കന്നഡ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തെന്ന രീതിയിലുള്ള വാർത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൻതോതില്‍ പ്രചരിക്കുകയാണ്.
ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ പരമ്പരാഗതമായി ചെയ്യാറുള്ള വഴിപാടിന്റെ ഭാഗമായി നയൻതാരയും തന്റെ മുടി മുഴുവനായി മുണ്ഡനം ചെയ്തുവെന്ന അടിക്കുറിപ്പുകളോടെയാണ് എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ ഷെയർ ചെയ്യപ്പെടുന്നത്.
മൊട്ടയടിച്ച രൂപത്തില്‍ നയൻതാര നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകരും സിനിമാ ലോകവും ഒരുപോലെ അമ്പരന്നെങ്കിലും ഇതിന് പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണ്. പ്രചരിക്കുന്ന ചിത്രങ്ങള്‍ പൂർണ്ണമായും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വസ്തുതാ പരിശോധനയില്‍ വ്യക്തമായി.
നയൻതാരയുടെ ഈ തിരുപ്പതി സന്ദർശനം പോലും പുതിയതല്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം താരം തിരുമലയില്‍ ദർശനം നടത്തിയ വേളയില്‍ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് നിലവില്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ചിത്രങ്ങളിലെ താരത്തിന്റെ രൂപത്തില്‍ വ്യത്യാസം വരുത്തുകയായിരുന്നു.
യഥാർത്ഥ ചിത്രങ്ങളും പ്രചരിക്കുന്ന ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തതോടെയാണ് എഐ കൃത്രിമത്വം പുറത്തുവന്നത്. ഏപ്രിലില്‍ എടുത്ത ചിത്രങ്ങളില്‍ നയൻതാര അണിഞ്ഞിരുന്ന അതേ വസ്ത്രവും ആഭരണങ്ങളുമാണ് വൈറല്‍ ചിത്രങ്ങളിലുമുള്ളത്. എന്നാല്‍ എഐ ഉപയോഗിച്ച് താരത്തിന്റെ തലമുടി മാത്രം ഡിജിറ്റലായി നീക്കം ചെയ്ത് മൊട്ടയടിച്ച രീതിയിലാക്കി മാറ്റുകയായിരുന്നു. യഥാർത്ഥ ചിത്രങ്ങളില്‍ താരത്തിന്റെ മുടി കൃത്യമായി തന്നെ കാണാം.
അതേസമയം, പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നയൻതാര. കിയാര അദ്വാനി, താരാ സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിലുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.

