Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൂടുതല്‍ പ്രോട്ടീൻ കഴിച്ചാല്‍ ശരീരത്തില്‍ എന്ത് സംഭവിക്കും?

കൂടുതല്‍ പ്രോട്ടീൻ കഴിച്ചാല്‍ ശരീരത്തില്‍ എന്ത് സംഭവിക്കും?

രീരത്തിന് പ്രോട്ടീൻ കഴിക്കുന്നത് വളരെ പ്രധാനമാണ്, എന്നാല്‍ അത് കൃത്യമായി ആഗിരണം ചെയ്യപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നില്ലെങ്കില്‍ പിന്നെ അതില്‍ എന്താണ് കാര്യം?

ആരോഗ്യ കാര്യങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാൻ ആളുകളെ സഹായിക്കുന്നതിനായി, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ദൈനംദിന ആരോഗ്യ വിവരങ്ങള്‍ പങ്കിടാറുള്ള ഡിജിറ്റല്‍ ക്രിയേറ്റർ ഗുഞ്ചൻ തനേജ, ശരീരത്തില്‍ പ്രോട്ടീൻ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് നുറുങ്ങുകള്‍ പങ്കുവച്ചത്.

1. പ്രോട്ടീൻ ദിവസം മുഴുവൻ പല തവണകളായി വിഭജിച്ചു കഴിക്കുക
2. വിറ്റാമിൻ ബി6, മഗ്നീഷ്യം, ആവശ്യത്തിന് കലോറി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
3. കുടലിന്റെ ആരോഗ്യം മികച്ചതാക്കി നിലനിർത്തുക
4. സ്ഥിരമായി വ്യായാമം ചെയ്യുക, പ്രത്യേകിച്ച്‌ സ്ട്രെങ്ത് ട്രെയിനിംഗ്
5. പ്രോട്ടീനൊപ്പം കാർബോഹൈഡ്രേറ്റും കൂടി ഉള്‍പ്പെടുത്തുക
6. സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീൻ ഉപയോഗിക്കുമ്പോള്‍ ശരിയായ രീതികള്‍ പിന്തുടരുക: മുളപ്പിക്കല്‍, കുതിർക്കല്‍, പുളിപ്പിക്കല്‍
7. ശരിയായ ദഹനത്തിന് നന്നായി ഉറങ്ങുക

പ്രോട്ടീൻ എങ്ങനെയാണ് ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നത്?

ആളുകള്‍ സാധാരണയായി ആഗിരണം എന്ന് തെറ്റിദ്ധരിക്കുന്നത് യഥാർത്ഥത്തില്‍ പ്രോട്ടീന്റെ അർത്ഥവത്തായ 'ബയോഅവൈലബിലിറ്റി' ആണെന്ന് നവി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി കണ്‍സള്‍ട്ടന്റായ ഡോ. ദീപക് ഭംഗാലെ വിശദീകരിക്കുന്നു.

"ശരീരത്തിന് പ്രോട്ടീൻ ഒന്നിച്ച്‌ ആഗിരണം ചെയ്യാൻ കഴിയും; അതുകൊണ്ട് യഥാർത്ഥ പ്രശ്നം ദഹനമല്ല. നമ്മുടെ കുടലിന് വലിയ അളവിലുള്ള അമിനോ ആസിഡുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ കഴിയും, എന്നാല്‍ പേശികളുടെ വളർച്ചയ്ക്ക് എത്രത്തോളം പ്രോട്ടീൻ പിന്തുണയ്ക്കുന്നു എന്നതാണ് പ്രധാനം," ദീപക് വ്യക്തമാക്കുന്നു.

പൊതുവായ ധാരണകള്‍ക്ക് വിരുദ്ധമായി, വലിയ അളവില്‍ പ്രോട്ടീൻ കഴിക്കുന്നത് പാഴായിപ്പോകുന്നില്ലെന്ന് ദീപക് പറയുന്നു. അവ പേശികളുടെ നിർമ്മാണ പ്രക്രിയ നീട്ടുകയോ അല്ലെങ്കില്‍ കോശങ്ങളുടെ കേടുപാടുകള്‍ തീർക്കുന്നതിനും ഊർജ്ജത്തിനുമായി ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നു എന്ന് ഡോ. ദീപക് കൂട്ടിച്ചേർത്തു.

"ഭൂരിഭാഗം മുതിർന്നവർക്കും ഒരു നേരത്തെ ഭക്ഷണത്തില്‍ ഏകദേശം 0.3-0.4 ഗ്രാം/കിലോഗ്രാം (ഏകദേശം 20-40 ഗ്രാം) പ്രോട്ടീൻ പേശികളുടെ നിർമ്മാണത്തെ പരമാവധി സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് 3-4 തവണകളായി വിഭജിച്ച്‌ പ്രതിദിനം 1.6 ഗ്രാം/കിലോഗ്രാം എന്ന അളവില്‍ എത്തിക്കണം," ഡോ. ഭംഗാലെ പറയുന്നു.

ഗുഞ്ചൻ തനേജ സൂചിപ്പിച്ചതുപോലെ, ദിവസം മുഴുവൻ പ്രോട്ടീൻ തുല്യമായി വിഭജിച്ചു കഴിക്കുന്നതാണ് ശരീരത്തില്‍ പ്രോട്ടീന്റെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് ഡോ. ഭംഗാലെയും നിർദ്ദേശിക്കുന്നു.

"ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകള്‍ (പാല്‍, മുട്ട, മീൻ, കൊഴുപ്പ് കുറഞ്ഞ ഇറച്ചി അല്ലെങ്കില്‍ സസ്യങ്ങളില്‍ നിന്നുള്ള അനുയോജ്യമായ പ്രോട്ടീൻ സ്രോതസ്സുകള്‍) തിരഞ്ഞെടുക്കുന്നതും, അവ ഓരോ നേരത്തെ ഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്നതും, അതോടൊപ്പം റെസിസ്റ്റൻസ് വ്യായാമങ്ങളും, ആവശ്യത്തിന് ഉറക്കവും, സമീകൃതാഹാരവും ചേരുമ്പോഴാണ് പ്രോട്ടീന്റെ ഉപയോഗം പരമാവധി വർദ്ധിക്കുന്നത്," അധിക പ്രോട്ടീൻ ആഗിരണം ചെയ്യപ്പെടാതെ പോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ.ഭാംഗലെ വ്യക്തമാക്കുന്നു. അനുയോജ്യമായ അളവിന് മുകളില്‍ വരുമ്പോള്‍ ശരീരം അതിനെ മറ്റൊരു രീതിയില്‍ ഉപയോഗിക്കുന്നു.

കുതിർത്തതും മുളപ്പിച്ചതുമായ പരിപ്പ് വർഗ്ഗങ്ങള്‍ പ്രോട്ടീന്റെ മികച്ച സ്രോതസ്സാണെന്ന് ചെന്നൈയിലെ ശ്രീ ബാലാജി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ രജിസ്റ്റേർഡ് ഡയറ്റീഷ്യൻ ദീപലക്ഷ്മി കൂട്ടിച്ചേർക്കുന്നു. "കുതിർക്കുന്നതും മുളപ്പിക്കുന്നതും അവയിലടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിനെ ഇല്ലാതാക്കുന്നു, ഇത് ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുടെ മികച്ച ആഗിരണത്തിന് സഹായിക്കുന്നു. ഇവയില്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാല്‍ പ്രമേഹമുള്ളവർക്ക് കഴിക്കാൻ പറ്റിയ നല്ലൊരു ലഘുഭക്ഷണമാണിത്," ദീപലക്ഷമി പറയുന്നു.

പ്രോട്ടീനൊപ്പം കാർബോഹൈഡ്രേറ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ദീർഘനേരം വയർ നിറഞ്ഞതായി തോന്നാനും സഹായിക്കുമെന്നും ദീപലക്ഷ്മി വ്യക്തമാക്കുന്നു.

എന്തൊക്കെയാണ് ഒഴിവാക്കേണ്ടത്?

  • രാത്രിഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീൻ കഴിക്കുന്നത്
  • സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകള്‍ പരസ്പരം കലർത്താതെ കുറഞ്ഞ
  • ഗുണനിലവാരമുള്ളവ മാത്രം ആശ്രയിക്കുന്നത്
  • പ്രായമായവർക്ക് ആവശ്യമായ പ്രോട്ടീൻ നല്‍കാതിരിക്കുന്നത്
  • സ്ട്രെങ്ത് ട്രെയിനിംഗ് ഒഴിവാക്കുന്നത് എന്നിവയ്‌ക്കെതിരെ ഡോ. ഭംഗാലെ മുന്നറിയിപ്പ് നല്‍കുന്നു.

"ദീർഘനേരം ഉപവസിക്കുന്നവർ, ദഹനസംബന്ധമായ തകരാറുകള്‍ ഉള്ളവർ അല്ലെങ്കില്‍ വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികള്‍ എന്നിവർക്ക് പ്രത്യേകമായി തയ്യാറാക്കിയ പ്രതിരോധ തന്ത്രങ്ങള്‍ ആവശ്യമാണ്," എന്ന് ഡോ.ഭംഗാലെ പറയുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam