Dailyhunt
ഡല്‍ഹിയില്‍ ജഡ്ജിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

ഡല്‍ഹിയില്‍ ജഡ്ജിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

ല്‍ഹി: ഡല്‍ഹിയില്‍ ജഡ്ജിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ കർക്കർഡൂമ കോടതിയില്‍ സേവനമനുഷ്ഠിച്ചിരുന്ന 30 വയസ്സുകാരനായ ജഡ്ജിയെ ആണ് ശനിയാഴ്ച വൈകുന്നേരം ഗ്രീൻ പാർക്കിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗ്രീൻ പാർക്കിലെ താമസക്കാരനായ അമൻ കുമാർ ശർമ്മയെയാണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കർക്കർഡൂമ കോടതിയിലെ ഡിഎല്‍എസ്‌എ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അമൻ കുമാർ.

ബന്ധുവായ ശിവമാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. അമൻ കുമാറിന്റെ ഭാര്യയും ജഡ്ജിയാണ്.

2021 ജൂണ്‍ 19 നാണ് അമൻ കുമാർ ശർമ്മ ഡല്‍ഹി ജുഡീഷ്യല്‍ സർവീസില്‍ ചേരുന്നത്. 2018 ല്‍ പൂനെയിലെ സിംബയോസിസ് ലോ സ്കൂളില്‍ നിന്ന് ബിഎ എല്‍എല്‍ബി പൂർത്തിയാക്കിയ അദ്ദേഹം ജെഎംഎഫ്‌സി, സിവില്‍ ജഡ്ജി എന്നീ പദവികളില്‍ പ്രവർത്തിക്കുമ്പോള്‍ നിരവധി ക്രിമിനല്‍, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam