Dailyhunt
Kerala Elections 2026: വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്ന് പിണറായി വിജയൻ; യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി.സതീശൻ

Kerala Elections 2026: വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്ന് പിണറായി വിജയൻ; യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി.സതീശൻ

Kerala Elections 2026: കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തിരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും എല്‍ഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂവെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അമല ബേസിക് സ്കൂളിലെ 194ാം ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ മേഖലയിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനായി. അത് തുടരണം. എല്‍ഡിഎഫിനെ എതിർക്കുന്ന മുന്നണികളിലുള്ളവരടക്കം നാടിന് വികസനം വേണമെന്ന് ചിന്തിക്കുന്നവരാണ്. എല്‍ഡിഎഫ് ആകുമ്പോള്‍ ഒരു തരത്തിലുള്ള അവ്യാഗ്രതകളും ഉണ്ടാകില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പാണ്. പത്തു വർഷം മുമ്പുള്ള കാലം ജനങ്ങളുടെ ഓർമ്മയിലുണ്ട്. കഴിഞ്ഞ പത്തുവർഷം നാടിന്റെ വിവിധ മേഖലകളില്‍ ഉണ്ടായ പുരോഗതിയുടെ അടിസ്ഥാനം എല്‍ഡിഎഫ് സർക്കാർ രൂപീകൃതമായതാണെന്ന് അവർ കാണുന്നു. ഞങ്ങള്‍ എപ്പോഴും ജനങ്ങളെയാണ് വിശ്വസിച്ചിട്ടുള്ളത്. ജനങ്ങള്‍ ഞങ്ങളേയും വിശ്വസിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 135-ാം നമ്പർ ബൂത്തില്‍ കുടുംബ സമേതം എത്തി വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സർവേകളുടെ കാര്യമല്ല പറയുന്നത്. മൂന്ന് മാസത്തിനിടയില്‍ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങള്‍ നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരും എന്നതില്‍ ഒരു സംശയവുമില്ല. പ്രബുദ്ധരായ രാഷ്ട്രീയ ബോധ്യമുള്ള ആളുകളാണ് കേരളത്തിലുള്ളത്. എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണ്. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതില്‍ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തിരുവനന്തപുരം, കവടിയാർ ജവഹർ നഗർ എല്‍പിഎസിലെ 110ാം നമ്പർ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam