Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടെസ്റ്റിലേക്ക് വൈഭവിനെ വേഗത്തില്‍ തള്ളിവിടരുത്; കാരണങ്ങള്‍ ചൂണ്ടി സച്ചിൻ ടെണ്ടുല്‍ക്കര്‍

ടെസ്റ്റിലേക്ക് വൈഭവിനെ വേഗത്തില്‍ തള്ളിവിടരുത്; കാരണങ്ങള്‍ ചൂണ്ടി സച്ചിൻ ടെണ്ടുല്‍ക്കര്‍

Vaibhav Suryavanshi IPL 2026: രാജസ്ഥാൻ റോയല്‍സിന്റെ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവൻഷി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാൻ മറ്റ് പലരെയും പോലെ തനിക്കും ആഗ്രഹമുണ്ടെന്ന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുല്‍ക്കർ.

എന്നാല്‍ വൈഭവിനെ ഇതിലേക്ക് വേഗത്തില്‍ തള്ളിവിടരുതെന്ന് സച്ചിൻ മുന്നറിയിപ്പ് നല്‍കി.

2026ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ സീസണിലൂടെ ഒരു മികച്ച ഇന്നിംഗ്സിന്റെ മാനദണ്ഡങ്ങളെ തന്നെ സൂര്യവൻഷി തിരുത്തിയെഴുതിയിരിക്കുകയാണ്. 16 ഇന്നിംഗ്സുകളില്‍ നിന്ന് അവിശ്വസനീയമായ 237.30 എന്ന സ്ട്രൈക്ക് റേറ്റിലും 48.50 ശരാശരിയിലും ആണ് വൈഭവ് സീസണ്‍ അവസാനിപ്പിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അർദ്ധസെഞ്ചുറികളും ഉള്‍പ്പെടെ 776 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശുഭ്മൻ ഗില്ലോ സായ് സുദർശനോ മറികടന്നില്ലെങ്കില്‍ ഈ 15കാരൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കും. വൈഭവിനെ മറികടക്കാൻ ഇരുവരും അർദ്ധസെഞ്ചുറികള്‍ പിന്നിടേണ്ടതുണ്ട്. വൈഭവ് സൂര്യവൻഷി എപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചാലും വൈഭവിനുമേല്‍ യാതൊരുവിധ സമ്മർദ്ദവും ചെലുത്തരുതെന്ന് സച്ചിൻ പറഞ്ഞു, കാരണം അത് ഇതുവരെ വൈഭവിന്റെ വിജയത്തിന് കാരണമായ സ്വാഭാവിക ശൈലിക്ക് തടസ്സമായേക്കാം.

"വൈഭവിനോട് സ്വന്തം ശൈലിയില്‍ തന്നെ തുടരാൻ ഞാൻ പറയും," ക്രിക്‌ഇൻഫോ ഓണേഴ്സില്‍ സംസാരിക്കവെ ടെണ്ടുല്‍ക്കർ പറഞ്ഞു. "എന്തിനും ഒരു ആദ്യമുണ്ടല്ലോ. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രായത്തോടൊപ്പം വിവിധ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് അവൻ പഠിക്കും. പ്രശ്നങ്ങളെ പരിഹാരത്തോടെ സമീപിക്കുന്ന ഒരു മാനസികാവസ്ഥ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ കരിയറിന്റെ അവസാന ദിവസം വരെ നിങ്ങള്‍ നേരിടുന്ന അവസാന പന്ത് വരെ പ്രശ്നങ്ങള്‍ ഉണ്ടാകും. ബൗളർ ഓരോ പന്തിലും ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. അതിന് നിങ്ങള്‍ എന്ത് പരിഹാരമാണ് കണ്ടെത്തുന്നത്?" സച്ചിൻ പറഞ്ഞു.

"വൈഭവിന് നല്ല ആത്മവിശ്വാസം ഉണ്ട്. താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച്‌ കൃത്യമായ ഉറപ്പുള്ള താരമായാണ് വൈഭവിനെ നമുക്ക് കാണാനാവുന്നത്. അതിനാല്‍ അവന്റെ സ്വാഭാവിക ശൈലിയില്‍ മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല."

"അവൻ പന്തിനെ കാണുന്ന രീതിയും അതിനോട് പ്രതികരിക്കുന്ന രീതിയും ശ്രദ്ധേയമാണ്. പല കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് ആ സിഗ്നലുകള്‍ക്ക് ഇടയില്‍ നിങ്ങള്‍ ഒരുപാട് തടസ്സങ്ങള്‍ സൃഷ്ടിച്ചാല്‍, അവിടെയാണ് യഥാർഥ വെല്ലുവിളി തുടങ്ങുക. അവൻ കളിക്കുന്ന രീതിയില്‍ തന്നെ ബാറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാൻ നല്‍കും. കാലത്തിനൊപ്പം, കളിയുടെ മറ്റ് വെല്ലുവിളികളെ നേരിടാൻ അവൻ പഠിക്കും." സൂര്യവൻഷിയെ എപ്പോള്‍ ഇന്ത്യൻ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണം എന്നത് സെലക്ടർമാർക്ക് വിട്ടുകൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ടെണ്ടുല്‍ക്കർ പറഞ്ഞു.

ഈ കൗമാരക്കാരൻ ഇതുവരെ എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ലിസ്റ്റ് എ, ടി20 മത്സരങ്ങളില്‍ ഉണ്ടാക്കിയതുപോലെയുള്ള സ്വാധീനം ചെലുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 17.25 ശരാശരിയില്‍ ഒരു അർദ്ധസെഞ്ചുറി ഉള്‍പ്പെടെ 207 റണ്‍സ് മാത്രമാണ് അവൻ നേടിയത്.

"ഞാൻ മാത്രമല്ല, എല്ലാവരും അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടാകും. അത് എപ്പോഴാണ് സംഭവിക്കുക എന്ന് എനിക്കറിയില്ല. എന്നാല്‍ ആവേശമുണർത്തുന്ന ഒരു പ്രതിഭയ്ക്ക് പ്രോത്സാഹനം ആവശ്യമാണ്. അവൻ മികച്ച രീതിയിലാണ് കളിക്കുന്നതെങ്കില്‍, നമ്മള്‍ അവനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും എല്ലാറ്റിനുമുപരിയായി അവന്റെ കളി ആസ്വദിക്കുകയുമാണ് വേണ്ടത്. അല്ലാതെ അവൻ ഇത് കളിക്കണം, അല്ലെങ്കില്‍ ഇത് ചെയ്യരുത്, അല്ലെങ്കില്‍ ഏതെങ്കിലും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്നിങ്ങനെ നിരന്തരം സമ്മർദ്ദം ചെലുത്തരുത്. അതിന്റെ ഉത്തരവാദിത്തമുള്ള ആളുകള്‍ക്ക് (സെലക്ടർമാർക്ക്) അത് വിട്ടുകൊടുക്കുക," സച്ചിൻ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam