സ്പോര്‍ട്സ്
ISL 2020-21, ATKMB vs SCEB: തുടര്‍ച്ചയായ രണ്ടാം ജയവുമായി എടികെ മോഹന്‍ ബഗാന്; കൊല്‍ക്കത്ത ഡെര്‍ബിയില്‍ അടിതെറ്റി ഈസ്റ്റ് ബംഗാള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബദ്ധവൈരികളോട് മോഹന്‍ ബഗാന് ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ എടികെ മോഹന്‍ ബഗാന് സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി.
വാശിയേറിയ പോരാട്ടം ഇരു ടീമുകളും പുറത്തെടുത്ത മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വയ്ക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചെങ്കിലും ലഭിച്ച അവസരം മുതലാക്കി എടികെ മോഹന്‍ ബഗാന് നേടിയ ഗോളുകള്‍ അവര്‍ക്ക് വിജയമൊരുക്കുകയായിരുന്നു. ഇരു ടീമുകളുടെയും മുന്നേറ്റവും പ്രതിരോധവും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്ത മത്സരം കൊല്‍ക്കത്തന്‍ ഡെര്‍ബിയുടെ എല്ലാം വീറും വാശിയും വ്യക്തമാക്കുന്നതായിരുന്നു.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ കോര്‍ണര്‍ വഴങ്ങിയെങ്കിലും മോഹന്‍ ബഗാനെതിരെ പിന്നീട് ശക്തമായ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. 29-ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസപരം ഗോളാക്കാന്‍ ചെമ്ബടയ്ക്ക് സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
എന്നാല്‍ രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ തന്നെ റോയ് കൃഷ്ണ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. ജയേഷ് റാണ തുടക്കമിട്ട മുന്നേറ്റം ഇടത് വിങ്ങിലൂടെ ജാവിയര്‍ ഹെര്‍ണാണ്ടസ് ഏറ്റെടുക്കുകയും റോയ് കൃഷ്ണയിലേക്ക് എത്തിക്കുകയുമായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷവും മത്സരത്തിലേക്ക് മടങ്ങി വരാന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 84-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് എടികെ മോഹന്‍ ബഗാന്റെ ലീഡ് രണ്ടാക്കി.
ഈസ്റ്റ് ബംഗാള്‍ എഫ്സി ആദ്യ ഇലവന്: ദെബ്ജിത് മജുംദാര്‍, സ്കോട്ട് നെവില്ലേ, ഡാനി ഫോക്സ്, റാണ ഖരാമി, വില്ലേ സ്റ്റെയ്മാന്‍, ലോകന്‍ മേഠി, നാരായന് ദാസ്, സുര്‍ചന്ദ്ര ചന്ദം, അന്തോണി പില്കിങ്ടന്, ജാക് മഗോമ, ബല്‍വന്ത് സിങ്.
എടികെ മോഹന്‍ ബഗാന് ആദ്യ ഇലവന്: അരിന്ദം ഭട്ടാചാര്യ, പ്രബീര്‍ ദാസ്, പ്രീതം കൊട്ടാള്‍. തിരി, സന്ദേശ് ജിങ്കന്, സുഭാശിഷ് ബോസ്, കാള്‍ മോഗ്, ജാവി ഹെര്‍ണാണ്ടസ്, ജയേഷ് റാണ, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.