സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റീനോയ്ക്ക് എതിരെ ക്രിമിനല്‍ പരാതി നല്‍കാനൊരുങ്ങി യുവേഫ.
ലോകകപ്പ് ലാഭം സ്വകാര്യ നിക്ഷേപകർക്ക് വില്‍ക്കാനുള്ള ഇൻഫാന്റീനോയുടെ പദ്ധതി പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം.
ഇൻഫാന്റീനോയ്ക്കും മറ്റ് ചില ഫിഫ ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനല്‍ നടപടിക്ക് നീങ്ങുന്നതിനെക്കുറിച്ച് യുവേഫയും നിയമോപദേശകരും ആലോചിക്കുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വിസ് ക്രിമിനല്‍ കോഡിലെ ആർട്ടിക്കിള്‍ 158 പ്രകാരമുള്ള ക്രിമിനല്‍ മാനേജ്മെന്റ് കുറ്റം ചുമത്തി ഇൻഫാന്റീനോയ്ക്കും മറ്റ് ഫിഫ ഉദ്യോഗസ്ഥർക്കുമെതിരെ സ്വിറ്റ്സർലൻഡില്‍ ക്രിമിനല്‍ നടപടിക്ക് നീങ്ങുന്നതാണ് യുവേഫ പരിഗണിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസിന് ലഭിച്ച 56 പേജുള്ള രേഖയില്‍ യുവേഫയുടെ അഭിഭാഷകർ വ്യക്തമാക്കി.
4.2 ബില്യണ്‍ ഡോളർ എന്ന കണക്ക് ഇൻഫാന്റീനോ സ്വന്തം നേട്ടത്തിനായി മുന്നോട്ടുവച്ച വിപണി വിലയ്ക്ക് വിരുദ്ധമായ വഞ്ചനാപരമായ വില ആയിരിക്കാമെന്നാണ് രേഖയില്‍ ഉയരുന്ന ആരോപണം. അതേസമയം, ലോകകപ്പിലെ ഓഹരി വില്‍ക്കാനുള്ള ഇൻഫാന്റീനോയുടെ വിവാദ പദ്ധതി ഇനി ഒരിക്കലും നടപ്പാക്കില്ലെന്ന് ഫിഫയില്‍നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെ ഫിഫ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണി യുവേഫ പിൻവലിക്കുമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഫിഫയുടെ ഉറപ്പിനെ തുടർന്ന് യൂറോപ്യൻ ടീമുകള്‍ക്ക് വരാനിരിക്കുന്ന അണ്ടർ-20 വനിതാ ലോകകപ്പിലും ഭാവിയിലെ ടൂർണമെന്റുകളിലും പങ്കെടുക്കാൻ വഴിയൊരുങ്ങിയതായും റിപ്പോർട്ടുണ്ട്. പരസ്യമായ വാക്കുതർക്കങ്ങള്‍ക്കിടയിലും ബഹിഷ്‌കരണ ഭീഷണി പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് യുവേഫയും ഫിഫയും കഴിഞ്ഞ ഏതാനും ആഴ്ചകളായി രഹസ്യ ചർച്ചകള്‍ നടത്തിയിരുന്നതായാണ് വിവരം. യുവേഫയുടെ ആവശ്യങ്ങള്‍ ഫിഫ അംഗീകരിച്ചെന്നാണ് റിപ്പോർട്ട്.
യോഗ്യത നേടിയ എല്ലാ ടീമുകളും വരാനിരിക്കുന്ന ഫിഫ അണ്ടർ-20 വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഫുട്ബോളിന് ആളുകളെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഫിഫ വ്യക്തമാക്കി. പോളണ്ടില്‍ എല്ലാ ടീമുകളെയും താരങ്ങളെയും സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും ഫിഫ അറിയിച്ചു. അതേസമയം, ബഹിഷ്‌കരണ ഭീഷണി യുവേഫ ഔദ്യോഗികമായി ഇതുവരെ പിൻവലിച്ചിട്ടില്ല.

