Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലാഹോറിലെ തെരുവുകള്‍ക്ക് വീണ്ടും ഹിന്ദു പേരുകള്‍; പിന്നിലെ 'യഥാര്‍ത്ഥ' ലക്ഷ്യങ്ങള്‍ എന്ത്!

ലാഹോറിലെ തെരുവുകള്‍ക്ക് വീണ്ടും ഹിന്ദു പേരുകള്‍; പിന്നിലെ 'യഥാര്‍ത്ഥ' ലക്ഷ്യങ്ങള്‍ എന്ത്!

നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ഒരു ചരിത്ര രേഖയുടെ താള്‍ പോലെയാണ് ന്യൂഡല്‍ഹിയെപ്പോലെ ലാഹോറും. ഈ നഗരം അടുത്തിടെ വാർത്തകളില്‍ ഇടംനേടിയിരുന്നു.

വിഭജനത്തിന് മുൻപുള്ള ചില ഹിന്ദു, ബ്രിട്ടീഷ് പേരുകളിലേക്ക് തങ്ങളുടെ തെരുവുകളെയും പ്രദേശങ്ങളെയും തിരികെ കൊണ്ടുപോയതോടെയാണ് ലാഹോർ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്.

ഇന്ത്യയില്‍ പലരേയും ഇത് അത്ഭുതപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന രാജ്യമല്ലേ പാകിസ്താൻ? എന്തുകൊണ്ടാണ് ഒരു ഇസ്‌ലാമിക രാജ്യം ഹിന്ദു നാമങ്ങളെ നെഞ്ചിലേറ്റുന്നത്? എന്തുകൊണ്ടാണ് ഈ മാറ്റം ഇപ്പോള്‍ സംഭവിക്കുന്നത്?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലാഹോറിന്റെ സമ്പന്നമായ ചരിത്രത്തിന്റെ ഇടനാഴികളിലും ലളിതമായ വിവരണങ്ങളില്‍ പലപ്പോഴും പറയപ്പെടാതെ പോകുന്ന സങ്കീർണ്ണമായ ഒരു സമൂഹത്തിന്റെ സൂക്ഷ്മതകളിലും കണ്ടെത്താനാകും. എന്തായാലും ഇന്ത്യയില്‍ പലരും 'ലാഹോർ കണ്ടിട്ടില്ല'...

എന്താണ് ലാഹോറിലെ ഇപ്പോഴത്തെ പേരുമാറ്റ പദ്ധതി?

ക്വീൻസ് റോഡ്, ജയില്‍ റോഡ്, ഡേവിസ് റോഡ്, ലോറൻസ് റോഡ്, എംപ്രസ് റോഡ്, കൃഷ്ണ നഗർ, സന്ത് നഗർ, ധരംപുര, ബ്രാൻഡ്രെത് റോഡ്, രാം ഗലി, ടെംപ്ബെല്‍ സ്ട്രീറ്റ്, ലക്ഷ്മി ചൗക്ക്, ജെയിൻ മന്ദിർ റോഡ്, കുംഹാർപുര, മോഹൻ ലാല്‍ ബസാർ, സുന്ദർ ദാസ് റോഡ്, ഭഗവാൻ പുര, ശാന്തി നഗർ, ഔട്ട്ഫാള്‍ റോഡ് എന്നിവയാണ് തിരികെ വരുന്ന പേരുകളില്‍ ചിലത്. യഥാർത്ഥത്തില്‍ 1992ല്‍ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോഴാണ് ജെയിൻ മന്ദിർ റോഡിന്റെ പേര് മാറ്റിയത്. ഇതിന് പ്രതികാരമായി ലാഹോറിലെ ക്ഷേത്രവും അന്ന് തകർത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ക്ഷേത്രം പുനർനിർമിച്ചിട്ടുണ്ട്.

മറിയം നവാസ് സർക്കാർ പഞ്ചാബില്‍ തുടക്കം കുറിച്ച 5000 കോടി പാകിസ്താനി രൂപ ചെലവ് വരുന്ന 'ലാഹോർ അതോറിറ്റി ഫോർ ഹെറിറ്റേജ് റിവൈവല്‍' (LAHR) എന്ന പദ്ധതിയുടെ ഭാഗമാണ് ഈ പേരുമാറ്റ നീക്കം. മറിയത്തിന്റെ പിതാവും മുൻ പാകിസ്താൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫാണ് ഈ പദ്ധതിയുടെ മുഖ്യ രക്ഷാധികാരി. ലാഹോറിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയുടെ ഒരു പ്രധാന ഭാഗം ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമാണ്.

പഞ്ചാബിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് റിലേഷൻസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ലാഹോർ അതോറിറ്റി ഫോർ ഹെറിറ്റേജ് റിവൈവല്‍ പദ്ധതിക്ക് കീഴില്‍ "ഡല്‍ഹി ഗേറ്റ്, ടാക്സാലി ഗേറ്റ്, മോച്ചി ഗേറ്റ്, ഷാ ആലം ഗേറ്റ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കവാടങ്ങളുടെ പുനരുദ്ധാരണവും, അതോടൊപ്പം വിപുലമായ മുഖം മിനിക്കലും നവീകരണവും തെരുവ് ഭംഗിയാക്കലും ഉള്‍പ്പെടുന്നു. ഇതിനുപുറമേ മുഗള്‍ സ്മാരകങ്ങളും "അനാർക്കലി ബസാർ, നീല ഗുംബദ്, പാൻ ഗലി, ബക്ഷി മാർക്കറ്റ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ വാണിജ്യ കേന്ദ്രങ്ങളും നഗരത്തിന്റെ പരമ്പരാഗത വ്യാപാര സംസ്കാരം നിലനിർത്തുന്നതിനായി പുനരുജ്ജീവിപ്പിക്കുന്നുണ്ട്."

പേരുമാറ്റത്തിനെതിരെ എതിർപ്പുകളൊന്നുമില്ലേ?

പേരുമാറ്റ രാഷ്ട്രീയത്തിന് പാകിസ്താനില്‍ ഒരിക്കലും വലിയ സ്വാധീനമുണ്ടായിരുന്നില്ല. വിഭജനത്തിന് ശേഷമുള്ള വർഷങ്ങളില്‍ ചില പേരുകള്‍ ഔദ്യോഗികമായി മാറ്റിയപ്പോള്‍ പോലും ജനങ്ങള്‍ സംസാരഭാഷയില്‍ പഴയ പേരുകള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ലാഹോർ ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് ശ്രീരാമന്റെ മകനായ ലവനാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ്.

കറാച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പഠിപ്പിക്കുന്ന ചരിത്രകാരനായ യാക്കൂബ് ഖാൻ ബംഗാഷ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത് ഇങ്ങനെ. "പേരുകള്‍ ഔദ്യോഗികമായി മാറ്റിയപ്പോള്‍ പോലും പല നിരത്തുകളിലെ ബോർഡുകളിലും പഴയ പേരുകള്‍ നിലനിർത്തിയിരുന്നു. ഹിന്ദു നാമങ്ങള്‍ നിലനിർത്തിയിട്ടുള്ള സർ ഗംഗാ റാം ഹോസ്പിറ്റല്‍ പോലുള്ള നിരവധി സർക്കാർ ആശുപത്രികള്‍ അവിടെയുണ്ട്. വാസ്തവത്തില്‍ ലാഹോറില്‍ ഒരു നെഹ്റു പാർക്കുണ്ട്. അതിന്റെ പേര് മാറ്റിയിട്ടുള്ളതാണ്. ഞാൻ ഒരിക്കല്‍ മൂന്ന് തലമുറയിലെ ആളുകളോട് ഇതിനെ എന്താണ് വിളിക്കുക എന്ന് ചോദിച്ചു. മൂന്ന് തലമുറക്കാരും പറഞ്ഞത് അവർ അതിനെ നെഹ്റു പാർക്ക് എന്ന് വിളിക്കുന്നു എന്നാണ്."

വിഭജന കാലത്ത് ലാഹോർ ഒരു "ആശയപരമായ കുടിയേറ്റത്തിന്" സാക്ഷ്യം വഹിച്ചില്ല എന്ന വസ്തുതയിലേക്കാണ് ബംഗാഷ് വിരല്‍ ചൂണ്ടുന്നത്. "ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഉന്നത ശ്രേണിയില്‍പ്പെട്ട മുസ്ലീങ്ങള്‍ കറാച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കുമാണ് പോയത്. പഞ്ചാബിലെ കുടിയേറ്റം ആശയപരമായിരുന്നില്ല, മറിച്ച്‌ നിർബന്ധിതമായിരുന്നു.

ലാഹോറിലേക്ക് വന്ന കുടിയേറ്റക്കാർ പ്രധാനമായും തൊഴിലാളിവർഗ്ഗമായിരുന്നു. നഗരത്തെ പുനർരൂപകല്‍പ്പന ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പുതിയ ഉന്നത വർഗ്ഗം അവിടെ ഉണ്ടായില്ല. ലാഹോറിലെ നിലവിലുള്ള ഉന്നത വിഭാഗം തങ്ങളുടെ നഗരത്തെക്കുറിച്ച്‌ അഭിമാനിച്ചിരുന്നു. അതിന്റെ ബഹുസ്വരതയും പല മതങ്ങളേയും ഉള്‍ക്കൊള്ളുന്ന ഭൂതകാലവും നിലനിർത്താൻ അവർ ആഗ്രഹിച്ചു. അതിനാല്‍ സർക്കാർ തലത്തില്‍ പേരുകള്‍ മാറ്റിയപ്പോള്‍ പോലും നാട്ടുകാർക്കിടയില്‍ അതിനോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല."

അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച്‌ ലാഹോറിലെ അഭയാർഥികള്‍ വളരെ എളുപ്പത്തില്‍ അവിടുത്തെ സമൂഹവുമായി ലയിച്ചുചേർന്നു എന്നത് പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സതാംപ്ടണ്‍ സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഇയാൻ ടാല്‍ബോട്ട് 2007ലെ ഒരു പ്രബന്ധത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ, "അഭയാർഥികള്‍ നഗരം കൈയടക്കുമെന്ന ഭയമുള്ള സാഹചര്യങ്ങളിലോ (കറാച്ചിയിലെപ്പോലെ), അല്ലെങ്കില്‍ വിഭവങ്ങള്‍ക്കായുള്ള കടുത്ത മത്സരമുള്ളപ്പോഴോ ആണ് പലപ്പോഴും അഭയാർഥികളും നാട്ടുകാരും തമ്മില്‍ സംഘർഷങ്ങള്‍ ഉണ്ടാകാറുള്ളത്."

"ലാഹോറില്‍ അഭയാർഥികള്‍ വിദഗ്ധരായ കരകൗശലത്തൊഴിലാളികളോ വ്യാപാരികളോ ആയിരുന്നു. അവർ "ഒന്നുകില്‍ പലായനം ചെയ്ത ഹിന്ദുക്കള്‍ ഒഴിഞ്ഞിട്ടുപോയ തൊഴില്‍ വിപണിയിലെ ഒഴിവുകള്‍ നികത്തുകയോ അല്ലെങ്കില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയോ ചെയ്തു," ടാല്‍ബോട്ട് എഴുതുന്നു.

വിഭജനത്തിന് മുൻപുള്ള 'ബിരാദരി' (സമുദായ) ബന്ധങ്ങള്‍ പല അഭയാർഥികള്‍ക്കും ലാഹോറുമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതിനാല്‍ പുതിയ മുസ്ലീം ജനസംഖ്യയ്ക്ക് ഹിന്ദു ഭൂതകാലത്തെ മായ്ച്ചുകളയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. ഇതിനുപുറമേ, ലാഹോർ എപ്പോഴും വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ഒരു കേന്ദ്രമായിരുന്നുവെന്നും നഗരം അതിന്റെ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നതില്‍ ഇത് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നും ബംഗാഷ് പറഞ്ഞു.

ലാഹോറിന്റെ കാര്യത്തില്‍ ഇതെല്ലാം ശരിയാണെങ്കില്‍, ഹിന്ദു, ബ്രിട്ടീഷ് പേരുകളിലേക്ക് തിരിച്ചുപോകുന്നത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമോ? സിന്ധ് സ്വദേശിയും കറാച്ചിയില്‍ താമസക്കാരനുമായ പബ്ലിക് പോളിസി ഗവേഷകൻ ഖുവാജ ഷഫീഖ് അഹമ്മദ് പറയുന്നത് സിന്ധിലും പേരുകള്‍ നിലനിർത്തിയ ആശുപത്രികളും കെട്ടിടങ്ങളും ഉണ്ടെന്നാണ്. ഷിക്കാർപൂരിലെ റായ് ബഹാദൂർ ഉദ്ധവ്ദാസ് താരാചന്ദ് ഹോസ്പിറ്റല്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

"പേര് മാറ്റുന്നതിന്റെ രാഷ്ട്രീയം രണ്ട് മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലാണ് വേരൂന്നിയിരിക്കുന്നത്. ഒരു ഇസ്‌ലാമിക രാഷ്ട്രമായ പാകിസ്താനില്‍ യഥാർത്ഥത്തില്‍ അതില്ല. കൂടാതെ, എല്ലാത്തിനേയും ഇസ്‌ലാമികവല്‍ക്കരിക്കുന്നത് തീവ്രവാദത്തിലേക്കാണ് നയിച്ചതെന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നു. അവർ തങ്ങളുടെ ചരിത്രവും വ്യക്തിത്വവും വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു," അഹമ്മദ് പറഞ്ഞു.

എന്തുകൊണ്ട് ഈ മാറ്റം ഇപ്പോള്‍ സംഭവിക്കുന്നു?

ഈ ക്യാംപെയ്ന് നേതൃത്വം നല്‍കാൻ മറിയം നവാസ് സർക്കാരിനെ പ്രേരിപ്പിക്കുന്നത് എന്താണ്? പാകിസ്താൻ അടുത്തിടെയായി നല്ല രീതിയിലുള്ള അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നുണ്ട്. പഞ്ചാബിലേക്ക് കൂടുതല്‍ വിനോദസഞ്ചാരവും നിക്ഷേപവും ആകർഷിക്കാൻ അവർ ആഗ്രഹിക്കുന്നു, മാത്രമല്ല എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഊർജ്ജസ്വലവുമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

ബംഗാഷ് വിശദീകരിക്കുന്നത് ഇങ്ങനെ, "ഷെരീഫിന്റെ പാർട്ടി പ്രത്യയശാസ്ത്രപരമായി വലിയ നിർബന്ധങ്ങളുള്ള പാർട്ടി അല്ല. അവർ കൂടുതല്‍ ബിസിനസ്സ് കേന്ദ്രീകൃതമായ ഒരു പാർട്ടിയാണ്. കൂടാതെ, ഇന്ത്യ ചെയ്യുന്നതിനോട് പാകിസ്താൻ പ്രതികരിക്കുന്നു എന്നതും ഒരു വസ്തുതയാണ്. ഇന്ത്യ ഒരു മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിച്ചിരുന്നപ്പോള്‍, പാകിസ്താൻ കൂടുതല്‍ ദൃഢമായ രീതിയില്‍ ഇസ്‌ലാമിക സ്വഭാവം കാണിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യ കൂടുതല്‍ വർഗ്ഗീയമായ ഒരു വഴി സ്വീകരിക്കുമ്പോള്‍, പാകിസ്താൻ കൂടുതല്‍ ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ള ഒരു ജനാധിപത്യ രാജ്യമായി മാറുകയാണ്."

  • റിപ്പോർട്ട് തയ്യാറാക്കിയത് സീനിയർ അസിസ്റ്റന്റ് എഡിറ്ററായ യാഷി
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam