Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മുസില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; തിരിച്ചടിക്കാനൊരുങ്ങി അമേരിക്ക?

ഹോര്‍മുസില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; തിരിച്ചടിക്കാനൊരുങ്ങി അമേരിക്ക?

വാഷിംഗ്ടണ്‍: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തിങ്കളാഴ്ച രാത്രി ഇറാൻ സൈന്യം വീണ്ടും മിസൈല്‍ ആക്രമണം നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുണ്ടായിരുന്ന ഒരാഴ്ചത്തെ വെടിനിർത്തല്‍ കരാർ അവസാനിച്ചതിനു പിന്നാലെയാണ് ആക്രമണമെന്നാണ് വിവരം. ഇരുരാജ്യങ്ങളും ഒപ്പുവെച്ച സമാധാന കരാറിനും തിരിച്ചടിയാണ് പുതിയ നീക്കം.

ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ഒരു എണ്ണക്കപ്പലിന് നേരെ അജ്ഞാത വസ്തു പതിക്കുകയും കപ്പലിന് തീപിടിക്കുകയും ചെയ്തതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി സ്ഥിരീകരിച്ചു. ഒമാനിലെ ലിമയ്ക്ക് കിഴക്ക് എട്ട് നോട്ടിക്കല്‍ മൈല്‍ മാറിയാണ് സംഭവം. ആക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പാരിസ്ഥിതിക ആഘാതങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെ ഏജൻസി വ്യക്തമാക്കി.

മറ്റൊരു വാണിജ്യ കപ്പലിന് നേരെയും ഇറാന്റെ മിസൈലാക്രമണം ഉണ്ടായതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ആണ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. രണ്ടു കപ്പലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹോർമുസില്‍ സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിനായി യുഎസും ഇറാനും തമ്മില്‍ കരാർ ഒപ്പിട്ട് ആഴ്ചകള്‍ തികയും മുൻപാണ് പുതിയ പ്രകോപനം. കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം വീണ്ടും തുടങ്ങിയ പശ്ചാത്തലത്തില്‍, തിരിച്ചടിക്കാൻ അമേരിക്ക ഒരുങ്ങുന്നതായാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam