ചേമ്പിൻ തണ്ട് കറി കേരളത്തിലെ നാടൻ വീടുകളില്‍ ഏറെ പരിചിതമായ ഒരു പരമ്പരാഗത ഭക്ഷണവിഭവമാണ്. പണ്ടുകാലം മുതല്‍ക്കേ അടുക്കളകളില്‍ വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നുചേമ്പ് തണ്ടും ഉപയോഗിച്ചുള്ള കറികള്‍.
ചേമ്പിന്റെ തണ്ടില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനശക്തി വർദ്ധിപ്പിക്കാനും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും മികച്ച രീതിയില്‍ സഹായിക്കുന്നു. ഒരു കാലത്ത് കർക്കിടക മാസത്തില്‍ മലയാളി വീടുകളിലെ പതിവു കറികളില്‍ ഒന്നായിരുന്നു താള്‍ കറി.
കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഏറെ ഉപകാരപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിളർച്ച തടയാനും ചേമ്പിൻ തണ്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചേമ്പിൻ തണ്ട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, തേങ്ങയും മറ്റ് മസാലപ്പൊടികളും ചേർത്ത് തയ്യാറാക്കുന്ന ഈ കറി ചോറിനൊപ്പം കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ഈ മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാവുന്ന വിഭവങ്ങളുടെ പട്ടികയില്‍ ഇതും ചേർക്കാം. വില്ലേജ് സ്പൈസസ് എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകള്‍
- ചേമ്പിൻ തണ്ട്- 2 കപ്പ് (വൃത്തിയാക്കി മുറിച്ചത്)
- തേങ്ങ ചിരകിയത് - 1 കപ്പ്
- ചുവന്നുള്ളി- 5 എണ്ണം
- വെളുത്തുള്ളി - 3 ഗ്രാമും
- മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
- മുളകുപൊടി - 1 ടീസ്പൂണ്‍
- ജീരകം - അര ടീസ്പൂണ്‍
- കടുക് - 1 ടീസ്പൂണ്‍
- വറ്റല്‍മുളക് - 2 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ചേമ്പിന്റെ തണ്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കൈം. ഒരു ചട്ടിയില്‍ ഈ കഷ്ണങ്ങളും അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും അല്പം വെള്ളവും ഒഴിച്ച് വേവിക്കാൻ വെക്കുക. ചേമ്പ് നന്നായി വെന്തുവരുമ്പോള്‍ തീ ഓഫ് ചെയ്യാം.
- ഇനി അരപ്പ് തയ്യാറാക്കാനായി, ചിരകിയ തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, മുളകുപൊടി എന്നിവ കുറച്ചു വെള്ളം ചേർത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
- വേവിച്ചു വെച്ചിരിക്കുന്ന ചേമ്പിൻ തണ്ടിലേക്ക് ഈ തേങ്ങ അരപ്പ് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുറഞ്ഞ തീയില്‍ തിളപ്പിക്കുക. കറിയുടെ പച്ചമണം മാറി നന്നായി കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യാം. വെള്ളം വളരെ കുറച്ച് മാത്രം ചേർത്താല്‍ മതിയാകും.
- അവസാനമായി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് താളിക്കുക. ഈ താളിച്ചത് കറിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇപ്പോള്‍ സ്വാദിഷ്ടവും ആരോഗ്യകരവുമായ ചേമ്പിൻ താണ്ട് കറി തയ്യാർ.

