Kerala Today Breaking News Highlights: തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള ഡോക്ടർമാരുടെ പുനർവിന്യാസത്തിന് അന്തിമ രൂപരേഖയായി.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പ് അവഗണിച്ചാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ മുഴുവൻ സമയ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ കൊല്ലം ജില്ലയിലെ പുനലൂരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെക്കൂടി ആവശ്യമുണ്ട്. ജില്ലയിലെ പ്രാഥമിക-സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് 74 ഡോക്ടർമാരെ പുനർവിന്യസിക്കും. ഇതിനു പുറമേ നഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കുകയും ആവശ്യമെങ്കില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ മാതൃക പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.

