മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും കാരണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന വില്ലനാണ് ഉയർന്ന കൊളസ്ട്രോള്‍. വിപണിയില്‍ സുലഭമായി ലഭിക്കുന്ന ആപ്പിള്‍ വെറുമൊരു പഴമല്ല, ഹൃദയാരോഗ്യത്തിന്റെ കാവല്‍ക്കാരൻ കൂടിയാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ദിവസവും രണ്ട് ആപ്പിള്‍ വീതം കഴിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുമെന്നും, പലപ്പോഴും കൊളസ്ട്രോളിനായി നല്‍കുന്ന 'സ്റ്റാറ്റിൻ' മരുന്നുകളേക്കാള്‍ സ്വാഭാവികമായ ഗുണം ഇവ നല്‍കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി.
അമേരിക്കൻ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ബ്രിട്ടനിലെയും ഇറ്റലിയിലെയും ഗവേഷകർ 40 പേരില്‍ നടത്തിയ പരീക്ഷണമാണ് ഈ അതിശയപ്പെടുത്തുന്ന ഫലങ്ങള്‍ പുറത്തുവിട്ടത്. എട്ട് ആഴ്ച തുടർച്ചയായി ദിവസവും രണ്ട് ആപ്പിള്‍ വീതം കഴിച്ചവരില്‍ കൊളസ്ട്രോളിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി. മാത്രമല്ല, ഇവരുടെ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുകയും ഹൃദയാരോഗ്യം വർധിക്കുകയും ചെയ്തു.
ആപ്പിള്‍ എങ്ങനെ കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നു?
ആപ്പിളിന്റെ തൊലിയിലും ഉള്‍ഭാഗത്തും ധാരാളമായി അടങ്ങിയിരിക്കുന്ന ഒരുതരം ലയിക്കുന്ന നാര് ആണ് പെക്റ്റിൻ. ഇത് ദഹനപ്രക്രിയയില്‍ കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുകയും ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ആപ്പിളിലെ ആന്റിഓക്‌സിഡന്റുകള്‍ രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ അയവ് നല്‍കുന്നു. ചായയിലും റെഡ് വൈനിലും കാണപ്പെടുന്നതിന് സമാനമായ ആരോഗ്യ ഗുണങ്ങളാണ് ആപ്പിളിലെ ഫ്ലേവനോയിഡുകള്‍ നല്‍കുന്നത്. നാരുകളാല്‍ സമ്പന്നമായതിനാല്‍ ഇത് അമിതഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മരുന്നുകളെക്കാള്‍ മികച്ചതോ?
കൊളസ്ട്രോളിന് സാധാരണയായി നിർദേശിക്കുന്ന സ്റ്റാറ്റിൻ ഗുളികകള്‍ ഫലപ്രദമാണെങ്കിലും, ആപ്പിള്‍ പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങള്‍ പാർശ്വഫലങ്ങളില്ലാതെ ശരീരം മെച്ചപ്പെടുത്തുന്നു എന്നതാണ് പ്രത്യേകത. നാരുകളും പോളിഫെനോളുകളും ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോള്‍ ലഭിക്കുന്ന ഗുണം കൃത്രിമ സപ്ലിമെന്റുകളിലൂടെ ലഭിക്കില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ആപ്പിളിന്റെ തൊലിയിലാണ് നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നത്. അതിനാല്‍ നന്നായി കഴുകിയ ശേഷം തൊലിയോടെ തന്നെ കഴിക്കാൻ ശ്രമിക്കുക. ആപ്പിള്‍ ജ്യൂസ് അടിച്ചു കുടിക്കുന്നതിനേക്കാള്‍ ഗുണം അത് കടിച്ചു ചവച്ചു കഴിക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. ജ്യൂസ് അടിക്കുമ്പോള്‍ അതിലെ നാരുകള്‍ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ആപ്പിള്‍ കഴിക്കുന്നതിനൊപ്പം മറ്റു ചില ശീലങ്ങളും കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കും. നാരുകളുള്ള പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒലിവ് ഓയില്‍, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉപയോഗിക്കുക. ദിവസവും വ്യായാമം ചെയ്യുക. സംസ്കരിച്ച ഭക്ഷണങ്ങളും അമിത കൊഴുപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. പുകവലിയും മദ്യപാനവും നിയന്ത്രിക്കുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

