ഡല്‍ഹി: യുവാക്കള്‍ക്കിടെ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി(സിജെപി) തങ്ങളുടെ ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു.
പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസിനെ സംഘടനയുടെ മുഖ്യ വക്താവായി തിരഞ്ഞെടുത്തു. രാഷ്ട്രീയ ഗവേഷകയും ചലച്ചിത്ര നിർമ്മാതാവുമായ വിജേത ദഹിയ, ഐഐടി പൂർവ്വ വിദ്യാർത്ഥിയായ അശുതോഷ് രങ്ക എന്നിവരാണ് മറ്റ് വക്താക്കള്‍. സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്‌കെ വാർത്താക്കുറിപ്പിലാണ് പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വരുംദിവസങ്ങളില്‍ ഡല്‍ഹി ജന്തർ മന്തറില്‍ നടത്താനിരിക്കുന്ന ധർണ്ണയ്ക്ക് മുന്നോടിയായാണ് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പരിഹാസ സ്വഭാവമുള്ള കുറിപ്പുകളിലൂടെയാണ് സിജെപി കൂട്ടായ്മ ശ്രദ്ധേയമാകുന്നത്. തുടർന്ന് സംഘടനയ്ക്ക് കൃത്യമായ ഒരു ഔദ്യോഗിക രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മാധ്യമരംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സൗരവ് ദാസ്, നിയമ-നീതിന്യായ വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനാണ്. മുൻപ് ഡല്‍ഹി ഇന്ത്യ ഗേറ്റില്‍ നടന്ന മലിനീകരണ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരിലും അദ്ദേഹം ഉള്‍പ്പെടുന്നു.
രാഷ്ട്രീയ ഗവേഷണം, തന്ത്രപരമായ വിശകലനം എന്നീ മേഖലകളില്‍ മികച്ച ട്രാക്ക് റെക്കോർഡുള്ള വ്യക്തിയാണ് വിജേത ദഹിയ. ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ രണ്ട് ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവും ചലച്ചിത്ര നിർമ്മാതാവുമാണ്.
ഐഐടി കാണ്‍പൂർ, ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ അശുതോഷ് രങ്ക, ലണ്ടനിലെ പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിൻസിയില്‍ സ്ട്രാറ്റജിക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം, ജയ്പൂർ കേന്ദ്രീകരിച്ച് പരിസ്ഥിതി, വിദ്യാഭ്യാസം, യുവജന പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

