Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധോണി പരിശീലകനാകുമോ; ദ്രാവിഡ് വരുമോ? പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ

ധോണി പരിശീലകനാകുമോ; ദ്രാവിഡ് വരുമോ? പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ

ഐപിഎല്‍ 2026ല്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫിനിഷ് ചെയ്തത്. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകൻ സ്റ്റീഫൻ ഫ്ളേമിംഗിനെ മാറ്റണം എന്ന ആവശ്യം ശക്തമാണ്.

ഇതിനിടയില്‍ രാഹുല്‍ ദ്രാവിഡിനെ ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനായി കൊണ്ടുവന്നേക്കും എന്ന റിപ്പോർട്ടുകളും വന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തള്ളുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ.

സ്റ്റീഫൻ ഫ്ലെമിംഗിന്റെ ഭാവി കാര്യത്തില്‍ സിഎസ്‌കെ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല എന്ന് ക്രിക്ബസിനോട് കാശി വിശ്വനാഥൻ പറഞ്ഞു. മുൻ ന്യൂസിലൻഡ് ക്യാപ്റ്റനായ ഫ്ലെമിംഗ്, എം എസ് ധോണിക്കൊപ്പം സിഎസ്‌കെയുടെ അഞ്ച് കിരീട നേട്ടങ്ങളിലും പങ്കാളിയായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ സീസണുകളായി ചെന്നൈക്ക് കാര്യങ്ങള്‍ സുഖകരമല്ല.

ആധുനിക ടി20 ശൈലികള്‍ കളി കൈയടക്കിയപ്പോള്‍ കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ ചെന്നൈ ഒരു പടി പിന്നിലായിരുന്നു. ഈ തെറ്റ് ഫ്ലെമിംഗ് സമ്മതിക്കുകയും ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി സിഎസ്‌കെ തങ്ങളുടെ ശൈലി മാറ്റുകയും ചെയ്തു. എന്നാല്‍ നിലവിലെ ടീം കൂടുതല്‍ സജ്ജമാണെന്ന് തോന്നിച്ചെങ്കിലും പരിക്കുകള്‍ അവരുടെ വഴി മുടക്കി.

കഴിഞ്ഞ 3 സീസണുകളില്‍ ചെന്നൈ 5, 10, 8 എന്നിങ്ങനെ സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. മാത്രമല്ല, ചെന്നൈ വെറും 17 മത്സരങ്ങളില്‍ മാത്രം വിജയിച്ചപ്പോള്‍ 25 എണ്ണത്തില്‍ പരാജയപ്പെട്ടു.

ഫ്ലെമിംഗിന് പകരം മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കാൻ രാഹുല്‍ ദ്രാവിഡുമായി ചെന്നൈ സൂപ്പർ കിംഗ്സ് ചർച്ചകള്‍ നടത്തുന്നുണ്ടെന്ന തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായിരുന്ന ദ്രാവിഡ് 2026 സീസണിന് മുൻപാണ് രാജസ്ഥാൻ റോയല്‍സ് വിട്ടത്. നിലവില്‍ ദ്രാവിഡ് ഒരു ഐപിഎല്‍ ടീമിന്റെയും ഭാഗമല്ല.

എന്നാല്‍ ചെന്നൈയും ദ്രാവിഡും തമ്മില്‍ ഇതുവരെ യാതൊരു ചർച്ചകളും നടന്നിട്ടില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന്റെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ) കാശി വിശ്വനാഥൻ ഈ അഭ്യൂഹങ്ങള്‍ നിഷേധിച്ചു. സാധാരണയായി, കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തുന്നതിനും വരാനിരിക്കുന്ന സീസണുകള്‍ക്കായി ആസൂത്രണം ചെയ്യുന്നതിനും മുൻപ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അല്പം സമയം എടുക്കാറുണ്ട്.

സ്റ്റീഫൻ ഫ്ലെമിംഗിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമില്ല
സിഎസ്‌കെ ഇതുവരെ ആ ചർച്ചകളിലേക്ക് കടന്നിട്ടില്ല. "ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ല. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഇത് വിലയിരുത്തും," വിശ്വനാഥൻ ക്രിക്ബസിനോട് പറഞ്ഞു.

മേജർ ലീഗ് ക്രിക്കറ്റിലെ ടെക്സസ് സൂപ്പർ കിംഗ്സിന്റെയും, എസ്‌എ20യിലെ ജോബർഗ് സൂപ്പർ കിംഗ്സിന്റെയും മുഖ്യ പരിശീലകനായി ഫ്ളെമിംഗ് സേവനമനുഷ്ഠിക്കുന്നുണ്ട്. എംഎല്‍സിയുടെ 2026 പതിപ്പ് ജൂണ്‍ 18ന് ആരംഭിക്കും. അതിനാല്‍, ആ ടൂർണമെന്റില്‍ നിന്ന് ഫ്ളെമിംഗിനെ മാറ്റാൻ സാധ്യതയില്ല.

എം എസ് ധോണി മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുമോ എന്ന ആകാംക്ഷയും ആരാധകർക്കിടയില്‍ ഉണ്ട്. അടുത്ത വർഷം കളിക്കാരനായി തിരിച്ചുവരാനോ, അല്ലെങ്കില്‍ പരിശീലകനായോ മെന്ററായോ ഡഗ്‌ഔട്ടില്‍ തുടരാനോ ഉള്ള ആ തീരുമാനം ഫ്രാഞ്ചൈസി ധോണിക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam