കൂടുതല്‍ ആളുകള്‍ക്കും രാവിലെ ഒരു കപ്പ് ചായ കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് സുരക്ഷിതവും നല്ലതുമാണ്. പ്രത്യേകിച്ച്, പഞ്ചസാര ചേർക്കാത്ത ചായയാണെങ്കില്‍ അത് ശരീരത്തിന് ആവശ്യമായ ദ്രാവകത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും.
എന്നാല്‍ വൃക്കയില്‍ കല്ല് വരാൻ സാധ്യതയുള്ളവരും വിട്ടുമാറാത്ത വൃക്കരോഗമുള്ളവരും ചായ കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കുന്നു
ചായയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് വെള്ളമാണ്. അതിനാല്‍ രാവിലെ കുടിക്കുന്ന ഒരു കപ്പ് ചായ നിങ്ങളുടെ ദിവസേനയുള്ള വെള്ളത്തിന്റെ അളവില്‍ കണക്കാക്കാം (സാധാരണയായി പുരുഷന്മാർക്ക് ദിവസവും ഏകദേശം 13 കപ്പും സ്ത്രീകള്‍ക്ക് 9 കപ്പും ദ്രാവകങ്ങള്‍ ആവശ്യമാണ്). രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചെടുക്കാനും മൂത്രം ഉല്‍പ്പാദിപ്പിക്കാനും വൃക്കകള്‍ക്ക് ആവശ്യത്തിന് വെള്ളം അത്യാവശ്യമാണ്.
ചായയിലെ കഫീൻ മൂത്രത്തിന്റെ അളവ് കൂട്ടുമെന്നതിനാല്‍ ചായ കുടിച്ചാല്‍ ശരീരം നിർജലീകരണത്തിലേക്ക് പോകുമെന്ന് ചിലർ കരുതുന്നു. എന്നാല്‍ ചായയിലൂടെ ശരീരത്തിലെത്തുന്ന വെള്ളത്തിന്റെ അളവ് ഈ കഫീൻ പ്രഭാവത്തെ നേരിടാൻ പര്യാപ്തമാണ്. അതിനാല്‍ രാവിലെ ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് ശരീരത്തില്‍ നിർജലീകരണം ഉണ്ടാക്കില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കഫീൻ വൃക്കകളെ എങ്ങനെ ബാധിക്കുന്നു?
രാവിലെ ചായ കുടിക്കുമ്പോള്‍ സാധാരണയേക്കാള്‍ കൂടുതല്‍ മൂത്രം ഒഴിക്കാൻ തോന്നിയേക്കാം. കഫീനോട് കൂടുതല്‍ സംവേദനക്ഷമതയുള്ളവർക്കാണ് ഇത് കൂടുതല്‍ അനുഭവപ്പെടുക. എന്നാല്‍ കാപ്പിയെ അപേക്ഷിച്ച് ചായയില്‍ കഫീന്റെ അളവ് വളരെ കുറവാണ്.
ഭൂരിഭാഗം ആളുകളിലും ഇത്തരത്തില്‍ മൂത്രം പോകുന്നത് പാർശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. മൂത്രമൊഴിക്കുന്നത് വൃക്കയിലെ മിനറലുകളെ പുറന്തള്ളാൻ സഹായിക്കുന്നതിനാല്‍ ഇത് നല്ലതുമാണ്. വൃക്കയിലെ കല്ലുകള്‍ തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക എന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വൃക്കയിലെ കല്ലും ചായയും തമ്മിലുള്ള ബന്ധം
ധാരാളം വെള്ളം കുടിക്കുന്നത് കല്ലുകളെ തടയുമെങ്കിലും, ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ് എന്ന ഘടകം അമിതമായാല്‍ കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചേക്കാം. ചായ, ചീര, നട്സ്, ചോക്ലേറ്റ് എന്നിവയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒന്നാണ് ഓക്സലേറ്റ്. ചില ആളുകളില്‍ ഇത് മൂത്രത്തിലെ കാല്‍സ്യവുമായി ചേർന്ന് കാല്‍സ്യം ഓക്സലേറ്റ് കല്ലുകള്‍ ഉണ്ടാകാൻ കാരണമാകുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത പഠന റിപ്പോർട്ടുകളുണ്ട്:
2021-ലെ പഠനം അനുസരിച്ച് ദിവസവും 4 കപ്പില്‍ കൂടുതല്‍ ബ്ലാക്ക് ടീ കുടിക്കുന്നവർക്ക്, 2 കപ്പില്‍ കുറവ് കുടിക്കുന്നവരെ അപേക്ഷിച്ച് കാല്‍സ്യം ഓക്സലേറ്റ് കല്ലുണ്ടാകാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. 2024 ല്‍ പത്ത് ലക്ഷത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍, പതിവായി ചായ കുടിക്കുന്നത് വൃക്കയിലെ കല്ലിനുള്ള സാധ്യത 20% കുറയ്ക്കുന്നതായി കണ്ടെത്തി. കൂടുതല്‍ ദ്രാവകം ശരീരത്തിലെത്തുന്നത് മൂത്രത്തിലെ മിനറലുകളുടെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കുന്നു.
സാധാരണയായി ദിവസവും ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് അപകടകരമല്ല. എന്നാല്‍ വൃക്കയില്‍ കല്ല് വരാൻ സാധ്യതയുള്ളവർ കടുപ്പമുള്ള ബ്ലാക്ക് ടീ അമിതമായി കുടിക്കുന്നത് ഒഴിവാക്കണം. ഇതോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാനും കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും ഉപ്പിന്റെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കണം.
വൃക്കരോഗമുള്ളവർക്ക് ചായ സുരക്ഷിതമാണോ?
ആരോഗ്യമുള്ള വൃക്കകളുള്ളവർ മിതമായ അളവില്‍ ചായ കുടിക്കുന്നത് കൊണ്ട് യാതൊരു കേടും ഉണ്ടാകുന്നില്ല. വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യത 20% വരെ കുറയ്ക്കാൻ ചായ കുടിക്കുന്നത് സഹായിക്കുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വൃക്കരോഗമുള്ളവർക്കും മിതമായ അളവില്‍ ചായ കുടിക്കുന്നത് ഗുണം ചെയ്തേക്കാം. 2025-ല്‍ വൃക്കരോഗമുള്ള 17,575 പേരില്‍ നടത്തിയ പഠനത്തില്‍, ദിവസവും 4 കപ്പ് വരെ ചായ കുടിക്കുന്നത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. ബ്ലാക്ക് ടീ പോലുള്ള ഓക്സിഡൈസ്ഡ് ചായകള്‍ക്കാണ് ഈ ഗുണം കൂടുതല്‍ കണ്ടത്.
എന്നാല്‍ ചായ ഒരു "മരുന്നോ രോഗശമനിയോ" അല്ലെന്ന് ഓർക്കുക. രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക, ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികള്‍ കഴിക്കാതിരിക്കുക എന്നിവയാണ് വൃക്കകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം.
കൂടാതെ ചായയില്‍ അമിതമായി പഞ്ചസാര ചേർക്കുന്നത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും തടിക്കും കാരണമാകും. അതിനാല്‍ പഞ്ചസാര ഇല്ലാത്തതോ വളരെ കുറഞ്ഞ അളവില്‍ ചേർത്തതോ ആയ ചായ കുടിക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

