ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി മോഹൻലാല്‍ ചിത്രങ്ങള്‍ അണിയറിയില്‍ ഒരുങ്ങുകയാണ്. 'തുടരും' എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനു ശേഷം മോഹൻലാല്‍- തരുണ്‍ മൂർത്തി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിലയ്ക്കലും പമ്പയിലുമായി തുടരുകയാണ്.
അതിനിടെ വരാനിരിക്കുന്ന ഏഴു ചിത്രങ്ങളുടെ വിവരങ്ങള്‍ മോഹൻലാല്‍ പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്.
വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്റണി ജോസഫ്, ജീത്തു ജോസഫ് തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പമാണ് മോഹൻലാലിന്റെ അടുത്ത ഏഴു സിനിമകള്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് താരം ആരാധകരെ അറിയിച്ചത്.
മോഹൻലാലിന് ആശംസ നേർന്ന് നിരവധി ആരാധകരാണ് പോസ്റ്റില്‍ കമന്റുമായെത്തുന്നത്. അതേസമയം, മോഹൻലാലിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്യുമെന്ന് പറഞ്ഞ ചിത്രം എവിടെയെന്നും ആരാധകർ കമന്റ് ബോക്സില്‍ ചോദിക്കുന്നുണ്ട്. മോഹൻലാല്‍- ചിദംബരം ചിത്രത്തിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും പ്രൊജക്‌ട് അടുത്ത ഘട്ടത്തിലേക്ക് കടന്നതായുമായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

