മുഖസൗന്ദര്യത്തിന് നല്‍കുന്ന പ്രാധാന്യം പലപ്പോഴും കാല്‍പാദങ്ങളുടെ കാര്യത്തില്‍ പലരും നല്‍കാറില്ല. ഇതിന്റെ ഫലമായി പാദങ്ങള്‍ വരണ്ടുണങ്ങാനും മനോഹാരിത നഷ്ടപ്പെടാനും കാരണമാകുന്നു.
ദിവസേനയുള്ള യാത്രകളും പൊടിയും ശരിയായ പരിചരണമില്ലായ്മയും കാല്‍പാദങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. പലരും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ബ്യൂട്ടി പാർലറുകളെ ആശ്രയിച്ച് വലിയ തുക ചിലവഴിച്ച് പെഡിക്യൂർ ചെയ്യാറുണ്ട്.
എന്നാല്‍ താല്‍ക്കാലികമായി ലഭിക്കുന്ന ഈ തിളക്കത്തേക്കാള്‍ എത്രയോ മടങ്ങ് ഫലപ്രദമായ മാർഗ്ഗങ്ങള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. പാർശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ പാദങ്ങളെ പഞ്ഞിപോലെ മൃദുവാക്കാൻ സഹായിക്കുന്ന മികച്ചൊരു ഫൂട്ട് ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാം. വിലകൂടിയ ക്രീമുകളോ പാർലർ ട്രീറ്റ്‌മെന്റുകളോ ഇല്ലാതെ തന്നെ കാല്‍പാദങ്ങളിലെ കറുത്ത പാടുകളും വിണ്ടുകീറലും മാറ്റാൻ അടുക്കളയിലെ ഈ മാന്ത്രിക ചേരുവകള്‍ക്ക് സാധിക്കും.
ചർമ്മത്തിന് ആവശ്യമായ ഈർപ്പം നല്‍കാനും കോശങ്ങളെ പുതുക്കാനും സഹായിക്കുന്ന ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. വളരെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയം കൊണ്ട് വീട്ടില്‍ ചെയ്യാവുന്ന ഈ പരിചരണം പാദങ്ങള്‍ക്ക് കൂടുതല്‍ ഭംഗിയും ആരോഗ്യവും നല്‍കും. ഇതിന് ഒരു സ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം കാപ്പിപ്പൊടിയും മതിയാകും
വെളിച്ചെണ്ണ എന്ന മോയ്സ്ച്യുറൈസർ
പ്രകൃതിദത്തമായ മോയ്സ്ചറൈസറാണ് വെളിച്ചെണ്ണ. വരണ്ടതും വിണ്ടു കീറുന്നതുമായ ചർമ്മത്തിന് ഇത് ഏറെ ഫലപ്രദമാണ്. ധാരാളം ഫാറ്റി ആസിഡുകളുള്ള വെളിച്ചെണ്ണ പാദങ്ങള്‍ വരണ്ടുപോകുന്നതും വിണ്ടുകീറുന്നതും തടഞ്ഞ് ഹ്രൈഡ്രേറ്റ് ചെയ്യുന്നു. ഇതിലൂടെ പഞ്ഞിപോലെ മൃദുവായി പാദങ്ങള്‍ സ്വന്തമാക്കാം. കാല്‍പാദം കഴുകി തുടച്ചതിനു ശേഷം അല്‍പ്പം വെളിച്ചെണ്ണ പുരട്ടാം. രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് ഗുണകരം.
കാപ്പിപ്പൊടി
കാപ്പിപ്പൊടി ഒരു മികച്ച സ്ക്രബറാണ്. ഇത് കാല്‍പാദങ്ങളിലെ വരണ്ടുണങ്ങിയ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മം കൂടുതില്‍ സോഫ്റ്റാക്കുന്നു ഒപ്പം പിഗ്മന്റേഷനും കുറയ്ക്കുന്നു.
ഫൂട്ട് സ്ക്രബ്
വെളിച്ചെണ്ണയിലേയ്ക്ക് കുറച്ച് കാപ്പിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ഇത് പാദങ്ങളിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ സ്ക്രബ് ഉപയോഗിക്കുന്നത് പാദങ്ങള്‍ക്ക് കൂടുതല്‍ തിളക്കവും മൃദുത്വവും നല്‍കാൻ സഹായിക്കും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ചർമ്മത്തെക്കുറിച്ചോ ചർമ്മാരോഗ്യത്തെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

