ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളില്‍ ഒരാളാണ് രണ്‍വീർ സിംഗ്. എന്നാല്‍ 2011 ല്‍ തന്റെ ആദ്യ സിനിമയായ 'ബാൻഡ് ബാജ ബാരാത്തി'ലൂടെ മികച്ച നവാഗത നടനുള്ള സ്ക്രീൻ അവാർഡ് ഏറ്റുവാങ്ങുമ്പോള്‍ താരം നിയന്ത്രണം വിട്ട് കരയുകയായിരുന്നു.
അന്ന് ആ വേദിയില്‍ വെച്ച് രണ്‍വീറിന്റെ കണ്ണീർ തുടപ്പിക്കുകയും താരത്തെക്കൊണ്ട് ഡാൻസ് കളിപ്പിക്കുകയും ചെയ്ത ഷാരൂഖ് ഖാന്റെ പഴയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നത്.
17-ാമത് സ്ക്രീൻ അവാർഡ്‌സ് വേദിയിലായിരുന്നു ആ വൈകാരിക നിമിഷം. ഷാരൂഖ് ഖാൻ, കരണ്‍ ജോഹർ, ഷാഹിദ് കപൂർ എന്നിവർ നില്‍ക്കുന്ന വേദിയിലേക്ക് അവാർഡ് വാങ്ങാൻ എത്തിയ രണ്‍വീർ പൊട്ടിക്കരയുകയായിരുന്നു. "ചെറുപ്പം മുതലേ ഒരു നടനാകണമെന്ന് ആഗ്രഹിച്ച എനിക്ക്, ഈ മഹാരഥന്മാർക്കൊപ്പം വേദി പങ്കിടുന്നത് വിശ്വസിക്കാനാവുന്നില്ല" എന്നായിരുന്നു വിറയ്ക്കുന്ന ശബ്ദത്തോടെ രണ്‍വീർ പറഞ്ഞത്.
സദസ്സിലിരുന്ന സല്‍മാൻ ഖാൻ പോലും രണ്‍വീറിന്റെ വാക്കുകള്‍ കേട്ട് വികാരാധീനനായി. "നീ വന്ന സ്ഥിതിക്ക് ഇനി ഞങ്ങളുടെ ഗതി എന്താകും?" പ്രസംഗം കഴിഞ്ഞ് വേദി വിടാൻ തുടങ്ങിയ രണ്‍വീറിനെ ഷാരൂഖ് ഖാൻ തടഞ്ഞു. തന്റെ സ്വതസിദ്ധമായ തമാശയിലൂടെ ഷാരൂഖ് സദസ്സിനെ ചിരിപ്പിച്ചു.
"നീ എങ്ങോട്ടാണ് പോകുന്നത്? എന്തിനാണ് കരയുന്നത്? നീ സിനിമയിലേക്ക് വന്ന സ്ഥിതിക്ക് ഇനി ഞങ്ങളുടെയൊക്കെ അവസ്ഥ എന്താകും? ഇങ്ങോട്ട് വരൂ, ഞങ്ങളെ ഒന്ന് കെട്ടിപ്പിടിക്കൂ. നീ എത്രത്തോളം മികച്ച നടനാണെന്ന് ഞങ്ങള്‍ പറഞ്ഞുതരാം," - ഷാരൂഖ് പറഞ്ഞു.
രണ്‍വീറിന്റെ സങ്കടം മാറ്റാൻ ഷാരൂഖ് ഒരു വെല്ലുവിളി കൂടി മുന്നോട്ടുവെച്ചു. അണിയറയില്‍ താനും ഷാഹിദും കരണും സംസാരിച്ച കാര്യമാണെന്നും, 'ബാൻഡ് ബാജ ബാരാത്തി'ലെ ഹിറ്റ് പാട്ടായ 'ഐൻവയി ഐൻവയി' എന്ന പാട്ടിലെ ആ സിഗ്നേച്ചർ സ്റ്റെപ്പ് തങ്ങളെ പഠിപ്പിക്കണമെന്നും ഷാരൂഖ് ആവശ്യപ്പെട്ടു. ഉടൻ തന്നെ രണ്‍വീർ ചുവടുകള്‍ വെക്കുകയും ഷാരൂഖും ഷാഹിദും കരണും അത് ഏറ്റുചെയ്യുകയും ചെയ്തതോടെ അവാർഡ് വേദി ആഘോഷമായി മാറി.
വരാനിരിക്കുന്ന ചേതക് സ്ക്രീൻ അവാർഡ്‌സ് 2026-ന്റെ പശ്ചാത്തലത്തിലാണ് വർഷങ്ങള്‍ക്ക് മുൻപുള്ള നിമിഷങ്ങള്‍ ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഏപ്രില്‍ 5 ന് മുംബൈയില്‍ നടക്കുന്ന അവാർഡ് നിശ സോണി ലിവി ലും സോണി ടിവിയിലും തത്സമയം കാണാം.

