Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദിവസവും ഈ നട്സ് വെറും 3 എണ്ണം കഴിക്കൂ; ഹൃദയത്തിനും തലച്ചോറിനും നല്‍കാം ഇരട്ടി കരുത്ത്

ദിവസവും ഈ നട്സ് വെറും 3 എണ്ണം കഴിക്കൂ; ഹൃദയത്തിനും തലച്ചോറിനും നല്‍കാം ഇരട്ടി കരുത്ത്

നമ്മുടെ നിത്യജീവിതത്തിലെ ചെറിയ ഭക്ഷണശീലങ്ങള്‍ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇതിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ ഒരു മാർഗമാണ് ദിവസവും കുറച്ച്‌ നട്സുകളും വിത്തുകളും ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നത്.

നട്സുകളുടെ കൂട്ടത്തില്‍ പോഷകങ്ങളുടെ കലവറയായ വാള്‍നട്ടിന് ആരോഗ്യസംരക്ഷണത്തില്‍ വലിയൊരു പങ്കുണ്ട്. ഹൃദയം, തലച്ചോറ്, ദഹനവ്യവസ്ഥ എന്നിവയുടെ ആരോഗ്യത്തിന് വാള്‍നട്ട് എത്രത്തോളം ഗുണം ചെയ്യുമെന്ന് വ്യക്തമാക്കുകയാണ് ന്യൂട്രിഷനിസ്റ്റ് ദീപ്ശിഖ ജെയിൻ.

ദീപ്ശിഖ തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് വാള്‍നട്ടിന്റെ ഗുണങ്ങളെക്കുറിച്ച്‌ പങ്കുവെച്ചിരിക്കുന്നത്. ദിവസവും വെറും 3 മുതല്‍ 4 വരെ വാള്‍നട്ടുകള്‍ കഴിക്കുന്നത് ശരീരത്തിലെ വീക്കങ്ങള്‍ കുറയ്ക്കാനും ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവർ വ്യക്തമാക്കുന്നു. വാള്‍നട്ട് കഴിക്കുന്നതുകൊണ്ടുള്ള പ്രധാന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും വർധിപ്പിക്കുന്നു

ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും പോളിഫെനോളുകളുടെയും മികച്ച ഉറവിടമാണ് വാള്‍നട്ട്. ഇത് തലച്ചോറിന്റെ ഉണർവിനും, ചിന്താശേഷിക്കും ഓർമ്മശക്തിക്കും ഏറെ നല്ലതാണ്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും വാള്‍നട്ട് ദിവസവും കഴിക്കുന്നതിലൂടെ സാധിക്കും.

2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ശരീരത്തിലെ ലിപിഡ് പ്രൊഫൈല്‍ കൃത്യമായി നിലനിർത്താൻ വാള്‍നട്ട് സഹായിക്കും. ഇത് ശരീരത്തിലെ ദോഷകരമായ കൊളസ്ട്രോളായ എല്‍ഡി.എല്‍ അളവ് കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദയാഘാത സാധ്യതകളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.

3. കുടലിന്റെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും

വാള്‍നട്ടില്‍ എല്ലഗിറ്റാനിൻസ് എന്ന ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന വീക്കങ്ങള്‍ക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു. വാള്‍നട്ടിന്റെ തൊലിയില്‍ ധാരാളം നാരുകളും പോളിഫെനോളുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രക്രിയ സുഗമമാക്കാനും മികച്ചതാണ്.

എങ്ങനെ കഴിക്കണം?

ദിവസവും 3 മുതല്‍ 4 വാള്‍നട്ടുകള്‍ വരെ കഴിക്കാമെന്നാണ് ന്യൂട്രിഷനിസ്റ്റ് നിർദേശിക്കുന്നത്. എന്നാല്‍ ഇവ നേരിട്ട് കഴിക്കുന്നതിനേക്കാള്‍ മുൻകൂട്ടി വെള്ളത്തില്‍ കുതിർത്തു വെച്ച ശേഷം കഴിക്കുന്നതാണ് ശരീരത്തിന് കൂടുതല്‍ ഗുണകരമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam