Dailyhunt
Kerala Election 2026: കേരളം പോളിങ് ബൂത്തിലേക്ക്; പോളിങ് സമയം മുതല്‍ തിരിച്ചറിയല്‍ രേഖ വരെ അറിയേണ്ടതെല്ലാം

Kerala Election 2026: കേരളം പോളിങ് ബൂത്തിലേക്ക്; പോളിങ് സമയം മുതല്‍ തിരിച്ചറിയല്‍ രേഖ വരെ അറിയേണ്ടതെല്ലാം

Kerala Assembly Election 2026 Full Schedule: തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലെത്തും. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍, വോട്ടിങ് രീതി, ഫലം എന്നിവയെക്കുറിച്ചുള്ള പൂർണമായ വിവരങ്ങള്‍ അറിയാം.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: തീയതിയും സമയവും

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് തീയതി: ഏപ്രില്‍ 9

സമയം: രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ. (വൈകിട്ട് 6 മണിക്ക് മുമ്പായി വരിയില്‍ നില്‍ക്കുന്ന വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ടാകും.)

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135ബി പ്രകാരം, എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി നല്‍കേണ്ടതാണ്. ദിവസവേതനക്കാർക്കും താല്‍ക്കാലിക ജീവനക്കാർക്കും ഇത് ബാധകമാണ്. ഈ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ പിഴ നേരിടേണ്ടി വരും.

സ്ഥാനാർത്ഥിയെ അറിയാം

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രത്യേകിച്ച്‌ അവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 'Know Your Candidate' ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ഈ ആപ്പിലൂടെ മണ്ഡലം തിരിച്ചോ പേര് വഴിയോ സ്ഥാനാർത്ഥികളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വോട്ടർമാർക്ക് പരിശോധിക്കാം.

വോട്ട് ചെയ്യേണ്ടത് എങ്ങനെ?

നിങ്ങള്‍ വോട്ട് ചെയ്യാൻ പോകുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. വോട്ടർ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കുക

വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് കേരള ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലോ നാഷണല്‍ വോട്ടേഴ്‌സ് സർവീസ് പോർട്ടലിലോ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പർ ഉപയോഗിച്ച്‌ ബൂത്ത് വിവരങ്ങള്‍ കണ്ടെത്താം.

2. പോളിങ് ബൂത്ത് കണ്ടെത്തുക

സാധാരണയായി വീടിനടുത്തുള്ള സ്കൂളുകളോ സർക്കാർ കെട്ടിടങ്ങളോ ആയിരിക്കും പോളിങ് ബൂത്തുകള്‍. വോട്ടർ ഇൻഫർമേഷൻ സ്ലിപ്പിലോ Voter Helpline App വഴിയോ നിങ്ങളുടെ ബൂത്ത് കൃത്യമായി മനസ്സിലാക്കാം.

3. തിരിച്ചറിയല്‍ രേഖ കരുതുക

വോട്ട് ചെയ്യാൻ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് മാത്രം മതിയാകില്ല. താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖ കരുതേണ്ടതാണ്:

  • വോട്ടർ ഐഡി കാർഡ്
  • ആധാർ കാർഡ്
  • പാൻ കാർഡ്
  • ഡ്രൈവിങ് ലൈസൻസ്
  • പാസ്‌പോർട്ട്
  • തൊഴിലുറപ്പ് പദ്ധതി കാർഡ്

പോളിങ് സ്റ്റേഷനില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഒന്നാം പോളിങ് ഓഫീസർ: നിങ്ങളുടെ പേരും തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു.

രണ്ടാം പോളിങ് ഓഫീസർ: നിങ്ങളുടെ വിരലില്‍ മഷി പുരട്ടുകയും രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം വാങ്ങുകയും ചെയ്യുന്നു.

മൂന്നാം പോളിങ് ഓഫീസർ: വോട്ടിങ് മെഷീൻ സജ്ജമാക്കുന്നു.

വോട്ട് രേഖപ്പെടുത്തല്‍: വോട്ടിങ് കംപാർട്ട്‌മെന്റിനുള്ളില്‍ കയറി നിങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമർത്തുക. മെഷീനില്‍ നിന്നുള്ള ബീപ്പ് ശബ്ദം വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു. വിവിപാറ്റ് മെഷീനിലെ സ്ലിപ്പിലൂടെ നിങ്ങള്‍ ആർക്കാണോ വോട്ട് ചെയ്തത് എന്ന് 7 സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കും.

2026-ലെ പുതിയ സൗകര്യങ്ങള്‍

വീട്ടിലിരുന്ന് വോട്ട് ചെയ്യാം: 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും തപാല്‍ വോട്ട് വഴി വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

ക്യൂ മാനേജ്‌മെന്റ്: തിരഞ്ഞെടുത്ത പോളിങ് സ്റ്റേഷനുകളിലെ തിരക്ക് Voter Helpline App വഴി തത്സമയം അറിയാൻ സാധിക്കും.

എക്സിറ്റ് പോളുകള്‍

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകാതെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാൻ പാടില്ല. ഏപ്രില്‍ 9 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 വൈകുന്നേരം 6.30 വരെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം 2026

വോട്ടെണ്ണല്‍ 2026 മേയ് 4-ന് നടക്കും. രാവിലെ 8 മണിക്ക് തപാല്‍ വോട്ടുകള്‍ (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) എണ്ണി തുടങ്ങും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും ഇത് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെല്‍പ്പ്‌ലൈൻ ആപ്പ് വഴിയോ ഫലങ്ങള്‍ തത്സമയം അറിയാൻ സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam