വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായില്ലെങ്കില്‍ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലായിരുന്നു ട്രംപിന്റെ പ്രതികരണം. "ഇറാൻ സമ്മതിക്കുകയാണെങ്കില്‍, ഓപ്പറേഷൻ എപ്പിക് ഫ്യൂറി അവസാനിക്കും. ഉപരോധം പിൻവലിക്കുന്നതോടെ ഇറാൻ ഉള്‍പ്പെടെ എല്ലാവർക്കുമായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കും. എന്നാല്‍ അവർ ഇത് സമ്മതിച്ചില്ലെങ്കില്‍, ബോംബാക്രമണം ആരംഭിക്കും. അത് മുമ്പത്തേതിനേക്കാള്‍ തീവ്രതയിലായിരിക്കും."
യുഎസ് നിർദേശം ഇറാൻ പരിശോധിച്ചുവരികയാണെന്നും, തങ്ങളുടെ നിലപാട് പാക്കിസ്ഥാനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി നടത്തുന്ന ചർച്ചകളില്‍ നീതിയുക്തവും സമഗ്രവുമായ ഒരു കരാർ മാത്രമേ ഇറാൻ അംഗീകരിക്കുകയുള്ളൂവെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ബെയ്ജിങ്ങില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സൈനിക ആക്രമണം നടത്താൻ താൻ മടിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങള്‍ താൻ പരിശോധിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. കരാറിന്റെ ഏകദേശ രൂപം തനിക്ക് ലഭിച്ചിട്ടുണ്ട്, എന്നാല്‍ അതിന്റെ പൂർണരൂപം കൂടി കണ്ടതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവർ തെറ്റായ എന്തെങ്കിലും ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും. നിലവില്‍ ഇറാൻ സാമ്പത്തികമായും മറ്റും തകർന്നിരിക്കുകയാണ്," ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കണമെന്നും അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകള്‍ പിന്നീട് നടത്താമെന്നും ഇറാൻ നിർദേശിക്കുന്നു. ഉപരോധങ്ങള്‍ നീക്കുകയും മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുകയും ചെയ്താല്‍ സമാധാന ചർച്ചകള്‍ക്ക് തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്.

