Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Eid al-Adha 2026 Wishes: സ്നേഹവും ത്യാഗവും നിറയുന്ന ബലി പെരുന്നാള്‍ ആശംസകള്‍ നേരാം

Eid al-Adha 2026 Wishes: സ്നേഹവും ത്യാഗവും നിറയുന്ന ബലി പെരുന്നാള്‍ ആശംസകള്‍ നേരാം

Happy Bakrid (Eid al-Adha) Mubarak 2026 Wishes and Images: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മഹത്തായ സന്ദേശവുമായി ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ആഘോഷിക്കുന്ന പുണ്യദിനമാണ് ബക്രീദ് അഥവാ ഈദുല്‍ അദ്ഹ.

ഇസ്‌ലാമിക് കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയിലെ പത്താം നാളിലാണ് ഈ പെരുന്നാള്‍ വന്നെത്തുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം.

തന്റെ പ്രിയപ്പെട്ട മകൻ ഇസ്മായിലിനെ ദൈവകല്‍പ്പനയ്ക്കനുസരിച്ച്‌ ബലിനല്‍കാൻ തുനിഞ്ഞ ഇബ്രാഹിം നബിയുടെ ചരിത്രമാണ് ഈ ആഘോഷത്തിന്റെ കാതല്‍. ആ വിശ്വാസദാർഢ്യത്തെ ആദരിച്ചുകൊണ്ട് പിന്നീട് മൃഗബലി നല്‍കാൻ നിർദ്ദേശിക്കപ്പെടുകയായിരുന്നു. കേവലം ഒരു ആഘോഷം എന്നതിനപ്പുറം, ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും ദൈവമാർഗ്ഗത്തില്‍ സർവ്വസ്വവും ത്യാഗം ചെയ്യാൻ മനുഷ്യൻ തയ്യാറാകണമെന്ന വലിയൊരു തത്ത്വം ബക്രീദ് മുന്നോട്ട് വെയ്ക്കുന്നു. സ്നേഹവും കാരുണ്യവും പങ്കുവെക്കാനുള്ള ഒരു വലിയ അവസരം കൂടിയാണ് ഈ പെരുന്നാള്‍ കാലം. പാവപ്പെട്ടവരെയും വരുംതലമുറകളെയും ചേർത്തുപിടിച്ചുകൊണ്ട്, ജാതിമതഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യം ദൃഢമാക്കാൻ ഈ പുണ്യദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും പ്രാർത്ഥനകളില്‍ മുഴുകിയും വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കുന്നു.

സാഹോദര്യത്തിന്റെ ബലിപെരുന്നാള്‍

പെരുന്നാള്‍ ദിനത്തില്‍ പുലർച്ചെ തന്നെ വിശ്വാസികള്‍ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരത്തിനായി ഒത്തുചേരുന്നു. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന തക്ബീർ ധ്വനികളാല്‍ ആ സമയം അന്തരീക്ഷം മുഖരിതമാകും. നമസ്‌കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും സ്നേഹം പങ്കുവെച്ചും അവർ പെരുന്നാള്‍ ആശംസകള്‍ കൈമാറുന്നു.

ബക്രീദിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് 'ഉദുഹിയ്യത്ത്' അഥവാ മൃഗബലി. ബലി നല്‍കിയ മൃഗത്തിന്റെ മാംസം മൂന്ന് തുല്യ ഓഹരികളാക്കി മാറ്റുകയാണ് പതിവ്. ഇതില്‍ ഒരു പങ്ക് സ്വന്തം കുടുംബത്തിനും, രണ്ടാമത്തെ പങ്ക് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും, മൂന്നാമത്തെ പങ്ക് നിർധനരും പാവപ്പെട്ടവരുമായ ആളുകള്‍ക്കുമായി വിതരണം ചെയ്യുന്നു. സമൂഹത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന ഇസ്‌ലാമിന്റെ കാരുണ്യ വശമാണ് ഇതിലൂടെ പ്രകടമാകുന്നത്.

ഹജ്ജ് കർമ്മത്തിന്റെ പൂർത്തീകരണം

മക്കയിലേക്കുള്ള വിശുദ്ധമായ ഹജ്ജ് തീർത്ഥാടനത്തിന്റെ പൂർത്തീകരണ വേളയിലാണ് ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് മനുഷ്യർ ഒരേ വസ്ത്രമണിഞ്ഞ്, ഒരേ മനസ്സോടെ ഒത്തുചേരുന്ന ഹജ്ജ് കർമ്മം മാനവരാശിയുടെ സമത്വത്തെയാണ് വിളിച്ചോതുന്നത്.

രുചികരമായ വിഭവങ്ങള്‍ ഒരുക്കിയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വീടുകളിലേക്ക് ക്ഷണിച്ചും ബക്രീദ് ആഘോഷങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നു. പങ്കുവെക്കലിന്റെയും സഹിഷ്ണുതയുടെയും സന്ദേശം നെഞ്ചിലേറ്റിക്കൊണ്ട്, ചുറ്റുമുള്ളവർക്ക് തണലാകാൻ ഓരോ ബലിപെരുന്നാളും മനുഷ്യനെ പ്രാപ്തനാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam