അടുക്കളയിലെ കരിയും പുകയും മീൻ മണവും പലപ്പോഴും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. എത്ര വൃത്തിയാക്കിയാലും മാറാത്ത ഇത്തരം ദുർഗന്ധങ്ങള്‍ അകറ്റാൻ വിപണിയില്‍ നിന്നും വിലകൂടിയ കെമിക്കല്‍ ലായനികള്‍ വാങ്ങുകയാണ് പതിവ്.
എന്നാല്‍, ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഇത്തരം ക്ലീനറുകള്‍ക്ക് പകരം തികച്ചും പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ അടുക്കള സുഗന്ധപൂരിതമാക്കാൻ സാധിക്കും. വീട്ടില്‍ തന്നെയുള്ള ലളിതമായ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഫ്ലോർ ക്ലീനർ മികച്ചൊരു അണുനാശിനി കൂടിയാണ്. കെമിക്കല്‍ രഹിതമായതിനാല്‍ അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങളെ ഭയപ്പെടാതെ തന്നെ ഇത് ഉപയോഗിക്കാം.
ഇത്തരം ഫ്ലോർ ക്ലീനിറുകള്‍ തയ്യാറാക്കാൻ ഒരു പിടി ആര്യവേപ്പിലയും കുറച്ച് കർപ്പൂരവും മതിയാകും. ആര്യവേപ്പിലയുടെയും കർപ്പൂരത്തിന്റെയും ഗുണങ്ങള്‍ ഒത്തുചേരുന്ന ഈ മിശ്രിതം അടുക്കളയിലെ ദുർഗന്ധം നീക്കം ചെയ്യുക മാത്രമല്ല, ഈച്ചകളെയും മറ്റ് പ്രാണികളെയും അകറ്റി നിർത്താനും സഹായിക്കുന്നു. ആര്യവേപ്പിലയിലെ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളും കർപ്പൂരത്തിന്റെ ഉന്മേഷദായകമായ ഗന്ധവും ദിവസങ്ങളോളം അടുക്കളയെ ഫ്രെഷായി നിലനിർത്തും.
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ആര ലിറ്റർ വെള്ളമെടുക്കാം. അതിലേയ്ക്ക് 4 ആര്യവേപ്പില തണ്ടോടെ ചേർക്കാം. വെള്ളം 300 മില്ലിയായി വറ്റുന്നതു വരെ നന്നായി തിളപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വെയ്ക്കാം. ഇത് അരിച്ചെടുക്കാം. മറ്റൊരു പാത്രത്തില്‍ അല ലിറ്റർ വെള്ളത്തിലേയ്ക്ക് മൂന്ന് കർപ്പൂര കട്ടകള്‍ പൊടിച്ചു ചേർക്കാം. അതിലേയ്ക്ക് ഒരു പായ്ക്കറ്റ് ഷാമ്പൂ ചേർത്തിളക്കിയോജിപ്പിക്കാം. ഇത് വേപ്പില വെള്ളത്തിലേയ്ക്ക് ഒഴിക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.
ഉപയോഗിക്കേണ്ട വിധം
അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കാൻ ഇത് വെള്ളത്തില്‍ കലർത്തണം. അര ബക്കറ്റ് വെള്ളത്തിലേയ്ക്ക് ഈ മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം കോട്ടണ്‍ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തറ തുടയ്ക്കാം. ഇത് ഒരു മികച്ച അണുനാശിനിയാണ്. മിക്ക പ്രാണികള്‍ക്കും വേപ്പിലയുടെയും കർപ്പൂരത്തിൻ്റെയും ഗന്ധം സഹിക്കാൻ കഴിയില്ല. അതിനാല്‍ ദിവസങ്ങളോളം അടുക്കള വൃത്തിയോടെയും ഫ്രെഷായും സൂക്ഷിക്കാം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പഴകിയ ഭക്ഷണങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കരുത്. ദിവസവും ഭക്ഷണം പാകം ചെയ്തതിനു ശേഷം അടുക്കള വൃത്തിയാക്കാൻ മറക്കരുത്. ഓറഞ്ചിൻ്റെ തൊലി ഉണക്കിയത്, ഏലയ്ക്ക പൊടിച്ചത് എന്നിവയൊക്കെ മുറിക്കുള്ളില്‍ വയ്ക്കുന്നത് അടുക്കളയിലെ ദുർഗന്ധം അകറ്റാൻ സഹായിക്കും.

