ് കുറയാൻ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍

വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്ഥിരമായി മികച്ച ഫലം ലഭിക്കുന്നവർ ഈ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ശരീരത്തെ ആക്ടീവ് ആയി നിലനിർത്താൻ ദിവസവുമുള്ള നടത്തം സഹായിക്കുന്നു. ഭക്ഷണത്തില്‍ പ്രോട്ടീനും നാരുകളും ധാരാളമായി ഉള്‍പ്പെടുത്തുക. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. ജങ്ക് ഫുഡുകള്‍, മധുരപലഹാരങ്ങള്‍ എന്നിവയിലൂടെ എത്തുന്ന അധിക കാലറികള്‍ ബോധപൂർവ്വം ഒഴിവാക്കുക.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam