Dailyhunt
കൊളസ്ട്രോള്‍ കൂടുമ്ബോള്‍ ശരീരം ലക്ഷണങ്ങള്‍ കാണിക്കുമോ? എപ്പോള്‍ പരിശോധിക്കണം

കൊളസ്ട്രോള്‍ കൂടുമ്ബോള്‍ ശരീരം ലക്ഷണങ്ങള്‍ കാണിക്കുമോ? എപ്പോള്‍ പരിശോധിക്കണം

യർന്ന കൊളസ്ട്രോള്‍ സാധാരണമാണെങ്കിലും ഗൗരവകരമായ ഒരു ആരോഗ്യ പ്രശ്നമാണ്. മിക്ക ആളുകളും റിപ്പോർട്ടിലെ ചെറിയ വ്യതിയാനങ്ങളെ അവഗണിക്കാറുണ്ടെങ്കിലും, ഇത് നിയന്ത്രിക്കാതെ വിട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് അമിതമാകുന്നതിനെയാണ് ഉയർന്ന കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്ട്രോള്‍ കൂടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക്, പ്രത്യേകിച്ച്‌ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ഉയർന്ന കൊളസ്ട്രോള്‍ സാധാരണഗതിയില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ കാണിക്കാറില്ല. ഒരു രക്തപരിശോധനയിലൂടെ മാത്രമേ നിങ്ങള്‍ക്ക് ഇത് ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയൂ. കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ അറിയാം.

  • നെഞ്ചുവേദന: ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലമുണ്ടാകുന്ന അസ്വസ്ഥത.
  • ശ്വാസതടസം: കിതപ്പ് അല്ലെങ്കില്‍ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • ക്ഷീണം: അമിതമായ തളർച്ച അനുഭവപ്പെടുക.
  • സാന്തോമ: ചർമ്മത്തിന് താഴെ കാണപ്പെടുന്ന മെഴുക് പോലെയുള്ള മഞ്ഞനിറത്തിലുള്ള തടിപ്പുകള്‍ അല്ലെങ്കില്‍ മുഴകള്‍. ഇവ സാധാരണയായി കൈമുട്ടുകള്‍, മുട്ടുകള്‍, സന്ധികള്‍ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്.
  • സാന്തെലാസ്മ: കണ്ണിന്റെ ഇമകളുടെ ഉള്‍ഭാഗത്തായി കാണപ്പെടുന്ന ചെറിയ മഞ്ഞ നിറത്തിലുള്ള പാടുകള്‍.
  • കോർണിയല്‍ ആർക്കസ്: കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെളുപ്പ്, ചാര അല്ലെങ്കില്‍ നീല നിറത്തില്‍ കാണപ്പെടുന്ന ഒരു വളയം.

കൊളസ്‌ട്രോള്‍ വർധിക്കുന്നത് കൊണ്ട് നേരിട്ട് ലക്ഷണങ്ങള്‍ ഉണ്ടാകാറില്ലെങ്കിലും, അത് ധമനികളില്‍ തടസം ഉണ്ടാക്കുന്നത് വഴി താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

  • നെഞ്ചുവേദന: നെഞ്ചില്‍ മുറുക്കം, അമർത്തുന്നത് പോലെയുള്ള അനുഭവം, അല്ലെങ്കില്‍ ഭാരം അനുഭവപ്പെടുക. സാധാരണയായി ശാരീരിക അധ്വാനത്തിലേർപ്പെടുമ്ബോഴോ മാനസിക സമ്മർദമുണ്ടാകുമ്ബോഴോ ആണ് ഇത് സംഭവിക്കുന്നത്.
  • ശ്വസനതടസം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ഇടുങ്ങിയ രക്തക്കുഴലുകളിലൂടെ രക്തം പമ്ബ് ചെയ്യാൻ ഹൃദയം കൂടുതല്‍ ആയാസപ്പെടേണ്ടി വരുമ്ബോഴാണ് ഇത് സംഭവിക്കുന്നത്.
  • കാല്‍ വേദന: നടത്തത്തിലോ മറ്റ് പ്രവൃത്തികളിലോ ഏർപ്പെടുമ്ബോള്‍ കാലുകളിലോ മുട്ടിന് താഴെയോ ഉണ്ടാകുന്ന വേദന അല്ലെങ്കില്‍ മരവിപ്പ്. രക്തയോട്ടം കുറയുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.
  • തരിപ്പും മരവിപ്പും: കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് കാരണം കൈകളിലും കാലുകളിലും തരിപ്പോ മരവിപ്പോ അനുഭവപ്പെടുക.
  • ക്ഷീണം: ശരീരത്തിലെ അവയവങ്ങള്‍ക്കും പേശികള്‍ക്കും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്ബോള്‍ അനുഭവപ്പെടുന്ന വിട്ടുമാറാത്ത തളർച്ചയോ ബലഹീനതയോ.
  • തലകറക്കം: തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്ബോള്‍ ഉണ്ടാകുന്ന തലകറക്കം അല്ലെങ്കില്‍ ബാലൻസ് നഷ്ടപ്പെടുന്നത് പോലുള്ള അവസ്ഥ.

ഡയറ്റ് ഒന്നും ഇല്ലാതെ 102 കിലോയില്‍നിന്ന് 70 ല്‍ എത്തി; ഇൻഫ്ലുവൻസർ പിന്തുടർന്നത് 5 കാര്യങ്ങള്‍

എപ്പോഴൊക്കെ പരിശോധന നടത്തണം?

അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷന്റെ മാർഗനിർദേശങ്ങള്‍ 20 വയസിന് മുകളിലുള്ള ആരോഗ്യവാനായ ഒരാള്‍ ഓരോ 4 മുതല്‍ 6 വർഷം കൂടുമ്ബോള്‍ കൊളസ്ട്രോള്‍ പരിശോധന നടത്തണം. 9-നും 11-നും ഇടയില്‍ പ്രായമുള്ളപ്പോള്‍ ഒരു തവണയെങ്കിലും പരിശോധന നടത്തുന്നത് നല്ലതാണ്. 17 മുതല്‍ 21 വയസിനിടയില്‍ വീണ്ടും പരിശോധിക്കണം. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയുള്ളവരും പാരമ്ബര്യമായി കൊളസ്ട്രോള്‍ പ്രശ്നമുള്ളവരും വർഷത്തിലൊരിക്കലോ ഡോക്ടറുടെ നിർദ്ദേശപ്രകാരമോ പരിശോധന നടത്തേണ്ടതാണ്.

ലക്ഷണങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അപകടസാധ്യതകള്‍ ഒഴിവാക്കാൻ സഹായിക്കും. ഇതിനൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും ശീലമാക്കുക.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam