Dailyhunt
Kerala Weather: ചുട്ടുപൊള്ളി കേരളം; താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ; മഞ്ഞ അലര്‍ട്ട്

Kerala Weather: ചുട്ടുപൊള്ളി കേരളം; താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ; മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളില്‍ മഞ്ഞ അലർട്ട് നിലവിലുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത നിർദേശങ്ങള്‍ പാലിക്കേണ്ടതാണ്.

പകല്‍ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam