Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗോളടിച്ച്‌ റൊണാള്‍ഡോ; പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍, മോഡ്രിച്ചിന് കണ്ണീരോടെ മടക്കം

ഗോളടിച്ച്‌ റൊണാള്‍ഡോ; പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍, മോഡ്രിച്ചിന് കണ്ണീരോടെ മടക്കം

ടൊറാന്‍റോ: ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗല്‍ പ്രീ ക്വാർട്ടറില്‍.

അവസാന നിമിഷം വരെ അത്യന്തം നാടകീയത നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പറങ്കിപ്പടയുടെ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോണ്‍സാലോ റാമോസുമാണ് ഗോളുകള്‍ നേടിയത്. ഇവാൻ പെരിസിച്ച്‌ ക്രൊയേഷ്യയ്ക്ക് വേണ്ടി വലകുലുക്കി.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളുകള്‍ക്കായി കിണഞ്ഞ് ശ്രമിച്ചു. പോർച്ചുഗലായിരുന്നു കൂടുതല്‍ അപകടകാരികള്‍. ബ്രൂണോ ഫെർണാണ്ടസും ക്യാൻസലോയും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ക്രോയേഷ്യൻ ഗോള്‍കീപ്പർ ഡൊമിനിക് ലിവാകോവിച്ച്‌ തകർപ്പൻ സേവുകളുമായി പാറ പോലെ ഉറച്ചുനിന്നു. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

കളി മാറിയ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. തുടക്കത്തില്‍ തന്നെ പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ക്രോയേഷ്യയുടെ ഗോള്‍. ബോക്സിനുള്ളിലേക്ക് വന്ന പന്ത് സ്വീകരിച്ച ഇവാൻ പെരിസിച്ചിന്റെ മനോഹരമായ ഹെഡര്‍ പോർച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയെ മറികടന്ന് വലയില്‍ പതിച്ചു. ഗോള്‍ വഴങ്ങിയതോടെ പോർച്ചുഗല്‍ ആക്രമണം കടുപ്പിച്ചു.

നീണ്ട വാര്‍ പരിശോധനകള്‍ക്കൊടുവില്‍ കോര്‍ണര്‍ കിക്കിനിടെ ബോക്സിനുള്ളിലെ ഫൗള്‍ കണ്ടെത്തിയ റഫറി പോർച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യം കണ്ടു. കരിയറിലെ 146-ാം അന്താരാഷ്ട്ര ഗോളും ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ആദ്യ ഗോളും സ്വന്തമാക്കി. ഈ ലോകകപ്പിലെ താരത്തിന്റെ മൂന്നാം ഗോള്‍ കൂടിയായിരുന്നു ഇത്. 68-ാം മിനിറ്റില്‍ ഗോള്‍ നേടിയതിന് പിന്നാലെ റൊണാള്‍ഡോയെ കോച്ച്‌ പിൻവലിച്ചു. ഇതില്‍ താരം അതീവ നിരാശനായാണ് കാണപ്പെട്ടത്.

മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന പ്രതീതി നിലനിന്നിരുന്നെങ്കിലും ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റില്‍ (90+4) റാമോസ് പോർച്ചുഗലിന്‍റെ വിജയ ഗോള്‍ നേടി. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം നിശ്ചിത സമയവും കഴിഞ്ഞ് നീങ്ങിയതോടെ കാണികളും കളിക്കാരും ഒരുപോലെ ആകാംക്ഷാഭരിതരായി.

കളിയുടെ അവസാന സെക്കന്‍ഡില്‍ ക്രൊയേഷ്യ വീണ്ടും വല കുലുക്കിയെങ്കിലും വാർ പരിശോധനയില്‍ റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ഇതോടെ പോർച്ചുഗല്‍ പ്രീ ക്വാർട്ടറിലേയ്ക്ക് മുന്നേറി. ക്രൊയേഷ്യയുടെ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന് ലോകകിരീടമില്ലാതെ മടങ്ങേണ്ടിയും വന്നു. പ്രീ ക്വാർട്ടറില്‍ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam