Friday, 23 Oct, 5.02 pm The Indian Express മലയാളം

സ്പോര്‍ട്സ്
IPL 2020- CSK vs MI: തോല്‍വിയുടെ വിസിലൂതി വീണ്ടും ചെന്നൈ, മുംബൈയ്‌ക്ക് അനായാസ ജയം

IPL 2020- CSK vs MI: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ചെന്നെെ സൂപ്പര്‍ കിങ്‌സിന് ഈ സീസണില്‍ വീണ്ടും തോല്‍വി. മുംബെെ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ധോണിയുടെ മഞ്ഞപ്പട നാണം കെട്ടു. ചെന്നെെ സൂപ്പര്‍ കിങ്‌സിനെ പത്ത് വിക്കറ്റിനാണ് മുംബെെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്‌ത ചെന്നെെ സൂപ്പര്‍ കിങ്‌സിന്റെ 114 റണ്‍സ് ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടുത്താതെ മുംബെെ ഇന്ത്യന്‍ മറികടന്നു. മുംബെെയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ 37 പന്തില്‍ നിന്ന് 68 റണ്‍സും ക്വിന്റണ്‍ ഡി കോക്ക് 37 പന്തില്‍ നിന്ന് 46 റണ്‍സും നേടി പുറത്താകാതെ നിന്നു. ആറ് ഫോറും അഞ്ച് സിക്‌സും നേടിയ ഇഷാന്‍ കിഷന്‍ ശ്രദ്ധേയമായ പോരാട്ടമാണ് കാഴ്‌ചവച്ചത്.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സാം കറാന്‍ ഒഴികെയുള്ള എല്ലാ ബാറ്റ്‌സ്‌മാന്‍മാരും അടിയറവുപറഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മോശം ടോട്ടല്‍. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയത് വെറും 114 റണ്‍സ്.

സാം കറാന്‍ മാത്രമാണ് ചെന്നൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. കറാന്‍ കൂടി അതിവേഗം കൂടാരം കയറിയിരുന്നെങ്കില്‍ ചെന്നൈയുടെ സ്‌കോര്‍ രണ്ടക്കത്തില്‍ ഒതുങ്ങിയേനെ. കറാന്‍ 47 പന്തില്‍ നിന്ന് 52 റണ്‍സ് നേടി. 20-ാം ഓവറിലെ അവസാന പന്തിലാണ് കറാന്‍ പുറത്തായത്. രണ്ട് സിക്‌സും നാല് ഫോറും സഹിതമാണ് കറാന്‍ അര്‍ധ സെഞ്ചുറി തികച്ചത്.

ആദ്യ മൂന്ന് റണ്‍സിനിടെ ചെന്നൈയ്‌ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്വാഡിനെ ജസ്‌പ്രീത് ബുംറ മടക്കി. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ പിറന്നിട്ടു പോലുമില്ലായിരുന്നു. പിന്നീട് ടീം ടോട്ടല്‍ മൂന്ന് ആയപ്പോള്‍ രണ്ട് റണ്‍സെടുത്ത അമ്ബാട്ടി റായിഡു പുറത്ത്. ബുംറ തന്നെയാണ് റായിഡുവിനെ മടക്കിയത്. പിന്നാലെ എന്‍.ജഗദീശന്‍, ഫാഫ് ഡു പ്ലെസിസ് എന്നിവരും കൂടാരാം കയറി. ഇതോടെ മൂന്ന് റണ്‍സിന് നാല് വിക്കറ്റ് എന്ന ദയനീയ സ്ഥിതിയിലായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡു പ്ലെസിസ് ഒരു റണ്‍ മാത്രമെടുത്തപ്പോള്‍ ജഗദീശന്‍ റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്.

നായകന്‍ എം.എസ്.ധോണി 16 പന്തില്‍ നിന്ന് 16 റണ്‍സുമായി ചെറുത്ത് നില്‍പ്പിനു ശ്രമിച്ചെങ്കിലും രാഹുല്‍ ചഹര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. രവീന്ദ്ര ജഡേജ ( ആറ് പന്തില്‍ നിന്ന് ഏഴ് റണ്‍), ദീപക് ചഹര്‍ (പൂജ്യം), ശര്‍ദുല്‍ താക്കൂര്‍ ( 20 പന്തില്‍ നിന്ന് 11) എന്നിവരുടെ വിക്കറ്റുകളും ചെന്നൈയ്‌ക്ക് നഷ്ടമായി. ഇമ്രാന്‍ താഹിര്‍ 10 പന്തില്‍ നിന്ന് 13 റണ്‍സുമായി പുറത്താകാതെ നിന്നു.

പരുക്ക് മൂലം മുംബെെ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇന്ന് കളിച്ചില്ല. കിറോണ്‍ പൊള്ളാര്‍ഡാണ് മുംബെെയെ നയിച്ചത്. ടോസ് ജയിച്ച മുംബെെ ഇന്ത്യന്‍സ് നായകന്‍ കിറോണ്‍ പൊള്ളാര്‍ഡ് ചെന്നെെ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ചെന്നെെ സൂപ്പര്‍ കിങ്‌സ് പ്ലേയിങ് ഇലവന്‍: സാം കറാന്‍, ഫാഫ് ഡു പ്ലസിസ്, അമ്ബാട്ടി റായിഡു, എന്‍.ജഗദീശന്‍, എം.എസ്.ധോണി, റുതുരാജ് ഗെയ്‌ക്വാഡ്, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, ശര്‍ദുല്‍ താക്കൂര്‍, ജോ ഹെയ്‌സല്‍വുഡ്, ഇമ്രാന്‍ താഹിര്‍

മുംബെെ ഇന്ത്യന്‍സ് പ്ലേയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, സൗരഭ്‌ തിവാരി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കിറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍-നെെല്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്‌പ്രീത് ബുംറ

നെഞ്ചുവേദന; കപില്‍ ദേവ് ആശുപത്രിയില്‍, അടിയന്തര ശസ്‌ത്രക്രിയ

പത്ത് കളികളില്‍ നിന്ന് ഏഴ് വിജയവും മൂന്ന് തോല്‍വിയുമായി ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് മുംബെെ ഇന്ത്യന്‍സ്. അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്‌തമിച്ചു . പതിനൊന്ന് കളികള്‍ പൂര്‍ത്തിയാക്കിയ ധോണിക്കും സംഘത്തിനും ഇതുവരെ ജയിക്കാന്‍ സാധിച്ചത് മൂന്ന് കളികളില്‍ മാത്രം, എട്ട് കളികളില്‍ തോറ്റു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍ കൂടിയാണ് ചെന്നൈ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top