Kerala Rain News Updates: തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തില്‍ അതിതീവ്രമായി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ രണ്ടു ദിവസത്തേക്ക് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
വയനാട്ടില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 9) അവധി പ്രഖ്യാപിച്ചതായി ജില്ല കളക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷൻ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും റസിഡൻഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സുക്കൂളുകള്‍, മദ്രസകള്‍, ട്യൂഷൻ സെൻ്റെറുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും ഈ അവധി ബാധകമാണ്.
റെഡ് അലർട്ട്
08/07/2026 (ഇന്ന്): മലപ്പുറം, കോഴിക്കോട്, വയനാട്
ഓറഞ്ച് അലർട്ട്
08/07/2026 (ഇന്ന്): ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
08/07/2026 (ഇന്ന്): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
09/07/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ന്യൂനമർദപാത്തി
തെക്കൻ ഗുജറാത്ത് തീരം മുതല്‍ മധ്യകേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യൂനമർദമേഖല സ്ഥിതി ചെയ്യുന്നു. ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിനു വിലക്ക്
കേരള, കർണാടക, ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള, കർണാടക, ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

