Lakshya Sen, Satwik-Chirag Thomas Cup: എല്ലാം എങ്ങനെയെങ്കിലും സംഭവിച്ചോളും എന്ന് കരുതി കാത്തിരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണ് ലക്ഷ്യ സെനും പിന്നെ സാത്വിക്‌സായുരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ആദ്യം ചെയ്തത്.
പ്രശസ്തിയും താരപദവിയും മെഡലുകളും ഇന്ത്യൻ ബാഡ്മിന്റണിലെ മുൻനിര കളിക്കാർക്ക് മേല്‍ വലിയ സമ്മർദ്ദമാണ് ചെലുത്തിയിരുന്നത്. പരിക്കുകള്‍ കാരണം മൂവർക്കം ഏറെ ജാഗ്രതയോടെയാണ് മുന്നോട്ട് പോവേണ്ടി വന്നത്.
എങ്കിലും എന്തെങ്കിലുമൊന്ന് സംഭവിക്കേണ്ടിയിരുന്നു. അവരുടെ ഏറ്റവും മികച്ച ഓർമകളുള്ള ബാഡ്മിന്റണ്‍ പുരുഷ ടീം ലോകകപ്പ് - തോമസ് കപ്പ് തന്നെയായിരുന്നു അതിനുള്ള വേദി. ക്വാർട്ടർ ഫൈനലില്‍ ചൈനീസ് തായ്‌പേയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സീനിയർ താരങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി. 3-0 ന് വിജയിച്ച് സെമിഫൈനലില്‍ പ്രവേശിച്ചതോടെ അഞ്ച് വർഷത്തിനിടെ ഇന്ത്യക്ക് തങ്ങളുടെ രണ്ടാമത്തെ തോമസ് കപ്പ് മെഡല്‍ ഉറപ്പാക്കാൻ ഇവർക്കായി.
കൃത്യതയാർന്ന സ്മാഷുകളും നിയന്ത്രിത വേഗതയും കൊണ്ട് എതിരാളികളെ വീർപ്പുമുട്ടിക്കുന്ന ചൗ ടിയാൻ ചെന്നിനെയായിരുന്നു സെന്നിന് നേരിടാനുണ്ടായിരുന്നത്. രണ്ടാം ഗെയിമിന്റെ അവസാന ഘട്ടം വരെ തായ്‌പേയ് താരം സെന്നിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
"സെൻ 18-20 ല്‍ നിന്ന് 22-20 ലേക്ക് വിജയിക്കുന്നത് കാണാൻ ഞങ്ങള്‍ മത്സരം തുടങ്ങുന്നതിനു മുമ്പ് ഒത്തുകൂടുന്ന സ്ഥലത്തേക്ക് പോയി. സെൻ വിജയം ആഘോഷിച്ച അതേ രീതിയില്‍ തന്നെ അവിടെ നിന്നുകൊണ്ട് ഞാനും ആഘോഷിച്ചു. സെൻ ഞങ്ങളിലെ ഊർജം കൂട്ടി. ഞങ്ങള്‍ കോർട്ടില്‍ ഇറങ്ങിയപ്പോള്‍ ആ ഡബിള്‍സ് പോയിന്റ് നേടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു," ചിരാഗ് പറഞ്ഞു.
ടിയാൻ ചെന്നിനെ ദീർഘനേരം നീളുന്ന റാലികളിലേക്ക് വലിച്ചിഴയ്ക്കുകയും ചെൻ ക്ഷീണിതനായി കാണപ്പെട്ടതിനാല്‍ കോർട്ടിന് ചുറ്റും ഓടിക്കുകയും ചെയ്യുക എന്നതായിരുന്നു സെനിന് വേണ്ടിയിരുന്നത്. വലയ്ക്ക് മുന്നിലെ പോരാട്ടങ്ങളില്‍ നിന്നും സെൻ ഒഴിഞ്ഞുമാറിയില്ല.
18-20 എന്ന സ്കോറില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. 18-21, 22-20, 21-17 എന്ന സ്കോറിന് വിജയിച്ച് ഇന്ത്യയെ 1-0 ന് മുന്നിലെത്തിക്കാൻ സെനിന് സാധിച്ചു. "ആദ്യ ഗെയിമില്‍ ഞാൻ ആക്രമിക്കണോ പ്രതിരോധിക്കണോ എന്ന് നോക്കുകയായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഗെയിമുകളില്‍ കാര്യങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ സ്വയം മുന്നിട്ടിറങ്ങി കളിക്കാൻ ഞാൻ തീരുമാനിച്ചു. കൂടുതല്‍ ആക്രമിച്ചു കളിക്കാനും സജീവമാകാനും ഞാൻ ശ്രമിച്ചു, പ്രത്യേകിച്ച് അവസാന ഘട്ടങ്ങളില്‍," സെൻ ബിഡബ്ല്യുഎഫിനോട് പറഞ്ഞു.
ആത്മവിശ്വാസക്കുറവിനെ മറികടക്കേണ്ടത് അനിവാര്യമായിരുന്നു.
"വ്യത്യസ്തമായ സമ്മർദ്ദമാണ് ഒരു ടീം ഇവന്റ് എന്നത് നല്‍കുന്നത്. ഞാൻ ഒരുപാട് ചിന്തിക്കാൻ തുടങ്ങിയിരുന്നു. എന്നാല്‍ നിന്റെ ആത്മവിശ്വാസം കുറഞ്ഞതുപോലെ തോന്നുന്നു. ചിന്തകള്‍ നിർത്തി കളിയില്‍ ശ്രദ്ധിക്കൂ എന്ന് കോച്ച് എന്നോട് പറഞ്ഞു. ഞാൻ അത് ചെയ്യാൻ ശ്രമിച്ചു," സെൻ കൂട്ടിച്ചേർത്തു.
ഒളിംപിക് ചാമ്പ്യൻ വാങ് ചി ലിൻ - ചിയു സിയാങ് ചിഹ് സഖ്യത്തിനെതിരായ ആദ്യ ഗെയിമില്‍ 18-20 ന് പിന്നിലായിരുന്ന സാത്വിക്-ചിരാഗ് ജോഡികളിലും സമാനമായ ഒരു മാറ്റം പ്രകടമായി. കുറച്ചുകാലമായി പരിക്കുകളെക്കുറിച്ചുള്ള ഭയവും കിരീടങ്ങള്‍ നേടാനാവാത്തതിലെ നിരാശയും സാത്വിക്-ചിരാഗ് സഖ്യത്തെ അമിത ജാഗ്രതയുള്ളവരാക്കിയിരുന്നു. മെച്ചപ്പെട്ട പ്രതിരോധം വിരോധാഭാസമെന്നു പറയട്ടെ, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണുണ്ടായത്. കാരണം പ്രതിരോധത്തില്‍ അമിതമായി വിശ്വസിക്കാനും ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോകാനും ഇത് കാരണമായി.
അവരുടെ ഏറ്റവും വലിയ ആയുധം പ്രതിരോധമല്ല മറിച്ച് ആക്രമണമാണെന്ന് ഈ വർഷം പല കോച്ചുമാരും അവരെ ഓർമ്മിപ്പിച്ചിരുന്നു.
17-19ന് പിന്നിലായിരുന്നപ്പോഴാണ് ആ ചിന്ത ഉണ്ടായതെന്ന് സാത്വിക് ബിഡബ്ല്യുഎഫ്നോട് പറഞ്ഞു. "19-17ല്‍ വെച്ച് കൂടുതല്‍ ഓപ്പണായി കളിക്കാൻ ഞങ്ങള്‍ തീരുമാനിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു."
എതിരാളികളുടെ പിഴവുകള്‍ക്കായി കാത്തുനില്‍ക്കാതെ സ്വയം മുൻകൈ എടുക്കുകയായിരുന്നു അവർ. കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. അത് ശാന്തമായി നടപ്പിലാക്കുക മാത്രമേ വേണ്ടിവന്നുള്ളൂ. കളിയുടെ വേഗത നിയന്ത്രിച്ചും തായ്‌പേയ് താരങ്ങള്‍ക്ക് സ്മാഷ് ചെയ്യാനുള്ള ഉയരം നല്‍കാതെയും ഇന്ത്യക്കാർ ആക്രമിച്ച് കളിച്ചു. പരിഭ്രാന്തിയെ നിയന്ത്രിച്ച് ആവേശം പുറത്തെടുത്ത അവർ 23-21, 19-21, 21-12 എന്ന സ്കോറിന് വിജയിച്ചു.
അഡ്രിനാലിൻ പ്രവാഹം കാരണം തനിക്ക് നാലാമതൊരു ഗെയിം കൂടി കളിക്കാനുള്ള ഊർജ്ജം ഉണ്ടായിരുന്നുവെന്ന് സാത്വിക് തമാശയായി പറഞ്ഞു.
"ഒരു ടീം ഇവന്റില്‍ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാനാവില്ല. ടീമിലെ എല്ലാവരും എപ്പോഴും ആവേശം പകർന്നു കൊണ്ടിരിക്കും. സർവ്വശക്തിയും എടുത്ത് കളിക്കാൻ നിങ്ങള്‍ ആഗ്രഹിക്കും. ആ ആവേശം വളരെ വലുതാണ്. 30 മിനിറ്റിന് ശേഷമേ ശരീരത്തിലെ വേദനകളെക്കുറിച്ച് പോലും നിങ്ങള്‍ അറിയുകയുള്ളൂ," സാത്വിക് പറഞ്ഞു.
2022ലെ തോമസ് കപ്പ് വിജയം നല്‍കിയ ആത്മവിശ്വാസം കാരണം ഫൈനലില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് തൃപ്തികരമായിരുന്നില്ല. ആ പഴയ സന്തോഷം വീണ്ടും അനുഭവിക്കാൻ ടീമിലെ പ്രധാന താരങ്ങളും ഒപ്പം ആയുഷും തയ്യാറെടുത്തിരിക്കുകയാണ്. ഇന്ത്യ സെമിഫൈനലിലാണ്. തോല്‍പ്പിക്കാൻ കഴിയില്ലെന്ന അഹങ്കാരമല്ല, മറിച്ച് അടുത്ത പോരാട്ടത്തിനായുള്ള ആവേശമാണ് അവർക്കുള്ളത്.

