Gold Rate Today: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്വർണവില ഉയർന്നു. പവന് 160 രൂപ കൂടി 1,08,280 രൂപയായി.
ഗ്രാമിന് 20 രൂപ വർധിച്ച് 13,535 രൂപയിലാണ് വ്യാപാരം. ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വർണവില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വർണവില നേരിയ ഉയർച്ചയോടെ ട്രോയ് ഔണ്‍സിന് 4,161 ഡോളറിലെത്തി. ഈ മാസം യുഎസ് ഫെഡറല്‍ റിസർവ് പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കുറഞ്ഞെങ്കിലും ഉയർന്ന ബോണ്ട് യീല്‍ഡ് സ്വർണവിലയുടെ മുന്നേറ്റത്തിന് തടസമാകുന്നു.
യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതോടെ ഡിസംബറില്‍ പലിശനിരക്ക് വർധിക്കുമെന്ന് നിക്ഷേപക ബാങ്കുകളില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഫെഡ് ചെയർമാൻ കെവിൻ വാർഷ് ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയിട്ടില്ല
അതേസമയം, ഹ്രസ്വകാലത്ത് തന്നെ സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിലെത്താമെന്നാണ് ഫണ്ട് മാനേജർമാരുടെ വിലയിരുത്തല്‍. ഈ വർഷം ജനുവരിയില്‍ ട്രോയ് ഔണ്‍സിന് 5,500 ഡോളറിലെത്തിയ വില മറികടക്കാനാകുമെന്നാണ് ട്രോയ് അസറ്റ് മാനേജ്‌മെന്റിലെ ഫണ്ട് മാനേജർ ഷാർലറ്റ് യോങിന്റെ പ്രതീക്ഷ.
അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ പുതിയ റെക്കോർഡ് ഉണ്ടാകാമെന്നും അവർ വിലയിരുത്തുന്നു. ആഗോള സംഘർഷങ്ങളും സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
അതേസമയം, കേന്ദ്ര ബാങ്കുകള്‍ സ്വർണം വാങ്ങുന്നത് തുടരുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ചൈനയും സ്വർണശേഖരം വർധിപ്പിച്ചിട്ടുണ്ട്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ കൈവശം ഏകദേശം 2,410 ടണ്‍ സ്വർണമുണ്ടെന്നാണ് കണക്ക്.

