ഡല്‍ഹി: ഈജിപ്തിനെതിരായ അർജന്റീനയുടെ വിവാദ വിജയം ഫുട്ബോള്‍ ലോകത്ത് ചർച്ചയാകുന്നതിനിടെ അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ(എ.എഫ്.എ) അമേരിക്കയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.
പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ നേതൃത്വത്തിലുള്ള അർജന്റീനിയൻ ഫെഡറേഷൻ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളെത്തുടർന്ന് നിരീക്ഷണത്തിലാണെന്ന് അർജന്റീനിയൻ ദിനപത്രമായ ലാ നാഷനെ ഉദ്ധരിച്ച് ഫോക്സ് സ്പോർട്സ് മെക്സിക്കോ വ്യക്തമാക്കി. യുഎസ്‌എയുടെ സാമ്പത്തിക സംവിധാനത്തിലൂടെ ഫുട്ബാള്‍ അസോസിയേഷൻ കോടിക്കണക്കിന് ഡോളർ എങ്ങനെ ചെലവഴിച്ചുവെന്നും ഈ ഇടപാടുകള്‍ യുഎസ്‌എയുടെ അധികാരപരിധിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമോ എന്നും അന്വേഷണ ഏജൻസി മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വിദേശത്തുള്ള എ.എഫ്.എയുടെ സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യുന്ന ഫ്ലോറിഡ ആസ്ഥാനമായുള്ള TourProdEnter LLC എന്ന കമ്പനിയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. തിയേറ്റർ ഉടമയായ ജാവിയർ ഫാരോണി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഫാരോണിയും ഭാര്യ എറിക്ക ഗില്ലറ്റും അഞ്ച് യു.എസ് ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് ഡോളർ കൈമാറ്റം ചെയ്തതായി വ്യക്തമാക്കുന്ന രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവും പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, മുൻ ബ്യൂണസ് ഐറിസ് നിയമസഭാംഗം കൂടിയായ ഫാരോണിയും ഗില്ലറ്റും അഞ്ച് യു.എസ് ധനകാര്യ സ്ഥാപനങ്ങളായ സിറ്റിബാങ്ക്, സിനോവസ്, ബാങ്ക് ഓഫ് അമേരിക്ക, ജെ.പി മോർഗൻ, പി.എൻ.സി ബാങ്ക് എന്നിവയിലെ അക്കൗണ്ടുകള്‍ വഴി കുറഞ്ഞത് നൂറുകണക്കിന് ദശലക്ഷം ഡോളറുകള്‍ കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ഈ അക്കൗണ്ടുകള്‍ വഴി TourProdEnter LLC എ.എഫ്.എയില്‍ നിന്നുള്ള വരുമാനമായി കുറഞ്ഞത് 260 ദശലക്ഷം യു.എസ് ഡോളറെങ്കിലും കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒരു ചെറിയ പങ്ക് മാത്രമേ എഎഫ്‌എയുടെ പ്രവർത്തനച്ചെലവുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കുന്നുള്ളൂ എന്ന് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. മറ്റ് 57 ദശലക്ഷം ഡോളർ കൃത്യമായ സാമ്പത്തിക വിശദീകരണങ്ങളില്ലാത്ത വിവിധ കമ്പനികള്‍ക്കും ഗുണഭോക്താക്കള്‍ക്കുമായി വിതരണം ചെയ്യപ്പെട്ടു.
ഇങ്ങനെ കൈമാറിയ തുകകളില്‍ ദശലക്ഷക്കണക്കിന് ഡോളർ ലഭിച്ച ചില കമ്പനികള്‍ കൃത്യമായ യാതൊരു സേവനങ്ങളും നല്‍കുന്നില്ലെന്നും, ഒഫീഷ്യല്‍ റെക്കോർഡുകള്‍ പ്രകാരം ഈ കമ്പനികള്‍ നിയന്ത്രിച്ചിരുന്നത് ബ്യൂണസ് ഐറിസിലോ ബാറിലോച്ചിലോ താമസിക്കുന്ന, ഗവണ്‍മെന്റിന്റെ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സാധാരണക്കാരായ വ്യക്തികളാണെന്നും രേഖകള്‍ വ്യക്തമാക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
ലോകകപ്പിന് തൊട്ടുമുമ്പ് രാജ്യത്തെയാകെ ഉലച്ച ഒരു വലിയ പ്രതിസന്ധിയുടെ കേന്ദ്രത്തിലായിരുന്നു എ.എഫ്.എ തലവൻ ടാപിയ. അഴിമതി അന്വേഷണങ്ങള്‍, ആഭ്യന്തര ലീഗില്‍ വരുത്തിയ ജനപ്രീതിയില്ലാത്ത മാറ്റങ്ങള്‍, കുറഞ്ഞ റാങ്കിലുള്ള ടീമുകള്‍ക്കെതിരെ ലോകകപ്പിന് മുന്നോടിയായി നടത്തിയ പരിശീലന മത്സരങ്ങള്‍ എന്നിവ കാരണം പൊതുജനങ്ങളും ആരാധകരും ടാപിയയ്ക്കും അസോസിയേഷനും എതിരെ തിരിഞ്ഞിരുന്നു.
അതേസമയം, ടാപിയയും അർജന്റീനൻ പ്രസിഡന്റ് ഹാവിയർ മിലെയ്‌യും തമ്മില്‍ രാജ്യത്തെ ഫുട്ബോള്‍ ക്ലബ്ബുകളുടെ ഉടമസ്ഥാവകാശ ഘടനയെച്ചൊല്ലി വലിയ അധികാര തർക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് അവസാന വാരത്തില്‍ മിലെയ് സർക്കാരിന്റെ പരാതിയെത്തുടർന്ന് ടാപിയയ്‌ക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുത്തിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം ബ്യൂണസ് ഐറിസില്‍ മൗറിട്ടാനിയയ്‌ക്കെതിരെയുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി മൈതാനത്ത് വച്ച് ഒരു ഫലകം സ്വീകരിക്കുന്നതിനിടെ കാണികള്‍ ടാപിയയെ കൂവിവിളിക്കുകയും ചെയ്തിരുന്നു.

