Kerala Today Breaking Highlights: വാണിജ്യ പാചകവാതക വില വർദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും.
കേരള സ്റ്റേറ്റ് ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെയും (കെ.എസ്.എച്ച്.ആർ.എ) ബേക്കറി അസോസിയേഷന്റെയും (ബി.കെ.എ) നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു.
വാണിജ്യ സിലിണ്ടറുകളുടെ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. ഒരു മാസത്തിനിടെ സിലിണ്ടറിന് 200 രൂപയിലധികം വർദ്ധനവാണ് ഉണ്ടായത്. ഇത് ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഹോട്ടലുടമകളെ നിർബന്ധിതരാക്കുന്നുണ്ടെങ്കിലും, വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ കുറയുമെന്ന ഭീതിയിലാണ് വ്യാപാരികള്‍. ഇന്ധനവില വർദ്ധനവിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കൂടിയായപ്പോള്‍ ഈ മേഖല പൂർണ്ണമായും തകർച്ചയുടെ വക്കിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. ഇതോടെ സാധാരണക്കാർക്കും യാത്രക്കാർക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കും. ആശുപത്രികള്‍ക്ക് സമീപമുള്ള ഹോട്ടലുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കടകളും അടഞ്ഞുതന്നെ കിടക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും പാചകവാതകത്തിന് സബ്‌സിഡി അനുവദിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം പച്ചപിടിച്ചു വരുന്ന ഹോട്ടല്‍ വ്യവസായത്തിന് പാചകവാതക വില വർദ്ധനവ് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പ്രവര്‍ത്തനച്ചെലവ് കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായേക്കും. വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും.

