രാജ്യത്തെ നടുക്കിയ കേതൻ അഗർവാള്‍ കൊലക്കസില്‍ പുറത്തുവന്ന പുതിയ അന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്.
ഇന്നത്തെ യുവതലമുറയുടെ ഡേറ്റിംഗ് സംസ്കാരത്തെയും സോഷ്യല്‍ മീഡിയ ജീവിതരീതികളെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
അന്വേഷണത്തിനിടെ പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. അന്തരിച്ച കേതൻ അഗർവാളിന്റെ പ്രതിശ്രുത വധു സിയ ഗോയല്‍, കേതനുമായുള്ള വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ തന്നെ നാല് മാസം മുൻപ് ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഈ വാർത്ത പങ്കുവെച്ച ശേഷം ഇന്നത്തെ യുവതലമുറയുടെ ജീവിതരീതിയെ വിമർശിച്ച് കങ്കണ കുറിച്ചു.
"വാട്സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഡേറ്റിംഗ് ആപ്പുകള്‍, ബെഞ്ചിംഗ്, ഗോസ്റ്റിംഗ്, രണ്ടക്കവും മൂന്നക്കവുമുള്ള ബോഡി കൗണ്ടുകള്‍, ഡ്രഗ്സ്, ക്ലബ്ബുകള്‍... ഇതെല്ലാം ഉണ്ട് എന്നാല്‍ ജീവിതത്തിന് വ്യക്തമായ ലക്ഷ്യമില്ല. അത്തരത്തിലുള്ള വികാരങ്ങള്‍ ഒടുവില്‍ സ്വയംനാശത്തിലേക്കാണ് നയിക്കുന്നത്," എന്നാണ് കങ്കണയുടെ കുറിപ്പ്.
ജീവിതത്തില്‍ ഒരു കാര്യത്തോടുള്ള ശക്തമായ അഭിനിവേശം ആവശ്യമാണെന്നും അത് കരിയറിനോടോ സ്വന്തം കഴിവുകളോടോ ആയിരിക്കണമെന്നും താരം അഭിപ്രായപ്പെട്ടു.
"പുതിയ കാലത്തിനൊപ്പം ചിന്തിക്കാം. പക്ഷേ ജീവിതരീതിയില്‍ കുറച്ചെങ്കിലും യാഥാസ്ഥിതികത്വം വേണം. അങ്ങനെയായാല്‍ ജയില്‍വാസം, വിഷാദം, നെഗറ്റിവിറ്റി തുടങ്ങിയ ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ കഴിയും," എന്നും കങ്കണ കൂട്ടിച്ചേർത്തു.
'മക്കളുടെ തെറ്റിന് മാതാപിതാക്കളെ കുറ്റപ്പെടുത്തരുത്'
ഈ കേസുമായി ബന്ധപ്പെട്ട് കങ്കണ പ്രതികരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം സിയ ഗോയലിന്റെ പിതാവ്, മകള്‍ കുറ്റക്കാരിയാണെങ്കില്‍ നിയമപ്രകാരം ശിക്ഷിക്കണമെന്ന് പറഞ്ഞതിന് പിന്നാലെ, മക്കളുടെ തെറ്റുകള്‍ക്ക് മാതാപിതാക്കളെ കുറ്റപ്പെടുത്താനാകില്ലെന്ന നിലപാടുമായി കങ്കണ രംഗത്തെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസുമാണ് ഇന്നത്തെ യുവതലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതെന്നും, യഥാർത്ഥ ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ മുന്നില്‍ എങ്ങനെ കാണപ്പെടുന്നു എന്നതിനാണ് അവർ പ്രാധാന്യം നല്‍കുന്നതെന്നും താരം അന്ന് അഭിപ്രായപ്പെട്ടിരുന്നു.
'ക്വീൻ 2' നിയമക്കുരുക്കില്‍
അതേസമയം, കങ്കണയുടെ ഏറ്റവും പുതിയ ചിത്രം 'ഭാരത് ഭാഗ്യ വിധാതാ' ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. വികാസ് ബാല്‍ സംവിധാനം ചെയ്ത 'ക്വീൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി ഇനി ഒരുങ്ങുന്നത്. എന്നാല്‍ റിലീസിന് മുമ്പേ ചിത്രം നിയമവിവാദത്തിലാണ്. ആദ്യ ഭാഗം നിർമ്മിച്ച ഫാന്റം സ്റ്റുഡിയോസ്, തങ്ങളുടെ അനുമതിയില്ലാതെ സീക്വല്‍ ഒരുക്കുന്നുവെന്ന് ആരോപിച്ച് ജിയോസ്റ്റാറിനെതിരെ ബോംബെ ഹൈക്കോടതിയില്‍ 250 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. മറുവശത്ത്, തങ്ങളുടേത് പൂർണമായും പുതിയ കഥയാണെന്നാണ് ജിയോസ്റ്റാറിന്റെ വിശദീകരണം.

