ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൗമാരക്കാരിയെ പീഡനത്തിനിരയാക്കിയതായി റിപ്പോർട്ട്. ഗ്രേറ്റർ നോയിഡയില്‍ നിന്ന് ഡല്‍ഹിയിലെ കശ്മീരി ഗേറ്റിലേക്ക് 47 കിലോമീറ്ററോളം സഞ്ചരിച്ച സ്ലീപ്പർ ബസിലാണ് സംഭവം നടന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
യാത്രയ്ക്കിടയില്‍ ഒരൊറ്റ പോലീസ് പിക്കറ്റില്‍ പോലും ബസ് പരിശോധിച്ചില്ല. ഓഗസ്റ്റ് 4-നാണ് സംഭവം നടന്നത്.
സാങ്കേതിക തകരാറിനെ തുടർന്ന് ബസ് ഡ്രൈവർ കുല്‍ദീപും കണ്ടക്ടർ സന്ദീപും ചേർന്ന് ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂരിലുള്ള വർക്ക്‌ഷോപ്പിലേക്ക് വണ്ടി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതായിരുന്നു. അറ്റകുറ്റപ്പണികള്‍ പൂർത്തിയായ ശേഷം നോർത്ത് ഡല്‍ഹിയിലെ തിമാർപൂരിലുള്ള പാർക്കിംഗ് കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇവർ പെണ്‍കുട്ടിയെ കാണുന്നത്.
പാരി ചൗക്കില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ബസിന് കൈകാട്ടി. ഇരുവരും ചേർന്ന് പെണ്‍കുട്ടിയെ ബസില്‍ കയറാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബസിനുള്ളില്‍ വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായി. തുടർന്ന് പ്രതികള്‍ കുട്ടിയെ കശ്മീരി ഗേറ്റില്‍ ഇറക്കിവിട്ട ശേഷം വാഹനം തിമാർപൂർ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പുറത്തുനിന്ന് നോക്കിയാല്‍ ഉള്ളില്‍ നടക്കുന്നത് കാണാൻ കഴിയാത്ത വിധം കട്ടിയുള്ള കർട്ടനുകള്‍ ബസില്‍ ഉണ്ടായിരുന്നു. ഗതാഗത നിയമങ്ങളും കോടതി ഉത്തരവുകളും അനുസരിച്ച് വാണിജ്യ പാസഞ്ചർ വാഹനങ്ങളില്‍ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള കർട്ടനുകളോ മറ്റോ ഉപയോഗിക്കാൻ പാടില്ല.
ഇത്തരം വാഹനങ്ങളില്‍ ജി.പി.എസ്/വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനങ്ങളും അടിയന്തര പാനിക് ബട്ടണുകളും സജ്ജീകരിക്കണമെന്നാണ് നിയമം. എന്നാല്‍, ഈ ബസില്‍ നിയമപ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങള്‍ പ്രവർത്തിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.
നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലൂടെയും റിംഗ് റോഡിലൂടെയും സഞ്ചരിച്ച ബസ്, ചില്ലാ ബോർഡർ, മയൂർ വിഹാർ, ഗീത കോളനി തുടങ്ങി നിരവധി പ്രധാന അതിർത്തി മേഖലകളിലൂടെ ഒരു തടസവുമില്ലാതെ കടന്നുപോയി എന്നതാണ് ഞെട്ടിക്കുന്ന കാര്യം. യാത്രയിലുടനീളം ഒരു സ്ഥലത്തും പോലീസ് പരിശോധനയുണ്ടായില്ല. എക്സ്പ്രസ് വേയിലും റിംഗ് റോഡിലും ബാരിക്കേഡുകള്‍ വെച്ച് പരിശോധന നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് പോലീസിന്റെ വിശദീകരണം.
ബസ്സില്‍ നിന്ന് മുടി, മറ്റ് ജൈവ സാമ്പിളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫോറൻസിക് തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധനയ്ക്കായി ഇത് ഇരയുടെ രക്തസാമ്പിളുമായി ഒത്തുനോക്കും. പ്രതികളെ രണ്ട് പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പോലീസിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി. ഇതിന് ശേഷം ബന്ധുക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സുരക്ഷിതമായി കൈമാറി.
2012 ഡിസംബറിലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസിന് ശേഷം പൊതു-സ്വകാര്യ പാസഞ്ചർ ബസുകളില്‍ ഏർപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഈ സംഭവം വീണ്ടും ചോദ്യങ്ങള്‍ ഉയർത്തിയിട്ടുണ്ട്.

