Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖാര്‍ഗെക്ക് നീതി വേണം; വേദി ശുദ്ധീകരിച്ച നടപടിയില്‍ കേസെടുക്കണമെന്ന് രാഹുല്‍ ഗാന്ധി

ഖാര്‍ഗെക്ക് നീതി വേണം; വേദി ശുദ്ധീകരിച്ച നടപടിയില്‍ കേസെടുക്കണമെന്ന് രാഹുല്‍ ഗാന്ധി

ല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് ശേഷം ഹല്‍ദ്വാനിയിലെ രാംലീല മൈതാനം ശുദ്ധീകരിച്ചവർക്കെതിരെ കേസെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഹല്‍ദ്വാനിയില്‍ നടന്നത് അയിത്താചരണത്തിന് തുല്യമാണെന്നും രാജ്യത്തുടനീളമുള്ള ദലിത് വിഭാഗങ്ങള്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നേരിടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

"രാജ്യത്ത് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇന്ത്യൻ ഭരണഘടനയും ബിജെപി-ആർഎസ്‌എസ് പ്രത്യയശാസ്ത്രവും. രാജ്യത്ത് നടക്കുന്ന എല്ലാ രാഷ്ട്രീയവും ഈ രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലാണ്. ആയിരക്കണക്കിന് വർഷങ്ങളായി ഈ രാജ്യത്ത് ദലിതർ അക്രമങ്ങള്‍ നേരിടുന്നുണ്ട്. ഭരണഘടനയനുസരിച്ച്‌ ഇത് നിയമവിരുദ്ധമാണെന്ന്," ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

"സ്കൂളുകളില്‍ ദലിതരായ കുട്ടികളെക്കൊണ്ട് ടോയ്‌ലറ്റുകള്‍ വൃത്തിയാക്കിക്കുകയും അടിച്ചുവാരിപ്പിക്കുകയും ചെയ്യുന്നു. കിണറുകളില്‍ നിന്ന് വെള്ളം കുടിക്കാൻ ദലിതരെ അനുവദിക്കുന്നില്ല. ചായക്കടകളില്‍ രണ്ടുതരം ഗ്ലാസുകളുണ്ട്. സന്തോഷകരമായ സന്ദർഭമാകേണ്ട വിവാഹ ഘോഷയാത്രകളില്‍ കുതിരപ്പുറത്ത് കയറുമ്പോള്‍ ആയിരക്കണക്കിന് ദലിതർക്ക് ഹെല്‍മെറ്റ് ധരിക്കേണ്ടി വരുന്നു. ഇതാണ് ഉത്തർപ്രദേശിന്റെയും ഇന്ത്യയുടെയും ഉത്തരേന്ത്യയുടെയും യാഥാർത്ഥ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും നിങ്ങള്‍ക്കിത് കാണാം."

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഒരു ക്ഷേത്രം സന്ദർശിച്ചപ്പോഴും ഇത്തരത്തില്‍ ശുദ്ധീകരണം നടത്തിയെന്നും ഖാർഗെയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. "പ്രസംഗിക്കാനായി അദ്ദേഹം ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് പോകുമ്പോള്‍ ആ സ്ഥലം ശുദ്ധീകരിക്കപ്പെടുന്നു. അവരുടെ പാർട്ടിയില്‍ നിന്നുള്ള ഒരു ഉദാഹരണം നോക്കൂ, ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി ക്ഷേത്രത്തില്‍ പോയപ്പോഴും ഇതേ ശുദ്ധീകരണം നടന്നു. ആരാണ് ഇത് ചെയ്യുന്നത്? ബിജെപിയുടെയും ആർഎസ്‌എസിന്റെയും ആളുകളാണ്.

ഭരണഘടനയനുസരിച്ച്‌ ഇതൊരു കുറ്റകൃത്യമാണ്. നമ്മള്‍ ഇതിനെ ശുദ്ധീകരണം എന്ന് വിളിക്കുന്നു, എന്നാല്‍ ഇത് നിയമവിരുദ്ധമാക്കിയ അയിത്തമാണ്. ബിജെപിക്കാർ അയിത്തം ആചരിക്കുകയാണ്. അവർ ഇത് ചെയ്യുമ്പോള്‍, ദലിതരെ തൊടാൻ പാടില്ലെന്നും അവർ അശുദ്ധരാണെന്നുമാണ് പറയുന്നത്," രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം അസാധ്യമായ ഒന്നല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

"കോണ്‍ഗ്രസ് അധ്യക്ഷന് നീതി വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതില്‍ കൂടുതലൊന്നുമില്ല. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന് നീതി ഉറപ്പാക്കുക. ഖാർഗെജിക്ക് ഉത്തരാഖണ്ഡില്‍ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കടമയാണ്," രാഹുല്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam