കേരളത്തിന്റെ പ്രകൃതിഭംഗി ലോകപ്രശസ്തമാണ്. ശാന്തമായ കായലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ കടല്‍ത്തീരങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കുമ്പോള്‍, പശ്ചിമഘട്ട മലനിരകളുടെ പച്ചപ്പും കുളിർമയും സാഹസിക സഞ്ചാരികള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്.
എന്നാല്‍ മൂന്നാറും വയനാടും പോലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കപ്പുറം, വാണിജ്യവല്‍ക്കരണത്തിന്റെ തിരക്കുകളില്‍ പെടാത്ത, പ്രകൃതി അതിന്റെ നിഗൂഢ സൗന്ദര്യം ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിരവധി മലനിരകള്‍ കേരളത്തിലുണ്ട്. കനത്ത മൂടല്‍മഞ്ഞും പച്ചപ്പുല്ല് പുതച്ച മലമേടുകളും കാട്ടരുവികളും നിറഞ്ഞ ഈ പ്രദേശങ്ങള്‍ യഥാർത്ഥ ട്രെക്കിംഗ് പ്രേമികള്‍ക്ക് ഒരു സ്വർഗ്ഗമാണ്.
നഗരത്തിരക്കുകളില്‍ നിന്ന് മാറി പ്രകൃതിയോട് അലിഞ്ഞുചേരാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഇടങ്ങള്‍ തിരഞ്ഞെടുക്കാം
പൈതല്‍മല (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ ഏറ്റവും മനോഹരവും എന്നാല്‍ അധികം പ്രശസ്തവുമല്ലാത്ത ഒരു ഹില്‍ സ്റ്റേഷനാണ് പൈതല്‍മല. കോടമഞ്ഞും തണുത്ത കാറ്റും പുല്‍മേടുകളും നിറഞ്ഞ ഈ മലനിരകള്‍ ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമാണ്. കുടിയാൻമല വഴി ഇവിടെയെത്താം. കണ്ണൂർ ടൗണില്‍ നിന്നും തളിപ്പറമ്പ് വഴിയാണ് ഇവിടേക്ക് വണ്ടി കയറേണ്ടത്.
കോട്ടഞ്ചേരി കുന്നുകള്‍ (കാസർകോട്)
കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന കാസർകോട്ടെ ഈ മലനിരകള്‍ പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. കാട്ടുചോലകളും നിബിഡ വനങ്ങളും നിറഞ്ഞ ഇവിടം സാഹസിക സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ വഴി കോട്ടഞ്ചേരിയില്‍ എത്തിച്ചേരാം.
ഉറുമ്പിക്കര (ഇടുക്കി)
വാഗമണിന് സമീപം അധികമാരുമറിയാതെ കിടക്കുന്ന ഒരു പച്ചപ്പ് നിറഞ്ഞ മലനിരയാണിത്. തേയിലത്തോട്ടങ്ങളും വ്യൂ പോയിന്റുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഉരുമ്പിക്കരയിലേക്ക് ഓഫ്-റോഡ് ജീപ്പ് സഫാരിയും ട്രെക്കിംഗും സാധ്യമാണ്. കോട്ടയം-കുമളി റോഡില്‍ കുട്ടിക്കാനം വഴി ഇവിടേക്ക് എത്താം.
റാണിപുരം (കാസർകോട്)
കേരളത്തിന്റെ 'ഊട്ടി' എന്ന് വിശേഷിപ്പിക്കാവുന്ന റാണിപുരം പച്ചപ്പുല്‍മേടുകളാലും ചോലവനങ്ങളാലും മനോഹരമാണ്. ഇവിടുത്തെ പാറക്കെട്ടുകളിലൂടെയുള്ള ട്രെക്കിംഗ് വേറിട്ട ഒന്നാണ്. കാഞ്ഞങ്ങാട് നിന്നും പനത്തടി വഴി ഇവിടേക്ക് എളുപ്പത്തില്‍ വരാം.
ഇലവീഴാപൂഞ്ചിറ (കോട്ടയം)
കോട്ടയം ജില്ലയിലെ മനോഹരമായ ഒരു മലയോര മേഖലയാണിത്. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇലകള്‍ വീഴാത്ത ഇടം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മലമുകളില്‍ നിന്നുള്ള സൂര്യോദയവും അസ്തമയവും അതിമനോഹരമാണ്. തൊടുപുഴയില്‍ നിന്നോ പാലായില്‍ നിന്നോ കാഞ്ഞാർ വഴി ഇവിടെയെത്താം.

