വാഷിംഗ്ടണ്‍: ഹമാസ് ഉള്‍പ്പെടെ ഗാസയിലെ എല്ലാ സായുധ ഗ്രൂപ്പുകളും പൂർണ്ണമായി നിരായുധീകരിക്കുന്നതിനുള്ള ബോർഡ് ഓഫ് പീസ് കരാറില്‍ എത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
പശ്ചിമേഷ്യൻ മേഖലയില്‍ ശാശ്വതമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് ട്രംപ് വ്യക്തമാക്കി.
ചരിത്രപരമായ കരാറിനാണ് രൂപം നല്‍കിയതെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നാണ് നിരായുധീകരണ കരാർ.
ബോർഡ് ഓഫ് പീസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ പലസ്തീൻ ഭരണകൂടത്തിന് ഗാസയുടെ ഭരണച്ചുമതല കൈമാറാൻ ഈ കരാർ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതോടൊപ്പം, ഗാസയില്‍ നിന്ന് ഇസ്രായേലിന് നേരെ ഇനി ആക്രമണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇസ്രായേലിന് ആവശ്യമായ സുരക്ഷ നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹമാസിന്റെ നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂർണ്ണമായി പിന്മാറും. തുടർന്ന്, ഇന്റർനാഷണല്‍ സ്റ്റെബിലൈസേഷൻ ഫോഴ്സ് പുതിയ പലസ്തീൻ പൊലീസ് സേനയുമായി ചേർന്ന് ഗാസയിലെ ജനങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കും.
ഒക്ടോബർ 7 ന് ഉണ്ടായത് പോലുള്ള ഭീഷണികള്‍ ഇനി ഗാസയില്‍ നിന്ന് വീണ്ടും ഉയർന്നുവരാൻ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ചർച്ചകളില്‍ നിർണായക മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങള്‍ക്കും തന്റെ സംഘത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
കെയ്‌റോയില്‍ യു.എസ് മധ്യസ്ഥതയില്‍ നടന്ന ചർച്ചകളില്‍ പുരോഗതിയുണ്ടായതായി റിപ്പോർട്ടുകള്‍ ഉണ്ടെങ്കിലും, കരാർ ഉപാധികള്‍ പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഹമാസ് പൂർണ്ണമായി ആയുധം വെച്ചൊഴിയുമെന്ന കാര്യത്തില്‍ ഇസ്രയേലിന് സംശയങ്ങളുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ഹമാസോ ഇസ്രായേലോ പുതിയ കരാറിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

