നാം കഴിക്കുന്ന ഭക്ഷണക്രമം രക്തസമ്മർദത്തിന്റെ അളവ് നിർണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം ഉപ്പും മദ്യവും പരിമിതപ്പെടുത്തുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.
ഉപ്പ്
ഉപ്പും ഉയർന്ന രക്തസമ്മർദവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ചില ആളുകള്‍ക്ക് ഉപ്പിനോട് ശരീരശാസ്ത്രപരമായി ഉയർന്ന സംവേദനക്ഷമതയുള്ളതിനാല്‍ അമിതമായ ഉപ്പുപയോഗം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍, ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്തസമ്മർദം എളുപ്പത്തില്‍ നിയന്ത്രിക്കാൻ സഹായിക്കും.
കഫീൻ
Source: Freepikചായ, കാപ്പി, സോഡ എന്നിവയിലടങ്ങിയിരിക്കുന്ന കഫീൻ താല്‍ക്കാലികമായി ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടാം. എന്നാല്‍, പതിവായി കാപ്പി കുടിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകുന്നില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പേപ്പർ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് തയാറാക്കുന്ന കാപ്പി രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും.
മദ്യം
മിതമായ അളവിലുള്ള മദ്യപാനം ഹൃദയാരോഗ്യത്തിന് സഹായകരമാണെന്ന് പറയാറുണ്ടെങ്കിലും, ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
ഫോളിക് ആസിഡ്
പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, പയറുവർഗങ്ങള്‍ എന്നിവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി ഘടകമാണ് ഫോലേറ്റ്. പ്രതിദിനം 800 മൈക്രോഗ്രാം ഫോളിക് ആസിഡ് ശരീരത്തിലെത്തുന്നത് രക്തധമനികളെ വികസിപ്പിക്കാനും രക്തസമ്മർദം തടയാനും സഹായിക്കുന്നു.
പൊട്ടാസ്യം
ഉരുളക്കിഴങ്ങ്, തൈര്, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തധമനികള്‍ക്ക് അയവ് നല്‍കി രക്തസമ്മർദം കുറയ്ക്കുന്നു. ദിവസവും 4,700 മില്ലിഗ്രാം പൊട്ടാസ്യം ശരീരത്തിന് ആവശ്യമാണ്. പൊട്ടാസ്യത്തിന്റെ കുറവ് രക്തസമ്മർദവും സ്ട്രോക്ക് സാധ്യതയും വർധിപ്പിക്കാം.
മഗ്നീഷ്യം
മുഴുവൻ ധാന്യങ്ങള്‍, തൈര്, പച്ചക്കറികള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം രക്തസമ്മർദം ക്രമീകരിക്കാൻ സഹായിക്കുന്നു. മഗ്നീഷ്യം സപ്ലിമെന്റുകളേക്കാള്‍ മഗ്നീഷ്യം അടങ്ങിയ സ്വാഭാവിക ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
വൈറ്റമിൻ ഡി
സൂര്യപ്രകാശത്തില്‍ നിന്നും കൊഴുപ്പുള്ള മീൻ, പാല്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന വൈറ്റമിൻ ഡി രക്തത്തിലെ കാല്‍സ്യത്തിന്റെ അളവും രക്തസമ്മർദവും ക്രമീകരിക്കുന്നു. ശരീരത്തില്‍ വൈറ്റമിൻ ഡിയുടെ കുറവുണ്ടാകുന്നത് ഉയർന്ന രക്തസമ്മർദത്തിലേക്കും ഹൃദ്രോഗങ്ങളിലേക്കും നയിക്കാം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

