Tuesday, 03 Aug, 7.04 pm The Indian Express മലയാളം

സ്പോര്‍ട്സ്
India vs England: അവസാന ഇലവനില്‍ ആരൊക്കെ?, കോഹ്‌ലിയുടെ തിരഞ്ഞെടുപ്പില്‍ കണ്ണുനട്ട് ക്രിക്കറ്റ് ലോകം

നോട്ടിങ്ഹാം: ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പാരമ്ബരക്കായി ഇന്ത്യ ഇറങ്ങുമ്ബോള്‍ ക്യാപ്റ്റന്‍ കോഹ്‌ലിക്ക് മുന്‍പിലുള്ളത് വലിയൊരു പരീക്ഷണമാണ്. ശക്തരായ ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്നതാണ് വെല്ലുവിളി.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം അവസാന ഇലവനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാഹചര്യം കണക്കിലെടുക്കാതെ മുന്‍കൂട്ടി ടീം പ്രഖ്യാപിച്ചതിനു പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നിരുന്നാലും, ബുധനാഴ്ച മത്സരത്തിന് ടീം പ്രഖ്യാപിക്കുമ്ബോള്‍ കോഹ്ലി ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനെ കുറിച്ച്‌ ദീര്‍ഘ നേരം ചിന്തിക്കേണ്ടി വരും. പരുക്കേറ്റ മായങ്ക് അഗര്‍വാളിന് ആദ്യ മത്സരം നഷ്ടമാകുന്നതോടെ രണ്ടു ഓപ്പണര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ നിലവില്‍ ഉള്ളത്, രോഹിത് ശര്‍മയും കെഎല്‍ രാഹുലും.

ടെസ്റ്റില്‍ രണ്ടായിരത്തില്‍ അധികം റണ്‍സ് സമ്ബാദിച്ചിട്ടുള്ള രാഹുല്‍ രോഹിതുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ പോന്ന താരമാണ്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവവും രണ്ടു സ്പിന്നര്‍മാരെ ഉപയോഗിക്കേണ്ടി വരുന്നതും ചോദ്യങ്ങള്‍ക്ക് കാരണമാവും.

ഓസ്‌ട്രേലിയയില്‍ ഒരിക്കല്‍ ന്യൂ ബോളുകള്‍ നേരിട്ട ഹനുമാ വിഹാരിയെ ഉള്‍പ്പെടുത്തുന്നത് ചിന്തിക്കുമോ എന്നതും കാത്തിരുന്ന് അറിയണം. മികച്ച ഓഫ് സ്പിന്നര്‍ കൂടിയായ വിഹാരിയെ രവിചന്ദ്രന്‍ അശ്വിനോടൊപ്പം പരിഗണിച്ചാല്‍ ബോളിങ് ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജക്ക് പകരം ശാര്‍ദൂല്‍ താക്കൂറിന് വഴി ഒരുങ്ങും.

ബോളിങ്ങില്‍ മുഹമ്മദ് ഷമിക്കും ഇഷാന്ത് ശര്‍മ്മക്കും സാധ്യതയുണ്ട്. കഴിഞ്ഞ പരമ്ബരയിലെ പ്രകടനം ജസ്പ്രീത് ബുംറക്ക് അവസാന ഇലവനില്‍ സ്ഥാനം ഉറപ്പാക്കുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ പുതിയ സെന്‍സേഷനായ മുഹമ്മദ് സിറാജിനെ പുറത്തിരുത്തുമോ?

കഴിഞ്ഞ തവണ ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ കുല്‍ദീപ് യാദവിനെ കോഹ്ലി ടീമില്‍ ഉള്‍പ്പെടുത്തിയത് ആടിനെ അറുക്കാനായി നല്‍കിയതിന് സമാനമായിരുന്നു. അതുപോലെ മഴ മൂലം ഒരു ദിവസം വൈകി തുടങ്ങിയ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനലില്‍ ഒരു ഫാസ്റ്റ് ബോളറിന് പകരം ജഡേജയെ ഉള്‍പ്പെടുത്തിയതും ടീമിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ സെഞ്ചുറി നേടിയ രാഹുലിന് അവസാന ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങളിലും രാഹുല്‍ നല്ല ഫോമിലായിരുന്നു.

ചേതേശ്വര്‍ പൂജാരയുടെയും മധ്യനിരയില്‍ അജിങ്ക്യ രഹാനെയുടെയും പ്രകടനങ്ങള്‍ ടീമിന് നിര്‍ണായകമാണ്. അവസാന ഇലവനില്‍ അവരുടെ ഇടത്തെ സംബന്ധിച്ചു സംശയങ്ങള്‍ ഇല്ലെങ്കിലും അടുത്ത മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ടീമില്‍ എത്തുമ്ബോള്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്ന് കണ്ടറിയേണ്ടതാണ്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യക്ക് നല്ല റെക്കോര്‍ഡ് ഉണ്ടെങ്കിലും ഇംഗ്ലണ്ടില്‍ ഇന്ത്യ അവസാനം കളിച്ച മൂന്ന് പരമ്ബരകളിലെ 14 മത്സരങ്ങളില്‍ 11ലും തോല്‍വി ആയിരുന്നു ഫലം. അതില്‍ രണ്ടെണ്ണത്തില്‍ ധോണി ആയിരുന്നു ക്യാപ്റ്റന്‍.

India vs England Test Series 2021: ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; മത്സരക്രമം, ടീം, അറിയാം

ടീം

ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഹനുമ വിഹാരി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ജസ്പ്രിത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്

ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റന്‍), റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ജോസ് ബട്ട്ലര്‍, മാര്‍ക്ക് വുഡ്, സാം കറന്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്‌, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top