Astrology: ആദിത്യൻ ചിങ്ങം രാശിയില്‍ പ്രവേശിക്കുന്ന 2026 ആഗസ്റ്റ് 17 ന് തിങ്കളാഴ്ചയാണ് കൊല്ലവർഷം 1202 ആരംഭിക്കുന്നത്..
ആദിത്യൻ അപ്പോള്‍ മകം ഞാറ്റുവേലയിലാവും.
വ്യാഴം ഉച്ചരാശിയായ കർക്കടകത്തിലാണ് സഞ്ചരിക്കുന്നത്. ഈ വർഷം വ്യാഴത്തിന് അതിചാരവും വക്രഗതിയും രാശിമാറ്റവുമുണ്ട്. മിഥുനം 10 ന്
വ്യാഴം ചിങ്ങം രാശിയിലേക്ക് വാർഷികമായി മാറുന്നു.
ശനി മീനം രാശിയില്‍ വക്രഗതിയിലാണ്, വർഷാരംഭത്തില്‍. വൃശ്ചികം പകുതി വരെ ശനിയുടെ വക്രഗതി തുടരുന്നതാണ്.
ഇടവമാസം 20 ന് ശനി മേടം രാശിയില്‍ പ്രവേശിക്കും. ഈ വർഷം രാഹു - കേതുക്കള്‍ക്കും രാശിമാറ്റമുണ്ട്. യഥാക്രമം കുംഭം - ചിങ്ങം രാശികളില്‍ നിന്നും വൃശ്ചികമാസം 19 ന് രാഹു മകരം രാശിയിലേക്കും, കേതു കർക്കടകം രാശിയിലേക്കും സംക്രമിക്കും.
അപസവ്യഗതി/ Anti clockwise ആണ് രാഹുകേതുക്കളുടെ എന്ന് അറിയാമല്ലോ! മറ്റു ഗ്രഹങ്ങളുടെ രാശിമാറ്റവും പ്രധാനമാണെങ്കിലും വാർഷികഫല നിർണ്ണയത്തിന് പ്രധാനപ്പെട്ടതായ ഗ്രഹമാറ്റങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്.
മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവർക്ക് കൊല്ലവർഷം 1202 ഏതുവിധത്തിലുള്ളതാവും എന്ന അവലോകനമാണ് ഇവിടെ വിവരിക്കുന്നത്.
ഇന്ത്യൻ എക്സ്പ്രസ് മലയാളം വായനക്കാർക്കെല്ലാം നവവത്സരാശംസകള്‍!
മൂലം
വ്യാഴം 8, 9 ഭാവങ്ങളിലും ശനി 4,5 ഭാവങ്ങളിലും രാഹു 3, 2 ഭാവങ്ങളിലും സഞ്ചരിക്കുന്ന വർഷമാണ്. പ്രതികൂലവും അനുകൂലവുമായ ഫലങ്ങള്‍ മാറി മാറി അനുഭവത്തില്‍ വരുന്നതായിരിക്കും. ജോലി മാറ്റം കരുതലോടെ വേണം. ചിലർക്ക് ദീർഘകാല സ്വപ്നമായ വിദേശജീവതം സാധ്യമാവും. പൂർവ്വിക സ്വത്ത് വിറ്റ് പണം കൈവരും. ഇടവമാസത്തിനു മേല്‍ വീട് വാങ്ങാനോ നിർമ്മാണം ആരംഭിക്കാനോ കഴിഞ്ഞേക്കും. സ്വന്തം ബിസിനിസ്സില്‍ സമ്മർദ്ദങ്ങള്‍ ഉയരാം. മുൻകടം വാങ്ങുന്നതില്‍ ജാഗ്രത വേണം. സ്ഥാനമാനങ്ങള്‍ നിർബന്ധപൂർവ്വം കരസ്ഥമാക്കേണ്ടി വന്നേക്കാം. തുലാം പകുതി മുതല്‍ മകരം പകുതി വരെ കൂടുതല്‍ സദ്ഫലങ്ങള്‍ വന്നെത്തുന്നതാണ്. ചെറുപ്പക്കാരുടെ ഉദ്യോഗലബ്ധി, വിവാഹം, മറ്റു ഭാഗ്യാനുഭവങ്ങള്‍ എന്നിവ ഇക്കാലത്ത് നടന്നുകിട്ടിയേക്കാം. ലഘു നിക്ഷേപങ്ങള്‍ നടത്തും. സാമൂഹിക അംഗീകാരം ഉയരുന്നതാണ്.
പൂരാടം
ഈ വർഷം ഗ്രഹാനുകൂല്യം ഭാഗികമാണ്. വ്യാഴം വർഷത്തില്‍ എട്ടുമാസങ്ങളോളം അനിഷ്‌ട ഭാവമായ അഷ്ടമത്തിലാണ്. അതിനാല്‍ ലക്ഷ്യം നേടാൻ കൂടുതല്‍ വിയർപ്പൊഴുക്കേണ്ടിവരും. ഉദ്യോഗസ്ഥർക്ക് ദുഷ്‌കര ദൗത്യങ്ങള്‍ ചെയ്യാനുണ്ടാവും. പണഞെരുക്കം വരാം. പരോപകാരം ചെയ്താലും നന്ദികേടാവും ഫലം. അന്യദേശത്ത് പഠനം, തൊഴില്‍ ഇവയില്‍ വേണ്ടത്ര ശോഭിക്കാനാവില്ല. പരാശ്രയത്വം വിഷമിപ്പിച്ചേക്കാം. തുലാം, വൃശ്ചികം ധനു, മകരം മാസങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൂടുതല്‍ ഉണ്ടാവും. സാമ്പത്തിക പാരതന്ത്ര്യം കുറയുന്നതാണ്. പ്രാർത്ഥനകള്‍ക്കും ഈശ്വരകാര്യങ്ങള്‍ക്കും നേരം കിട്ടും. ശനിയുടെ മാറ്റം ഇടവമാസത്തില്‍. കണ്ടകശനി മാറുകയാല്‍ ഗൃഹത്തില്‍ മനസ്സമാധാനം പുലരും. ഭവനം വാങ്ങാനോ നിർമ്മിക്കാനോ സാധ്യതയുണ്ട്. രാഹു വൃശ്ചികം വരെ നല്ലഫലങ്ങള്‍ നല്‍കും. കരുതലോടെ പ്രവർത്തിച്ച് മുന്നേറ്റത്തിന് കഴിയും.
ഉത്രാടം
ധനു- മകരം രാശികളില്‍ വരുന്ന നക്ഷത്രമാണ് ഉത്രാടം. വ്യാഴം ശനി തുടങ്ങിയ ഗ്രഹങ്ങളുടെ സഞ്ചാരങ്ങള്‍ സമ്മിശ്ര ഫലങ്ങള്‍ നല്‍കുന്നതാണ്. തൊഴിലില്ലാത്തവർക്ക് വരുമാനമാർഗം തുറന്നു കിട്ടും. പ്രവർത്തന മേഖല വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സന്ദർഭം വന്നെത്തും. കടബാധ്യത കുറയ്ക്കാൻ ശ്രമം നടത്തുന്നതാണ്. പുതുവാഹനം വാങ്ങാൻ മകരക്കൂറുകാർക്ക് സാധ്യത ഏറെയാണ്. നിരന്തര യാത്രകള്‍ വന്നെത്തും. ഉപരിപഠനത്തിന് ചിലപ്പോള്‍ ഇഷ്ടവിഷയം തെരഞ്ഞെടുക്കാൻ സാധിച്ചില്ലെന്ന് വന്നേക്കാം. ലോണ്‍ സൗകര്യം പ്രയോജനപ്പെടുത്തും. വാതരോഗം, ജീവിത ശൈലി രോഗങ്ങള്‍ എന്നിവ ക്ലേശിപ്പിക്കാം. തുലാം മുതല്‍ മകരം വരെയുള്ള മാസങ്ങളില്‍ മകരക്കൂറുകാർക്ക് ഗുണം കുറയും. അക്കാലമാവും ധനുക്കൂറുകാർക്ക് കൂടുതല്‍ ഗുണം ചെയ്യുക.
തിരുവോണം
ഏഴിലും എട്ടിലും വ്യാഴം, മൂന്നിലും നാലിലും ശനി, രണ്ടിലും ജന്മത്തിലും രാഹു - ഈ ഗ്രഹസ്ഥിതി പ്രകാരം തിരുവോണം നാളുകാർക്ക് ഗുണപ്രദമായ വർഷമാണ്. പരിശ്രമങ്ങള്‍ക്ക് സമർഹമായ അംഗീകാരം ലഭിക്കും. മേലധികാരികള്‍ പ്രോല്‍സാഹിപ്പിക്കും. തൊഴില്‍ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അവിവാഹിതർക്ക് വിവാഹയോഗമുണ്ട്. ധാരാളം മാനസികോല്ലാസങ്ങളും യാത്രകളും സിദ്ധിക്കും. വൃശ്ചിക മാസത്തിലെ രാഹു-കേതുമാറ്റം സമ്മിശ്രമാണ്. രാഹു ജന്മത്തിലേക്ക് പകരുന്നത് അനാവശ്യമായ ചെലവുകള്‍, അകാരണമായ ഭയം എന്നിവയുണ്ടാക്കും. എന്നാല്‍ കേതു എട്ടില്‍ നിന്നും മാറുന്നത് കാര്യവിജയത്തിന് ഇടവരുത്തും. മൂന്നിലെ ശനി പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായകമാണ്. ഇടവമാസത്തിലെ ശനിമാറ്റത്താല്‍ കണ്ടകശ്ശനി വരും. ഗൃഹസംബന്ധമായ ചെലവുകള്‍ക്ക് സാധ്യത. തുലാം തൊട്ട് മകരം വരെ മാസങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണ്ടതുണ്ട്.
അവിട്ടം
മകരം - കുംഭം കൂറുകളില്‍ വരുന്ന നക്ഷത്രമാണ് അവിട്ടം. വ്യാഴസഞ്ചാരം മകരക്കൂറുകാർക്ക് ഏഴിലും എട്ടിലും കുംഭക്കൂറുകാർക് ആറിലും ഏഴിലുമായി വരും. ശനിക്കും രാഹുവിനും ഈ വർഷം മാറ്റമുണ്ട്. രാഹു അവിട്ടം നക്ഷത്രത്തില്‍ തന്നെ എന്നത് ശ്രദ്ധേയമാണ്. സമ്മർദ്ദങ്ങള്‍ വരാം. അകാരണ ഭയം ഉണ്ടാവും. ചർമ്മ/ സാംക്രമിക രോഗങ്ങള്‍ ഉപദ്രവകാരികളാവാനിടയുണ്ട്. പഠിച്ച വിഷയത്തില്‍ ജോലി ലഭിക്കും. വിദേശത്ത് കഴിയുന്നവരുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹൃതമാവും. കുടുംബ കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തും. ഭൂമി വാങ്ങാൻ സാധിച്ചെന്നു വരില്ല. വ്യവഹാരങ്ങള്‍ ഒഴിവാക്കുക ഉചിതം. വിവാഹം/ പുനർവിവാഹം സാധ്യമാവും. തീർത്ഥാടനം, വിനോദയാത്ര എന്നിവയില്‍ പങ്കെടുക്കുന്നതാണ്. ഗൃഹം/ കെട്ടിട നിർമ്മാണം എന്നിവയ്ക്ക് അനുകൂലതയുള്ള വർഷമാണ്.
ചതയം
ഗ്രഹനിലകളില്‍ അനുകൂലവും പ്രതികൂലവുമായ സ്ഥിതിയുണ്ട്. വ്യാഴം ആറാം ഭാവത്തില്‍ സഞ്ചരിക്കുകയാല്‍ പ്രയത്നത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കാൻ അവസരമുണ്ടാവും. പാരമ്പര്യ തൊഴിലുകള്‍ വിപുലീകരിക്കും. നേതൃരംഗത്ത് ശോഭിക്കുന്നതാണ്. കടബാധ്യതകള്‍ പരിഹരിക്കാൻ പോംവഴി തെളിയുന്നതാണ്. സ്വാശ്രയ സ്ഥാപനത്തില്‍ ജോലി ലഭിക്കാം. പേമെൻ്റ് സീറ്റിലൂടെ ഉന്നതപഠനത്തിന് അവസരം സിദ്ധിക്കും. തുലാം മുതല്‍ മകരം വരെയുള്ള മാസങ്ങളില്‍ വിവാഹസിദ്ധി ഉണ്ടാവുന്നതാണ്. കൂട്ടുസംരംഭങ്ങളിലൂടെ നേട്ടങ്ങള്‍ ആർജ്ജിക്കും. അന്യദേശ യാത്രകള്‍ക്ക് അവസരം കിട്ടാം. രാഹു ജന്മരാശിയില്‍ നിന്നും മാറുന്നത് ആശാവഹമാണ്. ശനി ഇടവത്തില്‍ മേടം രാശിയിലേക്ക് മാറുന്നതോടെ 'ഏഴരശ്ശനിക്കാലം' അവസാനിക്കും. നീണ്ടകാലത്തെ സ്വപ്നങ്ങള്‍ സാക്ഷാല്കരിക്കുന്നതാണ്. ആരോഗ്യ ജാഗ്രത അനിവാര്യമാണ്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടും.
പൂരൂരുട്ടാതി
കുംഭം - മീനം രാശികളില്‍ ഉള്‍പ്പെടുന്ന ഗ്രഹമാണ് പൂരൂരുട്ടാതി. നക്ഷത്രാധിപഗ്രഹമായ വ്യാഴം ഉച്ചസ്ഥിതിയിലാകയാല്‍ വർഷത്തിൻ്റെ സിംഹഭാഗവും നേട്ടങ്ങള്‍ വരും. എവിടെയും പരിഗണന ലഭിക്കുന്നതാണ്. കുംഭക്കൂറുകാർ ഉപജാപങ്ങളെ കരുതണം. സാമ്പത്തിക അമളികള്‍ വരാതെ നോക്കേണ്ടതുണ്ട്. മീനക്കൂറുകാർക്ക് സന്താനങ്ങള്‍ക്ക് കൈവരുന്ന ശ്രേയസ്സ് സന്തോഷമേകും. കലാരംഗത്ത് അവസരങ്ങള്‍ വന്നെത്തും. കുംഭക്കൂറുകാർക്ക് ഏഴരശ്ശനി തീരുന്ന വർഷമാണ്. രാഹു ജന്മരാശിയില്‍ നിന്നും മാറുന്നതിനാല്‍ കർമ്മതടസ്സങ്ങള്‍ അകലും. ഉപരി വിദ്യാഭ്യാസത്തില്‍ ഉയർച്ച, അർഹതയ്ക്കൊത്ത ജോലി എന്നിവ സ്വാഭാവികമാണ്. കുംഭക്കൂറുകാർക്ക് തുലാം മുതല്‍ മകരം വരെ ഗുണമേറും. മീനക്കൂറുകാർക്ക് സാമ്പത്തിക സ്വസ്ഥത വന്നെത്തും.
ഉത്രട്ടാതി
ഈ വർഷം ശനിജന്മത്തിലും രണ്ടിലും, വ്യാഴം 5, 6 ഭാവങ്ങളിലും രാഹു 11ലും 12 ലും സഞ്ചരിക്കുന്നു. പോയ വർഷം തുടങ്ങിയ കാര്യങ്ങള്‍ ഈ വർഷം പൂർത്തീകരിക്കുന്നതാണ്. സന്താനങ്ങളുടെ വിവാഹം നടക്കും. ഉദ്യോഗാർത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടില്ല. ദൂരദിക്കിലേക്ക് ട്രാൻസ്ഫറിന് സാധ്യത കാണുന്നു. കലാരംഗം പുഷ്ടിപ്പെടും. ആലസ്യവും കാര്യങ്ങള്‍ പിന്നീടത്തേക്ക് നീട്ടിവെക്കുന്ന ശീലവും തിരിച്ചടിയാവാനിടയുണ്ട്. അക്കാര്യത്തില്‍ നല്ല ശ്രദ്ധയുണ്ടാവണം. വിരമിച്ചവർക്ക് ചെറിയ വരുമാനമാർഗം തുറന്നു കിട്ടാം. മത്സരാധിഷ്‌ഠിത കരാറുകള്‍ നേടിയെടുക്കും. കുടിശ്ശിക തുക പിരിഞ്ഞുകിട്ടുന്നതായിരിക്കും. തുലാം മുതല്‍ മകരം വരെ സാമ്പത്തികമായ അമളി പിണയാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവം, രോഗാരിഷ്‌ടത ഇവ ഭവിക്കാം. വൃശ്ചികത്തിലെ രാഹുമാറ്റം ഗുണകരമാണ്. അപ്രതീക്ഷിത ധനയോഗമുണ്ട്.
രേവതി
വ്യാഴഗ്രഹത്തിൻ്റെ അനുകൂല്യത്താല്‍ ഈ വർഷം പലതരം അഭ്യുദയങ്ങള്‍ വന്നെത്തും. സ്വന്തം പ്രവർത്തനത്തിന് ആവശ്യമായ മൂലധനം സ്വരൂപിക്കാനാവും. സഹജമായ കഴിവുകള്‍ വികസിപ്പിക്കും. സന്താനങ്ങളില്ലാ ത്തവർക്ക് ശുഭവാർത്തയെത്തും. വ്യാഴം ആറില്‍ സഞ്ചരിക്കുന്ന തുലാം മുതല്‍ മകരം വരെ കൂടുതല്‍ കരുതല്‍ വേണം. സാമ്പത്തിക അമളികള്‍ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് പ്രാബല്യത്തിലെത്താം. ജന്മത്തില്‍ ശനി സഞ്ചരിക്കുന്നതിനാല്‍ മനക്ലേശം, രോഗോപദ്രവങ്ങള്‍ ഇവയുണ്ടാവാം. ദൗത്യങ്ങള്‍ നിശ്ചിത സമയത്തില്‍ പൂർത്തീകരിക്കുവാൻ കഴിയാതെ വരാം. ഇടവമാസത്തില്‍ ശനി രണ്ടില്‍ വരുകയാല്‍ കുറഞ്ഞൊരു ആശ്വാസത്തിന് വകയുണ്ട്. രാഹു പന്ത്രണ്ടില്‍ നിന്നും മാറുന്നത് അനാവശ്യ ചെലവുകള്‍ കുറയ്ക്കും. ഗൂഢമാർഗങ്ങളിലൂടെ വരുമാനം ഉയരും.

