Thursday, 22 Apr, 2.31 pm The Indian Express മലയാളം

കുട്ടികള്‍
എഡ്ഡി മാസ്‌ക്കുകള്‍, ഒന്നിന് വില മുപ്പതുരൂപ

എഡ്ഗര്‍ വീട്ടിലിരുന്ന് മടുത്തു.
ഒരു കൊല്ലത്തില്‍ കൂടുതലായി കൊറോണയെ പേടിച്ച്‌ സ്‌ക്കൂളടച്ചിട്ടും എഡ്ഡി വെറുതെ വീട്ടിലിരിപ്പായിട്ടും.

ഓണ്‍ലൈന്‍ ക്‌ളാസുകളുണ്ട് എഡ്ഡിയെപ്പോലത്തെ മൂന്നാം ക്‌ളാസുകാര്‍ക്കും. അപ്പോ കൂട്ടുകാരെയെല്ലാം ലാപ്‌റ്റോപ് സക്രീനില്‍ കാണാം എന്നൊരു സമാധാനമുണ്ട്.

പക്ഷേ അവരെ വെറുതെ കാണുക മാത്രം ചെയ്തതുകൊണ്ട് എന്തു ഗുണം? കൂട്ടുകാരെ ഒന്ന് തൊടാനും തോളില്‍ കൈയിടാനും അവര്‍ക്കൊപ്പമൊന്ന് ഓടിക്കളിക്കാനും പറ്റുമ്ബോഴല്ലേ കൂട്ടുകാരെക്കൊണ്ടുള്ള രസം? അതിനീ കൊറോണ ഒന്നു സമ്മതിച്ചിട്ടു വേണ്ടേ?

'ബോറടിക്കുന്നേ' എന്നവന്‍ പറയുമ്ബോള്‍, കാര്‍ട്ടൂണ്‍ വച്ചു കൊടുക്കും അമ്മ. ഒരു മണിക്കൂറില്‍ കൂടുതല്‍ റ്റിവി കാണാന്‍ അമ്മ സമ്മതിക്കില്ല.

'എപ്പഴും റ്റിവി കണ്ടാല്‍ കണ്ണിനു കേടാണ് 'എന്നു പറയും അമ്മ. അങ്ങനെ തന്നെയാണ് അപ്പുറത്തെ വീട്ടിലെ ഡോക്റ്റര്‍ മാമനും പറയാറ്.

പിന്നെ കാറുകള്‍, ടെഡി ബെയറുകള്‍, പന്തുകള്‍ ,സൈക്കിള്‍ ഇതൊക്കെ വച്ച്‌ സ്വയം കളിച്ചു രസിക്കാന്‍ നോക്കും അവന്‍.

ഇടക്കൊന്ന് അമ്മയോ അച്ഛനോ അവനെ സ്‌ക്കൂട്ടറില്‍ ഇരുത്തി സിറ്റിയിലൂടെ ഒന്ന് ചുറ്റിക്കറങ്ങാന്‍ കൊണ്ടു പോവും. പുറത്തേക്കു പോകുമ്ബോള്‍ മാസ്‌ക്ക് വയ്ക്കണമല്ലോ.

പക്ഷേ അവന് കുഞ്ഞു മുഖമല്ലേ? കടയില്‍ നിന്നു വാങ്ങാന്‍ കിട്ടിയതൊക്കെയും അമ്മയുടെയും അച്ഛന്റെയും മുഖത്തിനു ചേരുന്ന വലിയ മാസ്‌ക്കുകളായിരുന്നു. എഡ്ഡിക്കു പാകമായില്ല അതൊന്നും.

അപ്പോ അമ്മ, കുറേ നാളായി അനക്കാതിരുന്ന തയ്യല്‍ മെഷീനെടുത്ത് പൊടി തുടച്ചു വച്ചു .
എന്നിട്ട് അമ്മയുടെ ചുരിദാറിന്റെയും ബ്ലൗസിന്റെയുമൊക്കെ ബാക്കി വന്ന തുണികള്‍ കൊണ്ട് കുഞ്ഞു കുഞ്ഞു മാസ്‌ക്കുകള്‍ തയ്ച്ചു. അതൊരോന്നും വയ്ച്ചു നോക്കിയപ്പോഴോ, എഡ്ഡിക്കു കൃത്യം പാകം.

പിന്നെ ഒരു ദിവസം അമ്മ പറഞ്ഞു, "ചായവും ബ്രഷും താരാം, കുഞ്ഞിനിഷ്ടമുള്ള പടങ്ങള്‍ വരച്ചു ചേര്‍ത്ത് ഒന്നു ഭംഗിയാക്കി നോക്ക്."

ആ ഐഡിയ എഡ്ഡിയ്ക്കിഷ്ടപ്പെട്ടു. നിലത്ത് ഒരു പായ വിരിച്ചു കൊടുത്തു അമ്മ ആദ്യം. എന്നിട്ടതില്‍ ഫാബ്രിക് പെയിന്റും ബ്രഷുകളും അമ്മ തയ്ച്ചുണ്ടാക്കിയ മാസ്‌ക്കുകളും നിരത്തി വച്ചു.

എഡ്ഡി ഓരോന്നെടുത്തു പെയിന്റു ചെയ്യാന്‍ തുടങ്ങി. ആദ്യത്തേത് ഒരു ഇളം പിങ്ക് മാസ്‌ക്കായിരുന്നു. അതിന്മേല്‍ അവനൊരു കറുത്ത നിറമുള്ള ചിരിയ്ക്കുന്ന കാര്‍ വരച്ചു.

പിന്നെ നീല മാസ്‌ക്കില്‍ ഒരു പച്ചയിലയും മഞ്ഞയിലയും ഒരു വെള്ളപ്പൂമൊട്ടും വരച്ചു. അടുത്തതില്‍ കമ്മലും മാലയുമൊക്കെയിട്ട, പൊട്ട് തൊട്ട, ചിരിയ്ക്കുന്ന അമ്മ മുഖമാണ് അവന്‍ വരച്ചത്. അങ്ങനെ പല പല മാസ്‌ക്കുകള്‍.

അതൊക്കെ വച്ച്‌ നോക്കിയപ്പോള്‍, അമ്മ പറഞ്ഞു, "ആരു കണ്ടാലും ചോദിയ്ക്കും നല്ല ഭംഗിയുള്ള മാസ്‌ക്ക്. എവിടെയും കാണാത്ത തരം മാസ്‌ക്ക്. എവിടുന്നാ വാങ്ങിയെ?"

അങ്ങനെ തന്നെ ചോദിച്ചു മാസ്‌ക്കു വച്ചു എഡ്ഡിയെ കണ്ടപ്പോ എല്ലാവരും. അമ്മ തുന്നി എഡ്ഗര്‍ തന്നെ ഫാബ്രിക് പെയിന്റു കൊണ്ട് ഓരോന്ന് വരച്ചു ചേര്‍ത്ത് ഭംഗിയാക്കിയ മാസ്‌ക്കാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു.

അവന്റെ ഓണ്‍ലൈന്‍ ക്‌ളാസിലെ കൂട്ടുകാര്‍ക്കും റ്റീച്ചേഴ്‌സിനും അമ്മയുടെ കൂട്ടുകാര്‍ക്കും ഒക്കെ അമ്മയും അവനും കൂടെയിരുന്ന് മാസ്‌ക്കുകളുടെ ഫോട്ടോ അയച്ചു കൊടുത്തു ഒരു രസത്തിന്.

അപ്പോ അവരൊക്കെ പറയുകയാ, "ഞങ്ങള്‍ക്കും വേണം എഡ്ഗറിന്റ അമ്മ തുന്നി എഡ്ഗര്‍ പെയിന്റു ചെയ്ത് ഭംഗിയാക്കിയ മാസ്‌ക്കുകള്‍." .

"എന്നാപ്പിന്നെ മാസ്‌ക്കുകളുണ്ടാക്കി നമുക്കു വിറ്റാലോ?" എന്നായി എഡ്ഗര്‍.

"സ്‌ക്കൂളില്‍ പഠിക്കാന്‍ ഫീസു കൊടുക്കണ്ടേ? അതിലൊരു ഭാഗമുണ്ടാക്കാന്‍ എനിക്കു തന്നെ പറ്റിയാല്‍ അതച്ഛനും അമ്മയ്ക്കും സഹായമാവില്ലേ," എന്നു ചോദിച്ചു അവന്‍.

"അതൊരു നല്ല ഐഡിയയാണ് മോന്റെ ബോറടിയും മാറും, നമുക്ക് കാശും കിട്ടും' എന്നു പറഞ്ഞു അച്ഛന്‍.

അങ്ങനെയാണ് അമ്മ കൂടുതല്‍ കൂടുല്‍ മാസ്‌ക്ക് തുന്നാനും എഡ്ഡി അതിലോരോന്നിലും പല പല പടങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയതും അച്ഛനത് ആവശ്യക്കാര്‍ക്ക് കൊറിയര്‍ ചെയ്യാനും തുടങ്ങിയത്.

ഈ കോവിഡ് കാലത്ത് ആര്‍ക്കായാലും മടുക്കും, പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക് .അപ്പാ മടുപ്പു മാറ്റാന്‍ നമ്മളു തന്നെ ഓരോ വിദ്യ കണ്ടുപിടിക്കുകയേ വഴിയുള്ളു.

"നോക്കൂ നമ്മുടെ എഡ്ഡിക്കുട്ടന്‍ എന്തു ചെയ്താണ് സ്വയം രസിക്കുന്നതെന്ന," എന്ന് ഓണ്‍ലൈന്‍ ക്‌ളാസില്‍ ഒരു ദിവസം, എഡ്ഡിയുടെ ചിത്രമാസ്‌ക്കുകള്‍ വാങ്ങിയ റ്റീച്ചര്‍ അതെല്ലാം വച്ചു കാണിച്ച്‌ ബാക്കി കുട്ടികളോട് പറഞ്ഞപ്പോ എഡ്ഡിക്ക് എന്തൊരു അഭിമാനം വന്നുവെന്നോ.

"എന്തു വിഷമം വന്നാലും അതിനെയൊക്കെ മറന്നു രസിച്ചു ജീവിക്കാന്‍ ഓരോരോ ചെറുവഴികളുണ്ടാവും നമുക്കു ചുറ്റും, നമ്മള് കണ്ണു തുറന്നു പിടിച്ച്‌ ആ വഴി സ്വയം കണ്ടുപിടിക്കണം," എന്നു കൂടി പറഞ്ഞു റ്റീച്ചര്‍.

എഡ്ഡിയുടെ ക്‌ളാസിലെ കുട്ടികളൊക്കെ ഇപ്പോ അങ്ങനെ മടുപ്പു മാറ്റാന്‍ ഓരോ വഴി കണ്ടുപിടിച്ച്‌ കൊറോണക്കാലത്തിനെ തോല്‍പ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.

ചിലര്‍ ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നു. ചിലര്‍ കേക്കുണ്ടാക്കുന്നു, ചിലര്‍ കഥയെഴുതുന്നു - അങ്ങനെയങ്ങനെ എല്ലാവരും ഇപ്പോള്‍ ബിസിയാണെന്നേ. പലര്‍ക്കും ഒപ്പം ഇത്തിരിയിത്തിരി പൈസയും കിട്ടുന്നുണ്ടെന്നേ അതിലൂടയെല്ലാം പോക്കറ്റ് മണിയായും ഫീസടയ്ക്കാനുള്ള പൈസയായും. അതൊരു നല്ല കാര്യമല്ലേ ?

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top