ഓപ്പണ്‍ റിലേഷൻഷിപ്പിലാണ് താൻ വിശ്വസിക്കുന്നതെന്നും ഒരേ സമയം ഒന്നിലധികം പങ്കാളികളുണ്ടെങ്കിലും അത് ഒരിക്കലും വെറും 'കാഷ്വല്‍' അല്ലെന്നും നടി ഷഹാന ഗോസ്വാമി.
സ്നേഹം എപ്പോഴും സ്വതന്ത്രമായിരിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഒരു പ്രൈമറി പാർട്ണർ എന്ന രീതിയില്‍ തനിക്ക് ഇപ്പോള്‍ ആരുമില്ലെന്നും താരം തുറന്നുപറഞ്ഞു. സിദ്ധാർത്ഥ് കണ്ണന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷഹാന തന്റെ ജീവിതരീതികളെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.
താൻ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം കഠിനമായ ആത്മപരിശോധനയിലൂടെയും സ്വയം തിരുത്തലുകളിലൂടെയും നേടിയെടുത്തതാണെന്ന് ഷഹാന വ്യക്തമാക്കി. ഷഹാന ഗോസ്വാമിയുടെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.
ഒന്നിലധികം പങ്കാളികള്‍, പക്ഷേ ഒന്നും 'കാഷ്വല്‍' അല്ല
ഷഹാനയുടെ ഈ ജീവിതരീതി കണ്ടിട്ട് അവർക്ക് പരമ്പരാഗത ബന്ധങ്ങളോട് താല്പര്യമില്ലാത്തതുകൊണ്ടാകാം ഇതെന്ന പൊതുധാരണയെ താരം തിരുത്തി.
"ഈ ഘട്ടത്തില്‍ എനിക്ക് ഒരു പ്രൈമറി പാർട്ണർ ഇല്ല എന്നത് സത്യമാണ്. എനിക്ക് ദീർഘകാലമായി നല്ല ബന്ധം പുലർത്തുന്ന ഒന്നിലധികം ആളുകളുണ്ട്. പക്ഷേ, അതൊന്നും കാഷ്വല്‍ അല്ല. എന്റെ സുഹൃദ്ബന്ധങ്ങള്‍ പോലെയാണത്. ഓരോ സുഹൃത്തുമായുള്ള ബന്ധവും വ്യത്യസ്തമായിരിക്കും."
ഓപ്പണ്‍ റിലേഷൻഷിപ്പ് എന്നാല്‍ ആരുമായും കൃത്യമായ അതിർവരമ്പുകളുള്ള പങ്കാളിത്തം ഇല്ലെന്നതാണെന്നും എന്നാല്‍ അതൊരു ദീർഘകാലത്തെ ആത്മബന്ധമാണെന്നും ഷഹാന പറയുന്നു. അത് ചിലപ്പോള്‍ വെറും സൗഹൃദമാകാം, ചിലപ്പോള്‍ ശാരീരികമായ അടുപ്പമാകാം, അതിനെ ഒരു പ്രത്യേക ദിശയിലേക്ക് ഒഴുക്കാൻ താൻ നിർബന്ധിക്കാറില്ല. സ്നേഹവും സൗഹൃദവുമാണ് അതിന്റെ അടിസ്ഥാനം.
ഓപ്പണ്‍ റിലേഷൻഷിപ്പില്‍ ആളുകളെ പെട്ടെന്ന് ഒഴിവാക്കാറുണ്ടോ?
ഓപ്പണ്‍ റിലേഷൻഷിപ്പില്‍ പരസ്പരം സംസാരിക്കാതെ പെട്ടെന്ന് ഒഴിവാക്കി പോകുന്ന രീതി (ഗോസ്റ്റിംഗ്) ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
"പുറത്തുനിന്ന് നോക്കുമ്പോള്‍ ഇതൊക്കെ വളരെ എളുപ്പമാണെന്ന് തോന്നും. പക്ഷേ, ഇതിനായി നമ്മള്‍ നമ്മളെത്തന്നെ ഒരുക്കിയെടുക്കണം. സ്വന്തം അസൂയയെയും ഇൻസെക്യൂരിറ്റികളെയും തരണം ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല." ഷഹാന പറഞ്ഞു.
തന്നോട് അടുക്കുന്ന ചില ആളുകള്‍ പിന്നീട് തന്റെ ഈ ജീവിതരീതി ഉള്‍ക്കൊള്ളാൻ കഴിയാതെ മാറിനില്‍ക്കാറുണ്ടെന്ന് ഷഹാന സമ്മതിക്കുന്നു. യാതൊരുവിധ വഴക്കോ പിണക്കമോ ഇല്ലാതെയാണ് അവർ പിന്മാറുന്നത്. താൻ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായതുകൊണ്ട് തന്നെ അവരില്‍ ചിലർക്ക് അപകർഷതാബോധം ഉണ്ടാകാൻ ഇത് കാരണമാകുന്നുണ്ടാകാം. തന്റെ ഈ സ്വാതന്ത്ര്യം കാണുമ്പോള്‍ പലർക്കും ഭയം തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
നമ്മുടെ പോപ്പുലർ കള്‍ച്ചറും സിനിമകളും പാട്ടുകളുമൊക്കെ പ്രണയത്തെ തെറ്റായ രീതിയിലാണ് നിർവ്വചിച്ചിരിക്കുന്നതെന്ന് ഷഹാന വാദിക്കുന്നു. മറ്റൊരാളെ സ്വന്തമാക്കി വെക്കുക, അല്ലെങ്കില്‍ ഒരാള്‍ക്ക് മാത്രം പൂർണ്ണമായി അവകാശപ്പെട്ടതാണ് പ്രണയം എന്നൊക്കെയുള്ള ചിന്തകള്‍ പതിറ്റാണ്ടുകളായി സിനിമകള്‍ നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പലർക്കും സാധിക്കുന്നില്ല.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം ഓപ്പണ്‍ റിലേഷൻഷിപ്പുകളെക്കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നുവെന്ന് ഷഹാന പറയുന്നു. പ്രണയം ഒരിക്കലും ഒരാളെ നിയന്ത്രിക്കുന്നതോ തളച്ചിടുന്നതോ ആകരുത് എന്ന വിശ്വാസമാണ് തന്നെ നയിക്കുന്നത്. തന്റെ പങ്കാളികള്‍ പലരും പരസ്പരം കണ്ടുമുട്ടാറുണ്ടെന്നും, പൂർണ്ണമായ സത്യസന്ധതയും കൃത്യമായ ആശയവിനിമയവുമാണ് ഇത്തരം ബന്ധങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതെന്നും ഷഹാന വ്യക്തമാക്കി.
സ്വാതന്ത്ര്യം എന്നാല്‍ പ്രതിസന്ധികളോ വിഷമങ്ങളോ ഇല്ലാത്ത അവസ്ഥയല്ല. മറിച്ച്, എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിച്ച് അതിനെ അതിജീവിച്ച ശേഷമുണ്ടാകുന്ന ഒന്നാണത്. പുറത്തുനിന്ന് നോക്കുന്നവർക്ക് അത് മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഷഹാന പറഞ്ഞു.
15-ാം വയസ്സുമുതല്‍ അമ്മയ്ക്കും 5 സഹോദരങ്ങള്‍ക്കും തണലായവള്‍; നടിയെ മനസ്സിലായോ?

