നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ലൈംഗികാധിക്ഷേപകരമായ പരാമർശം നടത്തിയ കേസില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പൊലീസിന്റെ പിടിയിലായ വാർത്ത വലിയ ഞെട്ടലാണ് തമിഴകത്ത് സൃഷ്ടിച്ചത്.
ഇന്നു രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിനു പിന്നാലെ ഡി.എം.കെ പ്രവർത്തകർ അടക്കം നിരവധി ആളുകളാണ് സംഭവം തിരഞ്ഞ് ഗൂഗിളില്‍ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിലേറെ സെർച്ചുകളാണ് ഉണ്ടായത്. ഗൂഗിള്‍ ട്രെൻഡ്സിലും ഉദയനിധിയാണ് ഒന്നാമത്.
ഇന്നു രാവിലെ 11 മണിയോടെ ചെന്നൈയിലെ വീട്ടിലെത്തിയാണ് പൊലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. കാവേരി പ്രതിഷേധ യോഗത്തില്‍ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനായി തഞ്ചാവൂരിലേക്കാണ് ഉദയനിധിയെ കൊണ്ടുപോയത്.
കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ ഡി.എം.കെ.യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കി സംസാരിച്ച ഉദയനിധി സ്റ്റാലിൻ നടത്തിയ ചില പരാമർശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് വലിയ വിവാദമായി മാറിയിരുന്നു.
ടിവികെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് ജലവിഭവ മന്ത്രിയുമായ ആനന്ദ്, മന്ത്രി ആദവ് അർജുന്‍ എന്നിവരുള്‍പ്പെടെയുള്ള മന്ത്രിമാർ ഉദയനിധിയുടെ പരാമർശത്തെ ശക്തമായി അപലപിച്ചിരുന്നു. ബി.ജെ.പി. ദേശീയ വനിതാ മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസൻ, നടി ഖുശ്ബു, അണ്ണാമലൈ എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

