Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളിയാണ്, പക്ഷെ തിളങ്ങുന്നത് തെലുങ്കില്‍; കോടികള്‍ പ്രതിമാസം സമ്പാദിക്കുന്ന ഈ അവതാരകയുടെ ആസ്തി എത്രയെന്നറിയാമോ?

മലയാളിയാണ്, പക്ഷെ തിളങ്ങുന്നത് തെലുങ്കില്‍; കോടികള്‍ പ്രതിമാസം സമ്പാദിക്കുന്ന ഈ അവതാരകയുടെ ആസ്തി എത്രയെന്നറിയാമോ?

തെലുങ്ക് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയാണ് സുമ കനകല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തെന്നിന്ത്യൻ മിനിസ്‌ക്രീൻ രംഗത്ത് തർക്കമില്ലാത്ത ഒന്നാം സ്ഥാനത്താണ് മലയാളിയായ ഈ അവതാരക.

നിരവധി അവതാരകർ വന്നുപോയെങ്കിലും സുമയുടെ ജനപ്രീതിക്ക് ഇന്നും ഒട്ടും മങ്ങല്‍ ഏറ്റിട്ടില്ല. തെലുങ്കിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകയാണ് സുമ.

പ്രമുഖ സിനിമാ താരങ്ങളുടെ വാർഷിക വരുമാനത്തോട് കിടപിടിക്കുന്ന തരത്തിലാണ് സുമ കനകലയുടെ ആസ്തി. 2026-ലെ ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം നൂറു കോടിയ്ക്ക് അടുത്താണ് സുമയുടെ ആസ്തി. ഒരു വർഷം ശരാശരി 12 കോടി രൂപയിലധികം സുമ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സിനിമാ പ്രമോഷനുകള്‍, വലിയ കോർപ്പറേറ്റ് ഇവന്റുകള്‍, ടെലിവിഷൻ ഷോകള്‍, സ്വന്തം യൂട്യൂബ് ചാനല്‍, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകള്‍ എന്നിങ്ങനെ വിവിധ വഴികളിലൂടെയാണ് സുമ സമ്പാദിക്കുന്നത്.

സൂപ്പർതാരങ്ങള്‍ മുതല്‍ യുവനായകന്മാർ വരെയുള്ളവരുടെ സിനിമാ പ്രമോഷൻ പരിപാടികള്‍ക്ക് സുമ കനകല തന്നെ അവതാരകയാകണം എന്ന് നിർമ്മാതാക്കള്‍ക്ക് നിർബന്ധമുണ്ട്. സുമ സ്റ്റേജിലെത്തിയാല്‍ ആ പരിപാടി വൻ വിജയമാകുമെന്ന ഉറപ്പാണ് ഇതിന് കാരണം. ഒരു സിനിമാ പരിപാടി നിയന്ത്രിക്കുന്നതിന് 4 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് സുമ ഈടാക്കുന്നത്. പരിപാടിയുടെ സ്വഭാവവും താല്പര്യവും അനുസരിച്ച്‌ ഇതില്‍ വ്യത്യാസങ്ങള്‍ വരാം. സുമയ്ക്ക് വ്യക്തിപരമായി താല്പര്യമുള്ള പ്രൊജക്റ്റാണെങ്കില്‍ 4 ലക്ഷം രൂപയും ജിഎസ്ടിയുമാണ് വാങ്ങുക. എന്നാല്‍ താല്പര്യമില്ലാത്ത പ്രൊജക്റ്റുകള്‍ ചെയ്യാൻ നിർബന്ധിതയാകുന്ന സാഹചര്യത്തില്‍ പ്രതിഫലം 6 ലക്ഷം രൂപയും ജിഎസ്ടിയുമായി ഉയരുമെന്ന് ഏഷ്യാനെറ്റ് തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ ഇവരുടെ പേഴ്സണല്‍ ടീമിന്റെ ചെലവുകള്‍ക്കായി 50,000 രൂപ വേറെയും നിർമ്മാതാക്കള്‍ നല്‍കണം. അതായത് ഒരു സിനിമാ ഇവന്റിനായി മാത്രം അണിയറപ്രവർത്തകർ സുമയ്ക്ക് ആറര ലക്ഷം രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്.

സിനിമാ പ്രമോഷന്റെ ഭാഗമായി നടത്തുന്ന പ്രത്യേക സെലിബ്രിറ്റി അഭിമുഖങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയാണ് സുമയുടെ പ്രതിഫലം. ഇവന്റുകള്‍ക്കൊപ്പം പ്രത്യേക അഭിമുഖങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വലിയ പാക്കേജുകള്‍ക്കാണെങ്കില്‍ 6.5 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വാങ്ങാറുണ്ട്. ഒരു കാലത്ത് ഒരേസമയം ഒന്നിലധികം ടെലിവിഷൻ ഷോകളുമായി മിനിസ്‌ക്രീൻ ഭരിച്ചിരുന്ന സുമ, ഇപ്പോള്‍ തന്റെ തിരക്കുകള്‍ കുറച്ചിരിക്കുകയാണ്. നിലവില്‍ ഇടിവിയില്‍ സംപ്രേഷണം ചെയ്യുന്ന 'സുമ അദ്ദ' എന്ന ജനപ്രിയ ഷോ മാത്രമാണ് അവർ ചെയ്യുന്നത്. ഈ ഷോയുടെ ഒരു എപ്പിസോഡിനായി മാത്രം സുമ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്. ഒരു മാസം നാല് എപ്പിസോഡുകള്‍ പൂർത്തിയാക്കുമ്പോള്‍ ടെലിവിഷൻ ഷോയില്‍ നിന്ന് മാത്രം പത്ത് ലക്ഷം രൂപ ലഭിക്കും.

ഒരു മാസം ശരാശരി പത്തോളം വലിയ സിനിമാ പരിപാടികളും അഭിമുഖങ്ങളും സുമ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാറുണ്ട്. ഇതിലൂടെ മാത്രം പ്രതിമാസം 60 മുതല്‍ 70 ലക്ഷം രൂപ വരെ ഇവരുടെ അക്കൗണ്ടിലെത്തും. ഇതിനൊപ്പം സോഷ്യല്‍ മീഡിയ പ്രമോഷനുകള്‍, വൻകിട ബ്രാൻഡുകളുടെ വാണിജ്യ പരസ്യങ്ങള്‍, ജനപ്രിയമായ സ്വന്തം യൂട്യൂബ് ചാനലില്‍ നിന്നുള്ള വരുമാനം എന്നിവ കൂടി ചേരുമ്പോള്‍ സുമയുടെ പ്രതിമാസ വരുമാനം ഒരു കോടി രൂപയ്ക്ക് മുകളിലാകും. കഠിനാധ്വാനവും തന്റെ പ്രവർത്തന മേഖലയിലെ മികവും കൊണ്ട് വിനോദ വ്യവസായത്തില്‍ സമാനതകളില്ലാത്ത ചരിത്രം കുറിക്കുകയാണ് സുമ കനകല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam