Thursday, 22 Apr, 6.12 pm The Indian Express മലയാളം

എന്റര്‍ടെയ്ന്‍മെന്റ്
കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി; 20 മിനിറ്റ് എഴുതിയ പാട്ടാണ്; വൈറല്‍ പാട്ടിനെ കുറിച്ച്‌ എഴുത്തുകാരി

"കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി..," കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന പാട്ടാണ് ഇത്. ആര്യ ദയാല്‍ പാടി അഭിനയിച്ച ഈ പാട്ട് സ്ത്രീ എങ്ങനെയാവണം എന്ന സമൂഹത്തിന്റെ ചിന്താഗതികളെയും വേര്‍ത്തിരിവുകളെയും പൊളിച്ചെഴുതുകയാണ്.

ഗാനരചയിതാവും കവയിത്രിയുമായ ശശികല മേനോനാണ് ഈ വരികള്‍ എഴുതിയിരിക്കുന്നത്. പാട്ടിനു പിന്നിലെ വിശേഷങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് ശശികല. വെറും 20 മിനിറ്റ് കൊണ്ട് തന്റെ മനസ്സില്‍ സ്വാഭാവികമായി വന്ന വരികളാണ് അവയെന്നാണ് ശശികല പറയുന്നത്.

"വനിതശിശുക്ഷേമ വകുപ്പിനു വേണ്ടി ഇത്തരമൊരു പാട്ടൊരുക്കാമോ എന്ന് ആര്യയോട് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ വരികള്‍ എഴുതാമോ എന്ന് ചോദിച്ച്‌ ആര്യ എന്റെയടുത്തെത്തി. ആര്യ എന്റെ മകളുടെ കൂട്ടുകാരിയാണ്. വ്യക്തി സ്വാതന്ത്രമാണ് പാട്ടിന്റെ വിഷയമെന്നും എല്ലാത്തിനോടും അരുത് പറയുന്ന ഒരു കാലഘട്ടത്തിനെതിരെയുള്ള പാട്ടാവണമെന്നും ആര്യ പറഞ്ഞു. ആര്യയുടെ ആ വാചകത്തില്‍ നിന്നും ഒരു 20 മിനിറ്റ് കൊണ്ട് ഞാനാ പാട്ടെഴുതി തീര്‍ത്തു," പാട്ടു പിറന്ന വഴികളെ കുറിച്ച്‌ ശശികല.

എല്ലാ സ്ത്രീകള്‍ക്കും മനസ്സിലാവുന്ന വിഷയമാണ് പാട്ടിലൂടെ പറയുന്നതെന്നും ശശികല കൂട്ടിച്ചേര്‍ത്തു. "ഞാനും ഒരു ഒമ്ബതാം ക്ലാസ്സുവരെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഒരു കുഗ്രാമത്തിലാണ് പഠിച്ചത്. അരുതുകള്‍ മാത്രമായിരുന്നു അന്ന് ജീവിതത്തില്‍. 'തൊട്ടതിനൊക്കെയും അശ്രീകരം ചൊല്ലി ചിട്ട പഠിപ്പിച്ച മുത്തശ്ശനെ കുറിച്ചു' ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. ആ കാലത്ത് എനിക്കൊരുപാട് പറയാനുണ്ടായിരുന്നു, സ്വപ്നങ്ങളുമുണ്ടായിരുന്നു, പക്ഷേ മിണ്ടാന്‍ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ കാലം മാറിയില്ലേ?"

"ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍മാഷ്, രാഘവന്‍ മാഷ്, അര്‍ജുനന്‍ മാഷ് എന്നിവര്‍ക്കൊപ്പം സിനിമാഗാനങ്ങളും നാടകഗാനങ്ങളുമൊക്കെ എഴുതി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ കല്യാണത്തോടെ എനിക്ക് വിട്ടുനില്‍ക്കേണ്ടി വന്നു,​എന്റെ കൂടെ വരാനൊന്നും ആരുമില്ലായിരുന്നു. എനിക്ക് ഒരു 20 വര്‍ഷം ഗ്യാപ് എടുക്കേണ്ടി വന്നു."

" ഈ പാട്ടില്‍ ഞാനെഴുതുന്നുണ്ട്, "മോഹങ്ങള്‍ ആയിരമുണ്ടേ, പാറിപറക്കാന്‍ ചിറകുമുണ്ടേ." എന്ന്. പക്ഷേ എനിക്ക് ആ ചിറകുകള്‍ ഒതുക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ അതുകൊണ്ടു ഒക്കെയാവാം ആ കുട്ടി എന്നോട് പറഞ്ഞത് എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായതും ഒട്ടുമേ ആലോചിക്കാതെ എഴുതാന്‍ കഴിഞ്ഞതും. വരികള്‍ ഞാനെഴുതി കൊടുത്തു, ആര്യയും വര്‍ക്കിയും കൂടിയാണ് അത് ഭംഗിയാക്കിയത്".

"എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യമാാണ്. പട്ടും പൊന്നുമല്ല സ്ത്രീകളെ പൊതിയേണ്ടത്, സ്ത്രീകളെ സ്ത്രീകളായി കണ്ടാല്‍ മതി," എന്നും പാട്ടിലൂടെ ശശികല പറയുമ്ബോള്‍ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നിറയുന്നുണ്ട് ആ വാക്കുകളില്‍. പഠിച്ച്‌ സ്വന്തം കാലില്‍ നില്‍ക്കേണ്ട ആവശ്യകതയെ കുറിച്ച്‌ പെണ്‍കുട്ടികളെ ഓര്‍മിപ്പിക്കുന്നു കൂടിയുണ്ട് തന്റെ വരികളിലൂടെ ശശികല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top