Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Google Trends: വൈഭവിന്റെ വെടിക്കെട്ടിനു പിന്നാലെ ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിക്കാരനെ തിരഞ്ഞ് ക്രിക്കറ്റ് പ്രേമികള്‍

Google Trends: വൈഭവിന്റെ വെടിക്കെട്ടിനു പിന്നാലെ ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിക്കാരനെ തിരഞ്ഞ് ക്രിക്കറ്റ് പ്രേമികള്‍

യുണിവേഴ്സല്‍ ബോസ് ക്രിസ് ഗെയിലിന്റെ 30 പന്തിലെ സെഞ്ചുറി എന്ന റെക്കോർഡ് വൈഭവ് സൂര്യവൻഷി ഹൈദരാബാദിനെതിരായ മത്സരത്തില്‍ തകർക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.

എന്നാല്‍ റെക്കോർഡ് സെഞ്ചുറിക്ക് 3 റണ്‍സ് അകലെ വെച്ച്‌ രാജസ്ഥാൻ റോയല്‍സിന്റെ ഓപ്പണർ പുറത്തായത് വൈഭവിനെ പോലെ ക്രിക്കറ്റ് ലോകത്തേയും കുറച്ചൊന്ന് നിരാശപ്പെടുത്തി.

വൈഭവിന്റെ വെടിക്കെട്ട് പ്രകടനത്തിനു പിന്നാലെ താരം കൈവിട്ട ആ തകർപ്പൻ റെക്കോർഡ് ഗൂഗിളിലും താരമാവുകയാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച്‌ പത്തു ലക്ഷത്തിലധികം ആളുകളാണ് ഐപിഎല്ലിലെ അതിവേഗ സെഞ്ചുറി തിരഞ്ഞ് ഗൂഗിളില്‍ എത്തിയത്. ഗൂഗിള്‍ ട്രെൻഡിങ് പട്ടികയിലും ഇത് ഇടംനേടി.

അതേസമയം, ഐപിഎല്ലിലെ അതിവേഗ സെഞ്ചുറി റെക്കോർഡ് നഷ്ടമായെങ്കിലും 29 പന്തില്‍ 97 റണ്‍സ് അടിച്ചുകൂട്ടി വൈഭവ് നിരവധി വമ്പൻ നേട്ടങ്ങള്‍ തന്റെ പേരിലാക്കി. ഒരു ഐപിഎല്‍ സീസണില്‍ അണ്‍ക്യാപ്പ്ഡ് പ്ലെയർ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോർഡ് ഉള്‍പ്പെടെ ഒന്നിലേറെ റെക്കോർഡുകളാണ് സൂര്യവൻഷി സ്വന്തമാക്കിയത്. ഐപിഎല്‍ 2023ല്‍ 626 റണ്‍സ് നേടിയ തന്റെ സഹ രാജസ്ഥാൻ റോയല്‍സ് ബാറ്റർ യശസ്വി ജയ്‌സ്വാളിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്. ഈ സീസണില്‍ വൈഭവ് ഇപ്പോള്‍ 680 റണ്‍സ് നേടിക്കഴിഞ്ഞു.

ഒരു ഐപിഎല്‍ സീസണിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോർഡും ഇനി വൈഭവിനാണ്. ഈ സീസണില്‍ 65 തവണ വൈഭവ് പന്ത് നിലംതൊടീക്കാതെ പറത്തി. ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോള്‍ ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർക്കാൻ വൈഭവിന് ഏഴു സിക്സറുകള്‍ ആവശ്യമായിരുന്നു. വെറും 15 പന്തുകള്‍ക്കുള്ളില്‍ വൈഭവ് ആ റെക്കോർഡ് മറികടന്നു. വൈഭവിന്റെ 65 സിക്സറുകള്‍ ഒരു ടി20 ടൂർണമെന്റിലോ പരമ്പരയിലോ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സിക്സർ റെക്കോർഡ് കൂടിയാണ്.

ഒരു ടി20 ടൂർണമെന്റില്‍ 600 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ കൗമാരക്കാരനായി ഈ 15 വയസ്സുകാരൻ മാറി. ഈ നേട്ടത്തിലെത്താൻ ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ 17 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ വൈഭവ് ഈ നാഴികക്കല്ല് പിന്നിട്ടു. കൂടാതെ, 16 പന്തില്‍ ആണ് വൈഭവ് അർദ്ധ സെഞ്ചുറി നേടിയത്. ഐപിഎല്‍ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന സുരേഷ് റെയ്‌നയുടെ റെക്കോർഡിനൊപ്പമാണ് വൈഭവ് എത്തിയത്. 2014 ലെ ക്വാളിഫയർ 2ല്‍ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനായി റെയ്‌ന 16 പന്തില്‍ അർദ്ധ സെഞ്ചുറി നേടിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam