Top 10 countries most affected by terrorism in 2025-26: ലോകമെമ്പാടുമുള്ള ഭീകരവാദ പ്രവർത്തനങ്ങളില്‍ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തിയ വർഷമായി 2025 മാറിയെന്ന് പുതിയ റിപ്പോർട്ട്.
ഭീകരാക്രമണങ്ങളും മരണങ്ങളും പരിക്കുകളും ലോകമെമ്പാടും കുത്തനെ ഇടിഞ്ഞതായി ആഗോള ഭീകരവാദ സൂചികയില്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കഴിഞ്ഞവർഷം 28 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024 ല്‍ 7,714 മരണങ്ങള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത്, കഴിഞ്ഞ വർഷം മരണങ്ങള്‍ 5,582 ആയി കുറഞ്ഞു. സൂചികയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വാർഷിക പുരോഗതിയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഭീകരവാദ സാഹചര്യം വിലയിരുത്തിയ 81 രാജ്യങ്ങളില്‍ കാര്യമായ പുരോഗതി ദൃശ്യമായപ്പോള്‍, കേവലം 19 രാജ്യങ്ങളില്‍ മാത്രമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്.
ലോകത്തില്‍ ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷമുണ്ടായ പ്രാദേശിക സഖ്യങ്ങളുടെ തകർച്ചയാണ് പാക്കിസ്ഥാനിലെ അസ്ഥിരതയ്ക്ക് പ്രധാന കാരണം. തഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ഭീകരസംഘടനകള്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
അയല്‍രാജ്യങ്ങളുമായുള്ള പാക്കിസ്ഥാന്റെ നയതന്ത്രബന്ധം വഷളായതും പാക്കിസ്ഥാന് തിരിച്ചടിയായി. ആഗോളതലത്തില്‍ ഭീകരതയുടെ എല്ലാ കണക്കുകളും കുറഞ്ഞപ്പോള്‍, പാക്കിസ്ഥാനില്‍ ജാഫർ എക്സ്പ്രസ് ട്രെയിനില്‍ 442 പേരെ ഭീകരർ ബന്ദികളാക്കിയ സംഭവത്തെ തുടർന്ന് ബന്ദികളാക്കപ്പെട്ടവരുടെ എണ്ണത്തില്‍ വർധനയുണ്ടായി എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഭീകരവാദ ഭീഷണി ശക്തമായി നേരിടുന്നതില്‍ ഇന്ത്യ മികച്ച പുരോഗതി കൈവരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. റാങ്കിംഗില്‍ ഇന്ത്യ 13-ാം സ്ഥാനത്താണ്. ആഗോളതലത്തില്‍ ഭീകരവാദം മൂലം സംഭവിക്കുന്ന മരണങ്ങളില്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയും ബംഗ്ലാദേശും വൻ പുരോഗതിയാണ് കൈവരിച്ചതെന്ന് സൂചിക വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 43 ശതമാനം കുറവുണ്ടായപ്പോള്‍, ബംഗ്ലാദേശില്‍ 100 ശതമാനമായി കുറഞ്ഞു.
ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച 10 രാജ്യങ്ങള്‍:
(ഗ്ലോബല്‍ ടെററിസം ഇൻഡക്സ് 2026ന്റെ അടിസ്ഥാനത്തില്‍)
- പാക്കിസ്ഥാൻ (8.574)
- ബുർക്കിന ഫാസോ (8.324)
- നൈജർ (7.816)
- നൈജീരിയ (7.792)
- മാലി (7.586)
- സിറിയ (7.545)
- സൊമാലിയ (7.391)
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (7.171)
- കൊളംബിയ (7.116)
- ഇസ്രായേല്‍ (6.79)
ആഗോള ഭീകര സംഘടനകളുടെ സ്വാധീനം
ലോകത്തിലെ ഏറ്റവും മാരകമായ നാല് ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വല്‍ മുസ്ലിമീൻ, തഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി), അല്‍-ഷബാബ് എന്നിവയാണ് ആഗോളതലത്തിലെ ഭീകരവാദ മരണങ്ങളില്‍ 70 ശതമാനത്തിനും ഉത്തരവാദികള്‍. ഇതില്‍ ആദ്യത്തെ മൂന്ന് സംഘടനകള്‍ മൂലമുള്ള മരണനിരക്കില്‍ കുറവുണ്ടായപ്പോള്‍, പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടിടിപി കാരണം ഉണ്ടായ മരണങ്ങളില്‍ 14.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളില്‍ മൂന്നാം സ്ഥാനത്താണ് ടിടിപി.

